മലയാളത്തിലൂടെ സിനിമയില്‍ അരങ്ങേറി പിന്നീട് തമിഴിലും തെലുങ്കിലും സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ചെയ്ത് തെന്നിന്ത്യയുടെ പ്രിയതാരമായി മാറിയ നടിയാണ് സായ് പല്ലവി. നല്ല നര്‍ത്തകി കൂടിയായ സായ് പല്ലവി തെരഞ്ഞെടുക്കുന്ന വേഷങ്ങള്‍ കൊണ്ടും അഭിനയമികവ് കൊണ്ടും ചുരുങ്ങിയ സമയത്തില്‍ തെന്നിന്ത്യയിലെ മൂല്യമേറിയ താരമായി വളര്‍ന്നു.
സമൂഹമാധ്യമങ്ങളില്‍ അത്ര സജീവമല്ലാത്ത താരം ഇപ്പോള്‍ അതിന്റെ കാരണങ്ങളും ഇന്‍സ്റ്റഗ്രാം അടക്കമുള്ള പ്ലാറ്റ്ഫോമുകളില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചും സംസാരിക്കുകയാണ്. ദ ന്യൂസ് മിനിറ്റിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
ഇന്ന് എല്ലാവരും സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണെങ്കിലും താന്‍ അങ്ങനെയല്ലെന്ന് താരം പറഞ്ഞു. ഇതിന്റെ ഉപയോഗം എല്ലാവരുടേയും ഉപബോധ മനസില്‍ ഉണ്ടാകുമെന്നും ഇത് മറ്റുള്ളവരുമായി സ്വയം താരതമ്യപ്പെടുത്തുന്നതിലേക്കാണ് നയിക്കുകയെന്നും അവര്‍ അഭിമുഖത്തില്‍ പറയുന്നു.
”എനിക്കറിയാം ഇത് നിങ്ങളുടെ തലച്ചോറില്‍ ഉപബോധ തലത്തിലൂടെ സഞ്ചരിക്കും. ലോകത്തെ മറ്റെല്ലാതുമായി നിങ്ങള്‍ സ്വയം താരതമ്യം ചെയ്യാന്‍ തുടങ്ങും. ഇത് എനിക്കും സംഭവിക്കാറുണ്ട്. ചില ചിത്രങ്ങള്‍ കാണുമ്പോള്‍ ഞാന്‍ എന്നെത്തന്നെ ചോദ്യം ചെയ്യാറുണ്ട്,” സായ് പല്ലവി പറയുന്നു.
താന്‍ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ഫോട്ടോകള്‍ അധികം പോസ്റ്റ് ചെയ്യാറില്ലെന്നും താരം പറഞ്ഞു. ”ഞാന്‍ വളരെ വിരളമായാണ് ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാറ്. ഇനി അഥവാ ചെയ്യുകയാണെങ്കില്‍ തന്നെ ഞാന്‍ അനുഭവിച്ചേക്കാമായിരുന്ന പിരിമുറുക്കം മറ്റൊരാള്‍ക്കും ഉണ്ടാകരുതെന്നും എനിക്ക് ആഗ്രഹമുണ്ട്” നടി പറഞ്ഞു.
താരത്തിന്റേതായി പുറത്തുവരുന്ന ഫോട്ടോകള്‍ ചിലത് ഫോട്ടോഷൂട്ടിന്റെ ഭാഗമാണെന്നും ഫോട്ടോഷോപ്പ് ചെയ്തവയാണെന്നുമൊക്കെ സായ് പല്ലവി തന്നെ തുറന്ന് പറയാറുണ്ട്. സാധാരണക്കാര്‍ ഇത് കണ്ട് സ്വയം താരതമ്യപ്പെടുത്താനും അപകര്‍ഷതാബോധം ഉണ്ടാകാതിരിക്കാനുമാണ് ഇങ്ങനെ ചെയ്യെുന്നതെന്നും പറയുന്നു.
”എനിക്ക് പറ്റുന്ന അത്രയും സത്യസന്ധമായാണ് ഞാന്‍ പെരുമാറുന്നത്. നിങ്ങള്‍ തുടര്‍ച്ചയായി ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുകയും ഇത് ഫോട്ടോഷൂട്ടിന്റെ ഭാഗമാണെന്ന് ആളുകള്‍ അറിയുകയും ചെയ്യുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഞാന്‍ അത്തരം ചിത്രങ്ങള്‍ വിരളമായേ പോസ്റ്റ് ചെയ്യാറുള്ളു. അതാണ് ഞാന്‍ എന്ന ഇംപ്രഷന്‍ ജനങ്ങളില്‍ ഉണ്ടാക്കാന്‍ എനിക്ക് താല്പര്യമില്ല,” സായ് പല്ലവി പറഞ്ഞു.
നാഗചൈതന്യക്കൊപ്പം ചെയ്ത ലവ് സ്റ്റോറിയാണ് സായ് പല്ലവിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഫിദ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ശേഖര്‍ കമ്മുലയാണ് ലവ് സ്റ്റോറിയുടേയും സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.