താന്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചും ആദ്യമായി ലൊക്കേഷനിലേക്ക് പോകുമ്പോഴുണ്ടായ മാനസികാവസ്ഥയെ കുറിച്ചും മനസുതുറക്കുകയാണ് മലയാള സിനിമയിലെ പുതുതാരം സംയുക്ത മേനോന്‍.
ആദ്യമായി ഒരു ഹീറോയുടെ കൂടെ സിനിമ ചെയ്യുന്നതിന്റെ സന്തോഷം ഒരു വശത്ത് ഉണ്ടായിരുന്നെങ്കിലും അതേസമയം തന്നെ മനസ് തന്നെ പേടിപ്പിച്ചുകൊണ്ടേയിരുന്നെന്ന് സംയുക്ത ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
‘ കൊയിലാണ്ടിയിലായിരുന്നു തീവണ്ടിയുടെ ലൊക്കേഷന്‍. അതിനായി കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ഫ്‌ളൈറ്റ് യാത്ര ഒരിക്കലും മറക്കില്ല. അതിന് മുന്‍പ് തീവണ്ടിയുടെ സംവിധായകനോ പ്രൊഡക്ഷന്‍ ടീമോ എന്നെ കണ്ടിട്ടില്ല.’ ലില്ലി’ എന്ന സിനിമയുടെ ക്ലിപ്പിങ് കണ്ടിട്ട് അവരെന്നെ വിളിച്ചു. ഫോട്ടോ അയക്കാന്‍ പറഞ്ഞു. അയച്ചുകൊടുത്തു. അതുകഴിഞ്ഞപ്പോള്‍ ലൊക്കേഷനിലേക്ക് ചെല്ലാന്‍ പറഞ്ഞു. അങ്ങനെയാണ് പോകുന്നത്.
ആദ്യമായിട്ടാണ് ഒരു ഹീറോയുടെ കൂടെ സിനിമ ചെയ്യുന്നത്. അതിന്റെ സന്തോഷം ഒരുവശത്ത്. അതേസമയം മനസ് എന്നെ പേടിപ്പിച്ചുകൊണ്ടേയിരുന്നു. ഇനി എന്നെ കണ്ടിട്ട് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ? അങ്ങനെയാണെങ്കില്‍ എന്നെ തിരിച്ചയക്കില്ലേ. എനിക്ക് ശരിക്ക് അഭിനയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ സിനിമ നഷ്ടപ്പെടുമോ? കുറേ ചിന്തകളും പേടിയും മനസിലിങ്ങനെ നിറഞ്ഞുവിങ്ങി.
ഫ്‌ളൈറ്റ് ടേക്ക് ഓഫ് ചെയ്യുമ്പോള്‍ കണ്ണ് നിറയുന്നുണ്ടായിരുന്നു. ഇപ്പോള്‍ ഓരോ സെറ്റിലേക്കും പോകുന്നത് നല്ല ആത്മവിശ്വാസത്തോടെയാണ്. കാരണം ഏത് സിനിമയാണെന്നും അത് എങ്ങനെയാണെന്നും അറിയാം. അവിടെയുള്ള ആളുകളേയും പരിചയമുണ്ട്. പക്ഷേ ഒന്നുമറിയാതെ കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ആ കുറച്ചു നിമിഷങ്ങള്‍. സന്തോഷമാണോ പേടിയാണോ എക്‌സൈറ്റ്‌മെന്റാണോ ഇന്നുമറിയില്ല എന്തായിരുന്നു ശരിക്കും മനസിലെന്ന്, സംയുക്ത പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actress Samyuktha Menon about her First Movie Experiance and Tovino Thomas