| Tuesday, 16th May 2023, 4:16 pm

അവര്‍ എനിക്ക് ചാര്‍ത്തിത്തന്ന പേരാണ് ഭാഗ്യനായിക, ആ വിളിയോട് താത്പര്യമില്ല, നാളെ ഇവര്‍ തന്നെ മാറ്റിപ്പറയും: സംയുക്ത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാലു സിനിമകള്‍ തിയേറ്ററില്‍ വന്‍ വിജയമായപ്പോള്‍ ആന്ധ്രയിലെ ആളുകള്‍ ചാര്‍ത്തി തന്ന പേരാണ് ഗോള്‍ഡന്‍ ലെഗ് അഥവാ ഭാഗ്യനായികയെന്നും എന്നാല്‍ അങ്ങനെ വിളിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും നടി സംയുക്ത.

ഒരു സ്ത്രീയുടെ വിജയം അവരുടെ ഭാഗ്യം കൊണ്ട് മാത്രമാണ് കിട്ടുന്നത് എന്ന അര്‍ത്ഥം കൂടി അതിനുണ്ടെന്നും അവര്‍ അഭിനയിച്ചു കഴിഞ്ഞാല്‍ ആ സിനിമ വിജയിക്കും എന്ന് പറയുന്നതിനോട് താന്‍ യോജിക്കുന്നില്ലെന്നും സംയുക്ത പറഞ്ഞു.

എങ്ങാനും രണ്ട് സിനിമ തിയേറ്ററില്‍ വിജയിച്ചില്ലെങ്കില്‍ ഇതേ ആളുകള്‍ തന്നെ അയേണ്‍ ലെഗ് എന്ന് വിളിക്കുമെന്നും സംയുക്ത പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംയുക്ത.

‘തുടര്‍ച്ചയായിട്ടുള്ള ഒരു വിജയം എന്ന് പറയുന്നതിനുപരി എനിക്ക് നല്ല സിനിമകള്‍ ലഭിച്ചിട്ടുണ്ട്. അതുപോലെ ചര്‍ച്ചാ വിഷയമാകുന്ന സിനിമകളും സംഭവിച്ചിട്ടുണ്ട്. കൊവിഡ് കഴിഞ്ഞ സമയത്താണ് കുറച്ച് കൂടി ഒരു വ്യത്യസ്തമായ രീതിയിലേക്ക് കരിയര്‍ കൊണ്ടുപോകണം എന്ന് തോന്നിയത്.

ആ സമയം തൊട്ടേ എനിക്ക് തെലുങ്കില്‍ സിനിമകള്‍ വരുന്നുണ്ടായിരുന്നു. അവിടെ അഭിനയിക്കാന്‍ എനിക്ക് കുറച്ച് പേടി ഉണ്ടായിരുന്നു. കേരളത്തില്‍ അഭിനയിക്കുമ്പോള്‍ നമ്മുടെ നാടാണല്ലോ എന്ന ധൈര്യമുണ്ട്. പുറത്ത് പോകുന്ന സമയത്ത് കുറച്ച് പേടി ഉണ്ടായിരുന്നു. കാര്യങ്ങള്‍ നന്നായി മുന്നോട്ടുപോയില്ലെങ്കില്‍ പ്രശ്‌നമാകും.

എനിക്ക് എന്റെ കരിയര്‍ സംരക്ഷിക്കണം, അതുകൊണ്ട് നല്ല സിനിമകള്‍ തിരഞ്ഞെടുത്തിട്ടാണ് ചെയ്തത്. അതുകൊണ്ടു തന്നെ നല്ല സിനിമകളും കഥാപാത്രങ്ങളും ചെയ്യാന്‍ പറ്റി. ഒരു നാലു സിനിമകള്‍ തിയേറ്ററില്‍ നല്ല വിജയം കൈവരിച്ചപ്പോള്‍ എനിക്ക് ചാര്‍ത്തി തന്ന പേരാണ് ഗോള്‍ഡന്‍ ലെഗ് എന്നത്. പക്ഷെ എനിക്ക് അതിനോട് തീരെ താല്‍പര്യം ഇല്ല.

അതെന്തെന്നു വെച്ചാല്‍ ഒരു സ്ത്രീയുടെ വിജയം അവരുടെ ഭാഗ്യം കൊണ്ട് മാത്രമാണ് കിട്ടുന്നത് എന്ന അര്‍ത്ഥം കൂടി അതിനുണ്ട്. അവര്‍ അഭിനയിച്ചു കഴിഞ്ഞാല്‍ ആ സിനിമ വിജയിക്കും എന്ന് പറയുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. എങ്ങാനും രണ്ട് സിനിമ തിയേറ്ററില്‍ വിജയിച്ചില്ലെങ്കില്‍ ഇതേ ആളുകള്‍ തന്നെ അയേണ്‍ ലെഗ് എന്ന് വിളിക്കും,’ സംയുക്ത പറഞ്ഞു.

മറ്റുഭാഷകളില്‍ പോയി അഭിനയിക്കുമ്പോള്‍ ഇവിടുത്തെക്കാളും ബഹുമാനം കിട്ടാറുണ്ടോ എന്ന ചോദ്യത്തിന് സംയുക്തയുടെ മറുപടി ഇങ്ങനെയായിരുന്നു.

‘ഇവിടെ നമ്മള്‍ സാധാരണ പേര് വിളിച്ചിട്ടാണല്ലോ സംസാരിക്കാറുള്ളത്. പക്ഷെ അവിടെ പൊതുവ സംസാരിക്കുന്ന സമയത്ത്, ഹിന്ദിയില്‍ നമ്മള്‍ ജി എന്ന് വിളിക്കുന്നത് പോലെ അവിടെ ആരെയെങ്കിലെയും കുറിച്ചും സംസാരിക്കുമ്പോള്‍ ഗാരു എന്ന് ചേര്‍ക്കും. അങ്ങനെയൊരു കള്‍ച്ചര്‍ അവിടെ പൊതുവെ ഉണ്ട്,’ സംയുക്ത പറഞ്ഞു.

കാര്‍ത്തിക് വര്‍മ ദണ്ടു സംവിധാനം ചെയ്ത് സുകുമാര്‍ തിരകഥയെഴുതിയ വിരൂപാക്ഷയാണ് സംയുക്തയുടെ പുതിയ ചിത്രം. സായി ധരം തേജാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏപ്രില്‍ 21 ന് റിലീസായ ചിത്രം പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

Content Highlight: Actress Samyuktha about Fans and Movie Success

We use cookies to give you the best possible experience. Learn more