വിവാഹത്തിന് വേണ്ടി അണിയിച്ചൊരുക്കേണ്ട; മകള്‍ക്ക് വിദ്യാഭ്യാസവും ആത്മവിശ്വാസവും നല്‍കൂ; പെണ്‍കുട്ടികളുടെ മാതാപിതാക്കളോട് സാമന്ത
Entertainment news
വിവാഹത്തിന് വേണ്ടി അണിയിച്ചൊരുക്കേണ്ട; മകള്‍ക്ക് വിദ്യാഭ്യാസവും ആത്മവിശ്വാസവും നല്‍കൂ; പെണ്‍കുട്ടികളുടെ മാതാപിതാക്കളോട് സാമന്ത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th October 2021, 2:40 pm

പെണ്‍കുട്ടികളുടെ മാതാപിതാക്കളോടുള്ള നിര്‍ദേശമെന്നോണം കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി സാമന്ത റുത്പ്രഭു. വിവാഹത്തേക്കാള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നാണ് മാതാപിതാക്കളെ ബോധവാന്മാരാക്കുന്ന കുറിപ്പില്‍ പറയുന്നത്.

വിവാഹം കഴിപ്പിച്ചയയ്ക്കുന്നതിന് പകരം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും സ്വന്തം കാലില്‍ നില്‍ക്കാനും അഭിപ്രായങ്ങള്‍ പറയാനും ചിന്തിക്കാനുമുള്ള കഴിവ് വളര്‍ത്തിയെടുക്കുകയുമാണ് മാതാപിതാക്കള്‍ ആദ്യം ചെയ്യേണ്ടത് എന്നാണ് സാമന്ത പറയുന്നത്. തന്റെ സുഹൃത്തിന്റെ കുറിപ്പ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

”നിങ്ങളുടെ മകളെ കഴിവുള്ളവളാക്കി മാറ്റുക, അവളെ വിവാഹം കഴിക്കാന്‍ പോകുന്നത് ആരാണെന്നോര്‍ത്ത് നിങ്ങള്‍ വിഷമിക്കേണ്ട. അവളുടെ വിവാഹത്തിനായി പണം ലാഭിക്കുന്നതിന് പകരം അത് അവളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുക.

അവളെ വിവാഹത്തിന് വേണ്ടി അണിയിച്ചൊരുക്കുന്നതിന് പകരം അവള്‍ക്ക് സന്തോഷമായി ജീവിക്കാനുള്ള സൗകര്യമൊരുക്കുക എന്നതാണ് പ്രധാനം. സ്വയം ഇഷ്ടപ്പെടാനുള്ള കഴിവും ആത്മവിശ്വാസവും മകളില്‍ വളര്‍ത്തിയെടുക്കുക. അത്യാവശ്യഘട്ടം വന്നാല്‍, ആരുടെയെങ്കിലും കഴുത്തില്‍ കുത്തിപ്പിടിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിന് തയാറാകാനും മകളെ പഠിപ്പിക്കുക,” സാമന്ത പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

കൊവിഡ് 19 ബാധിച്ചവരെ പിന്തുണച്ചുള്ള ഒരു ആര്‍ട് പ്രൊജക്റ്റിന്റെ ഭാഗമായി വരച്ച പെയിന്റിങ് ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം താരം പങ്കുവെച്ചിരുന്നു.

അടുത്തിടെയാണ് ഭര്‍ത്താവും നടനുമായ നാഗചൈതന്യയില്‍ നിന്നും വിവാഹമോചനം നേടുകയാണെന്ന വാര്‍ത്ത താരം പുറത്തുവിട്ടത്. ഒരേ പോസ്റ്റ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി പങ്കുവെച്ചായിരുന്നു ദമ്പതികള്‍ വിവാഹമോചനക്കാര്യം ആരാധകരെ അറിയിച്ചത്.

സാമന്തയും നാഗചൈതന്യയും തമ്മില്‍ പിരിയാന്‍ പോവുകയാണ് എന്ന തരത്തില്‍ ഏറെക്കാലമായി വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഇരുവരും തുടക്കത്തില്‍ പ്രതികരിച്ചിരുന്നില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Samantha shares a note for the parents of girls