പാവ കഥെെകളിലെ പെര്‍ഫോമന്‍സിലൂടെ ഒരിക്കല്‍ കൂടി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് നടി സായ് പല്ലവി. പാവൈ കഥകള്‍ ആന്തോളജിയിലെ വെട്രിമാരന്‍ ചിത്രമായ ഊര്‍ ഇരവ് എന്ന സിനിമയില്‍ ശക്തമായ കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ കഥാപാത്രത്തേക്കാള്‍ ശക്തമായ നിലപാടുകളുമായി രംഗത്തെത്തിയിരിക്കുകയാണ് നടി.
ദി ന്യൂസ് മിനുറ്റിന് നല്‍കിയ അഭിമുഖത്തില്‍ പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന സ്ഥാനത്തെക്കുറിച്ച് നടി വിമര്‍ശനാത്മകമായി ചൂണ്ടിക്കാണിച്ചു.
‘ ഒരു സ്ത്രീ എപ്പോഴും പുരുഷന്റെ മകളോ കാമുകിയോ ഭാര്യയോ ആയിരിക്കണം എന്ന രീതി എന്നെ വല്ലാതെ ദുഖിതയാക്കുന്നു. സ്ത്രീക്ക് അവളായി നിലനില്‍ക്കാന്‍ സാധിക്കില്ലേ.’ സായ് പല്ലവി ചോദിക്കുന്നു.
നെറ്റ്ഫ്ളിക്സിന് വേണ്ടി സുധ കൊങ്കാര, വിഗ്നേഷ് ശിവന്‍, ഗൗതം മേനോന്‍, വെട്രി മാരന്‍ എന്നിവര്‍ സംവിധാനം ചെയ്ത പാവ കഥൈകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നാല് സംവിധായകര്‍ തയ്യാറാക്കിയ നാല് സിനിമകളാണ് പാവൈകഥകളില്‍ ഉള്ളത്. ഡിസംബര്‍ പതിനെട്ടിനാണ് ചിത്രം റിലീസായത്.
പ്രണയം, അഭിമാനം, ബഹുമാനം തുടങ്ങി ബന്ധങ്ങളുടെ സങ്കീര്‍ണതയാണ് നാല് സിനിമകളിലൂടെ പറയുന്നത്. ലെസ്ബിയന്‍ പ്രണയം, ദുരഭിമാനം കൊണ്ട് ഉണ്ടാവുന്ന പ്രണയ തകര്‍ച്ച, ബന്ധങ്ങളുടെ സങ്കീര്‍ണത എന്നിവയെല്ലാം ചിത്രത്തില്‍ വിഷയമാകുന്നുണ്ട്.
ആദിത്യ ഭാസ്‌കര്‍, ഭവാനി, ഹരി, പ്രകാശ് രാജ്, സായ് പല്ലവി, ശാന്തനു ഭാഗ്യരാജ്, കാളിദാസ് ജയറാം തുടങ്ങി നിരവധി പേരാണ് ഈ ആന്തോളജി ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.
ആര്‍.എസ്.വി.പി മൂവിസും ഫ്ലൈയിംഗ് യൂണികോണ്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക