ഹൈദരാബാദ്: ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ഫാമിലി മാന്‍ 2 സീരീസില്‍ അഭിനയിച്ചതിനെത്തുടര്‍ന്ന് നടി സാമന്തയ്ക്ക് നേരെ നിരവധി പേര്‍ വിമര്‍ശനങ്ങളുമായെത്തിയിരുന്നു. ഇപ്പോഴിതാ ട്വിറ്ററില്‍ സാമന്തയ്‌ക്കെതിരെ ഷെയിം ഓണ്‍ യൂ സാമന്ത എന്ന പേരില്‍ വിദ്വേഷ ക്യാംപെയിനും ആരംഭിച്ചിരിക്കുകയാണ്.
തമിഴ് പുലി പ്രവര്‍ത്തകയായി സാമന്തയെത്തുന്ന സീരീസ് തമിഴരുടെ വികാരം വ്രണപ്പെടുത്തുന്നുവെന്ന് വിമര്‍ശിച്ചായിരുന്നു നടിയ്ക്ക് നേരെ ആദ്യം ആക്രമണമുണ്ടായത്. ഇതിനുപിന്നാലെയാണ് ട്വിറ്ററില്‍ സാമന്തയ്‌ക്കെതിരെ ഹാഷ്ടാഗ് ക്യാംപെയിന്‍ ആരംഭിച്ചത്.
തമിഴ്‌നാട്ടിലെ ജനങ്ങളാണ് സാമന്തയെ അറിയപ്പെടുന്ന നടിയാക്കിയതെന്നും അവരോടാണ് നന്ദികേട് കാണിക്കുന്നതെന്നും ചിലര്‍ ട്വീറ്റ് ചെയ്തു. ചിത്രത്തില്‍ അഭിനയിച്ചതിന് സാമന്ത തമിഴ് ജനതയോട് മാപ്പു പറയണമെന്നായിരുന്നു മറ്റു ചില ട്വീറ്റ്.
എല്‍.ടി.ടി.ഇ സ്വാതന്ത്ര്യ സമരസേനാനികളുടെ സംഘടനായാണെന്നും അതിന്റെ നേതാവാണ് പ്രഭാകരനെന്നും സീരീസ് തമിഴ് ജനതയുടെ വികാരങ്ങളെ ഹനിക്കുന്നുവെന്നും ചിലര്‍ ട്വീറ്റ് ചെയ്തു.
നിങ്ങള്‍ വേണമെങ്കില്‍ ഒരു അഭിസാരികയായി അഭിനയിച്ചോളു. എന്നാല്‍ തമിഴ് ജനതയെ ഇങ്ങനെ അപമാനിക്കരുത്. ഒരു വംശത്തിന്റെ തന്നെ കാവലാളുകളാണ് എല്‍.ടി.ടി.ഇ എന്നും ചിലര്‍ ട്വിറ്ററില്‍ എഴുതി.
ഈ സീരിസില്‍ അഭിനയിച്ചതിനെതിരെ സാമന്തയ്ക്കെതിരെ നേരത്തെയും പ്രതിഷേധമുയര്‍ന്നിരുന്നു.
സീരിസില്‍ തമിഴ് പുലി പ്രവര്‍ത്തകയായിട്ടാണ് സാമന്തയെത്തുന്നത്. എന്നാല്‍ സംഘടനയെ തീവ്രവാദി സംഘടനയായിട്ടാണ് അവതരിപ്പിക്കുന്നതെന്നും തമിഴരുടെ വികാരം വ്രണപ്പെടുത്തുന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് സാമന്ത മാപ്പ് പറയണമെന്നുമായിരുന്നു പ്രതിഷേധക്കാര്‍ പറഞ്ഞത്.
You even pretend to be a prostitute..
But please do not pretend to be an Eelam female militant and slander them
— மணிகண்டன் பழனிசாமி (@Manipalani650) June 2, 2021
തമിഴ് സംവിധായകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സീമാനാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. വെബ് സീരീസ് പുറത്തിറങ്ങിയാല്‍ സാമന്തയും അണിയറ പ്രവര്‍ത്തകരും ആമസോണും അതിന്റെ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്ന് സീമാന്‍ പറഞ്ഞിരുന്നു.
ആമസോണ്‍ പ്രൈമില്‍ ജൂണ്‍ നാല് മുതല്‍ സ്ട്രീം ചെയ്യാനൊരുങ്ങുന്ന ദ ഫാമിലി മാന്‍ -2 എന്ന വെബ് സീരീസില്‍ രാജിയെന്ന കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിക്കുന്നത്.
നേരത്തെ മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാക്കാന്‍ തീരുമാനിച്ചപ്പോഴും സമാനമായ രീതിയില്‍ പ്രതിഷേധം നടന്നിരുന്നു. തമിഴ് നടനായ വിജയ് സേതുപതി സിനിമയില്‍ അഭിനയിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം.
മനോജ് ബാജ്‌പേയ് ആണ് സീരിസിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുടുംബസ്ഥനായ, അതേസമയം തീവ്രവാദ വിരുദ്ധ സേനയിലെ ഉദ്യോഗസ്ഥനുമായ ശ്രീകാന്ത് തിവാരി എന്ന കഥാപാത്രമായാണ് മനോജ് ബാജ്പേയ് ഫാമിലി മാനില്‍ എത്തുന്നത്.