ഷൈന്‍ ടോം ചാക്കോയുടെ പരാമര്‍ശങ്ങളില്‍ വിമര്‍ശനവുമായി നടി സംയുക്ത. ബൂമറാങ് ചിത്രത്തിന്റെ പ്രൊമോഷന്‍ പ്രസ് മീറ്റിനിടയില്‍ മേനോന്‍ ആയാലും നായരായാലും ചെയ്ത ജോലി പൂര്‍ത്തിയാക്കണമെന്നായിരുന്നു ഷൈന്‍ പറഞ്ഞത്.
താരത്തിന്റെ പരാമര്‍ശങ്ങള്‍ വിഷമമുണ്ടാക്കിയെന്നും താന്‍ വളരെ പുരോഗമനപരമായി എടുത്ത തീരുമാനമാണ് പേരിലെ ജാതിവാല്‍ മുറിച്ചതെന്നും വിരൂപാക്ഷ ചിത്രത്തിന്റെ പ്രസ് മീറ്റില്‍ സംയുക്ത പറഞ്ഞു.
‘അന്ന് സംസാരിച്ച വിഷയത്തില്‍ രണ്ട് കാര്യങ്ങളിലാണ് സങ്കടം തോന്നിയത്. ഒന്ന് ഞാന്‍ വളരെ പ്രോഗ്രസീവായി എടുത്ത ഒരു തീരുമാനമാണ് പേരിന്റെ കൂടെ ജാതി വാല്‍ വേണ്ട എന്നത്. ഒരിക്കല്‍ വേണ്ട എന്ന് പറഞ്ഞാല്‍ പെട്ടെന്ന് മാറുന്ന കാര്യമല്ല അത്. അതിന് ശേഷം വീണ്ടും ഒരു സ്ഥലത്ത് ചെന്നപ്പോള്‍ ജാതിവാല്‍ ചേര്‍ത്ത് തന്നെ എന്റെ പേര് വിളിച്ചിരുന്നു.
ഒരു സിനിമ പ്രൊമോട്ട് ചെയ്യാനായി ചെന്നൈയിലേക്ക് പോയപ്പോള്‍ ജാതിവാല്‍ ചേര്‍ത്ത് തന്നെ പേര് വിളിച്ചപ്പോള്‍ അരോചകമായി തോന്നി. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് പലരും ചോദിച്ചിട്ടുണ്ട്. ചിലപ്പോള്‍ ഇവിടെ ഇത് പുതുമയുള്ള തീരുമാനമാവാം. പക്ഷേ ഇതുപോലെയുള്ള തീരുമാനങ്ങളെടുത്ത എത്രയോ പേര്‍ നമ്മുടെ നാട്ടിലുണ്ട്.
പല രീതിയിലും പുരോഗമനപരമായി ചിന്തിക്കുന്ന സ്ഥലമാണ് കേരളം. അതുകൊണ്ടാണ് ഞാന്‍ ജാതിവാല്‍ മാറ്റിയത്. അത് ചോദ്യം ചെയ്യപ്പെടുന്നത് എനിക്ക് സങ്കടമുണ്ടാക്കുന്നതാണ്. സാഹചര്യം എന്തുമായിക്കോട്ടെ. അന്ന് സംസാരിച്ച സാഹചര്യം വേറെയായിരുന്നു. ഞാന്‍ പ്രോഗ്രസീവായെടുത്ത ഒരു തീരുമാനത്തെ കൂട്ടിയിണക്കിയുള്ള ഒരു വ്യാഖ്യാനം കണ്ടപ്പോള്‍ സങ്കടം തോന്നി,’ സംയുക്ത പറഞ്ഞു.
ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയത് കൊണ്ട് ശരിയാകണമെന്നില്ലെന്നായിരുന്നു ഷൈന്‍ ടോം പറഞ്ഞത്. ‘പേരൊക്കെ ഭൂമിയില്‍ നിന്ന് കിട്ടുന്നതല്ലേ. എന്ത് മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്‌ലിമായാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം.
സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളൂ. ചെയ്ത ജോലിയോട് കുറച്ച് ഇഷ്ടം കൂടുതല്‍ ഇഷ്ടം എന്നൊന്ന് ഇല്ല. ഇവരെയൊക്കെ കുത്തിത്തിരിപ്പിക്കാന്‍ ആളുകള്‍ ഉണ്ട്. ചെയ്തത് മോശമായിപോയി എന്ന ചിന്ത കൊണ്ടാണ് പ്രൊമോഷന് വരാത്തത്,’ എന്നാണ് ഷൈന്‍ ടോം ചാക്കോ പറഞ്ഞത്.
Content Highlight: Actress Samyukta criticizes Shine Tom Chacko’s remarks