| Friday, 24th September 2021, 4:52 pm

മാതാപിതാക്കള്‍ ഈ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യണം; അത് മാത്രമാണ് എന്റെ പ്രതീക്ഷ: സായ് പല്ലവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാഗചൈതന്യ-സായ് പല്ലവി കൂട്ടുകെട്ടില്‍ ശേഖര്‍ കമ്മുല സംവിധാനം ചെയ്ത ‘ലവ് സ്റ്റോറി’ എന്ന ചിത്രം ഇന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി റിലീസ് ആയിരിക്കുകയാണ്. ‘ഫിദ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സായ് പല്ലവിയും ശേഖര്‍ കമ്മുലയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ലവ് സ്റ്റോറിക്കുണ്ട്.

ഇപ്പോള്‍ പുതിയ സിനിമയുടെ വിശേഷങ്ങളും ഒപ്പം ശേഖര്‍ കമ്മുലയുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് സായ് പല്ലവി. ഫസ്റ്റ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം സംസാരിച്ചത്.

തിരക്കഥ വായിച്ചപ്പോള്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും ഈ കഥാപാത്രം പരിചിതമായ ഒന്നായിരിക്കുമെന്ന് തോന്നിയെന്നും കൊമേഴ്‌സ്യല്‍ ചിത്രമെന്ന രീതിയില്‍ സംവിധായകന്‍ ശേഖറിന് ഇതൊരു വെല്ലുവിളിയായിരുന്നെന്നുമാണ് താരം പറഞ്ഞത്.

”ഒരു നടി എന്ന രീതിയില്‍ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് ഈ കഥാപാത്രം ഒരിക്കലും ഒറ്റപ്പെട്ട ഒന്നല്ല, മറിച്ച് എല്ലാ പെണ്‍കുട്ടികള്‍ക്കും പരിചിതമായ ഒന്നാണ് എന്നായിരുന്നു. കൊമേഴ്‌സ്യല്‍ ചിത്രങ്ങള്‍ക്ക് ഈ വിഷയത്തെ പൂര്‍ണമായും അവതരിപ്പിക്കാന്‍ സാധിക്കണമെന്നില്ല. എന്നാല്‍ ശേഖര്‍ ഗാരു അതിന് ശ്രമിച്ചു,” സായ് പല്ലവി പറയുന്നു.

സിനിമ കണ്ട് കഴിയുമ്പോള്‍ മാതാപിതാക്കള്‍ ഇതിനെക്കുറിച്ച് ചിന്തിക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സായ് പല്ലവി അഭിമുഖത്തില്‍ പറയുന്നുണ്ട്.

”സിനിമ കണ്ട് കഴിയുമ്പോള്‍ മാതാപിതാക്കള്‍ അവരുടെ കുട്ടികളോട് ചോദിക്കണം, ‘നിനക്ക് ഞങ്ങളോട് പറയാന്‍ പറ്റാതെ പോയ എന്തെങ്കിലും കാര്യമുണ്ടോ’ എന്ന്. അല്ലെങ്കില്‍ അവര്‍ സ്വയം ചോദിക്കണം ഞങ്ങളുടെ കുട്ടികളെ ഇതിലും നല്ല രീതിയില്‍ എങ്ങനെയാണ് ശ്രദ്ധിക്കാനാവുക എന്ന്. അത് മാത്രമാണ് സിനിമയെക്കുറിച്ച് എന്റെ ആകെയുള്ള പ്രതീക്ഷ,” സായ് പല്ലവി പറഞ്ഞു.

ശേഖര്‍ കമ്മുലയുമൊത്ത് മുന്‍പ് ചെയ്ത ഫിദ എന്ന ചിത്രത്തെക്കുറിച്ചും സായ് പല്ലവി ഇതില്‍ സംസാരിക്കുന്നുണ്ട്. അതിലെ ഭാനുമതി എന്ന കഥാപാത്രത്തെ തനിക്ക് പൂര്‍ണതയിലെത്തിക്കാന്‍ പറ്റുമോ എന്ന് സംശയിച്ചിരുന്നു എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ സിനിമയും സായ് പല്ലവിയുടെ കഥാപാത്രവും പിന്നീട് തെന്നിന്ത്യയൊന്നാകെ സൂപ്പര്‍ഹിറ്റായി മാറുകയായിരുന്നു.

മലയാളത്തില്‍ അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ ‘പ്രേമ’ത്തിലൂടെയായിരുന്നു സായ് പല്ലവിയുടെ സിനിമാപ്രവേശം. പിന്നീട് തമിഴിലും തെലുങ്കിലുമൊക്കെയായി ഒരുപാട് ചിത്രങ്ങള്‍ ചെയ്ത് ശ്രദ്ധ നേടിയ സായ് പല്ലവി ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും മൂല്യമേറിയ താരങ്ങളിലൊരാലാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Sai Pallavi talks about her new movie Love Story

We use cookies to give you the best possible experience. Learn more