ക്യൂട്ട് ഗേളായി മാത്രം അഭിനയിച്ചിരുന്ന എനിക്ക് ഫാമിലി മാനിലെ കഥാപാത്രം ഒരു റിസ്‌ക് തന്നെയായിരുന്നു; വിശേഷങ്ങളുമായി സാമന്ത
Malayalam Cinema
ക്യൂട്ട് ഗേളായി മാത്രം അഭിനയിച്ചിരുന്ന എനിക്ക് ഫാമിലി മാനിലെ കഥാപാത്രം ഒരു റിസ്‌ക് തന്നെയായിരുന്നു; വിശേഷങ്ങളുമായി സാമന്ത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th August 2021, 1:08 pm

തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിലൊരാളാണ് സാമന്ത അക്കിനേനി. തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമായിരുന്ന താരം ‘ഫാമിലി മാന്‍’ എന്ന സീരീസിലൂടെ ബോളിവുഡിലും ചുവടുവെച്ചു.

ഈ വര്‍ഷം ജൂണില്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ഫാമിലി മാന്‍ സീസണ്‍ 2ന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഇപ്പോള്‍ താരം. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാമന്ത.

മെല്‍ബണ്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ (ഐ.എഫ്.എഫ്.എം) സീരീസുകളിലെ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയതിന്റെ പശ്ചാത്തലത്തിലാണ് സാമന്തയുടെ പ്രതികരണം. സീരീസ് മികച്ച അഭിപ്രായങ്ങളും അവാര്‍ഡുകളും നേടി മുന്നേറുകയാണ്.

ഫാമിലി മാനില്‍ രാജലക്ഷ്മി ശേഖരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള തീരുമാനം എടുത്തത് ഒരു ചൂതാട്ടം പോലെയായിരുന്നെന്ന് സാമന്ത പറഞ്ഞു. താന്‍ അതുവരെ അവതരിപ്പിച്ചിരുന്ന ‘ക്യൂട്ട് ഗേള്‍’ കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നത് കൊണ്ട് തന്നെ ഈ കഥാപാത്രം തന്നെ സംബന്ധിച്ച് വലിയ റിസ്‌ക് ആയിരുന്നെന്നും താരം പറയുന്നു.

”ഒന്നുകില്‍ ഈ കഥാപാത്രം നന്നായി വരും, ശ്രദ്ധിക്കപ്പെടും അല്ലെങ്കില്‍ ഒരു ഫ്ളോപ്പ് ആവും എന്നായിരുന്നു ഞാന്‍ വിചാരിച്ചത്,” സാമന്ത പറഞ്ഞു.

സാമന്തയുടെ കഥാപാത്രമായ ‘രാജി’ ചെന്നൈയില്‍ ഒളിവില്‍ കഴിയുന്ന ഒരു എല്‍.ടി.ടി.ഇ പ്രവര്‍ത്തകയാണ്. ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഇരയായി കൊലയാളിയായി മാറിയ കഥാപാത്രമായുള്ള സാമന്തയുടെ പ്രകടനം സീരീസിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.

രാജിയുടെ കഥാപാത്രം തനിക്ക് ഒരുപാട് അഭിനന്ദനങ്ങള്‍ നേടിത്തന്നെന്നും ഇത്രയും വലിയ സ്വീകാര്യത അപ്രതീക്ഷിതമായിരുന്നെന്നും താരം പറയുന്നുണ്ട്. ”ഇത്രയും ആളുകള്‍ വിളിക്കുമെന്നും മെസേജ് അയക്കുമെന്നും ഞാന്‍ പ്രതീക്ഷിച്ചില്ല. ഇത് വരെ എന്നെ വിളിക്കാത്ത ആളുകള്‍ പോലും വിളിച്ച് അഭിനന്ദനമറിയിച്ചു,” സാമന്ത പറഞ്ഞു.

സീരീസിലെ പ്രകടനത്തിന് നടിക്ക് ഒരുപാട് പുരസ്‌കാരങ്ങള്‍ ലഭിക്കുമെന്നും ഐ.എഫ്.എഫ്.എമ്മിലെ മികച്ച നടിക്കുള്ള അവാര്‍ഡ് അതിന്റെ തുടക്കം മാത്രമാണെന്നുമാണ് പൊതുവേയുള്ള പ്രതികരണം.

”അവാര്‍ഡ് ലഭിക്കും എന്ന പ്രതീക്ഷയില്‍ ഞാന്‍ ഒരു കഥാപാത്രവും എടുക്കാറില്ല. എനിക്ക് വിശ്വാസം തോന്നുന്ന, എന്നെ മെച്ചപ്പെടുത്തുമെന്ന് തോന്നുന്ന കഥാപാത്രങ്ങളാണ് ഞാന്‍ അവതരിപ്പിക്കുക. എന്നാല്‍ അവാര്‍ഡുകള്‍ എപ്പോഴും കൂടുതല്‍ മികച്ചത് ചെയ്യാനുള്ള പ്രചോദനമാണ്. അതുകൊണ്ട് തന്നെ ഇത്തരം പുരസ്‌കാരങ്ങളോട് കടപ്പെട്ടിരിക്കുന്നു,” നടി പറയുന്നു.

കഥാപാത്രമായി മാറുന്നതിന് ശാരീരികമായും ഒരുപാട് വെല്ലുവിളികള്‍ ഉണ്ടായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. ”പരിശീലനം ലഭിച്ച ഒരു പോരാളിയുടെ വേഷമായിരുന്നു അത്. സംഭാഷണങ്ങളും കുറവാണ്. ഞാന്‍ ചെറിയൊരു ആളാണെങ്കിലും ശരീരഘടനയില്‍ കഥാപാത്രമായി മാറുന്നത് ഉറപ്പ് വരുത്തേണ്ടിയിരുന്നു. അക്കാര്യത്തെക്കുറിച്ച് ഞാന്‍ ഒരുപാട് ആലോചിച്ചിരുന്നു,” സാമന്ത പറഞ്ഞു.

കഥാപാത്രത്തിന് വേണ്ട പഠനത്തിന്റെ ഭാഗമായി ഒരുപാട് ഡോക്യുമെന്ററികളും വീഡിയോകളും കണ്ടിരുന്നെന്നും അത് ഗുണം ചെയ്തുവെന്നും താരം പറയുന്നുണ്ട്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി സീരീസിലെ തന്റെ ഫൈറ്റ് സിനുകള്‍ സാമന്ത തന്നെയാണ് ചെയ്തിരുന്നത്.

ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ തനിക്ക് ഒരുപാട് സ്വാതന്ത്ര്യം നല്‍കുന്നതായി തോന്നുന്നുണ്ടെന്നും അഭിനേതാക്കള്‍ക്ക് മാത്രമല്ല സാങ്കേതികപ്രവര്‍ത്തകര്‍ക്കും ഇത് നല്ലൊരു മാറ്റമാണെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു.

കരിയറിന്റെ പുതിയൊരു ഘട്ടത്തില്‍ കൂടുതല്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളാണ് തെരഞ്ഞെടുക്കുകയെന്നും താരം പറയുന്നു.

”സങ്കീര്‍ണവും ഒരുപാട് ലെയറുകളുള്ളതുമായ കഥാപാത്രങ്ങള്‍ ചെയ്യുമ്പൊഴേ മെച്ചപ്പെടാന്‍ സാധിക്കൂ. മനുഷ്യര്‍ വളരെ സങ്കീര്‍ണമാണ്. നമ്മുടെ മിക്കവാറും സിനിമകളും നായകനെയും നായികയെയും കാണിക്കുന്ന പോലെ കറുപ്പും വെളുപ്പും മാത്രമല്ല നമ്മള്‍ മനുഷ്യര്‍. ഇതിനിടയിലുള്ള ജീവിതത്തെ കണ്ടെത്തുന്ന കഥാപാത്രങ്ങളെയാണ് ഞാന്‍ തേടുന്നത്,” സാമന്ത പറഞ്ഞു.

രാജ് നിടിമൊരു, കൃഷ്ണ ഡി.കെ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഫാമിലി മാന്‍ സീരീസില്‍ മനോജ് ബാജ്പയി ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രിയാമണി, മലയാളി നടന്‍ നീരജ് മാധവ് എന്നിവരും മറ്റ് പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചു. ആദ്യ സീസണ്‍ 2019 സെപ്റ്റംബറിലായിരുന്നു റിലീസ് ചെയ്തത്.

ഡമ്മി പരീക്ഷണത്തിന്റെ വീഡിയോ കാണാം

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Samantha Akkineni says The Family Man was ‘scary, risky’ for her