പാവ കഥൈകളിലെ വെട്രിമാരന്‍ സംവിധാനം ചെയ്ത ഒരു ഇരവ് എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സുമതിയെ അവതരിപ്പിച്ചുകൊണ്ട് ഒരിക്കല്‍ കൂടി സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നടിയായിരിക്കുകയാണ് സായ് പല്ലവി. സായ് പല്ലവിയുടെ അഭിനയ മികവിനൊപ്പം തന്നെ കഥാപാത്ര തെരഞ്ഞെടുപ്പും ആരാധകരും നിരൂപകരും ഒരുപോലെ അഭിനന്ദിക്കുന്ന വിഷയമാണ്. ഇപ്പോള്‍ വെട്രിമാരന്റെ തന്നെ അസുരനിലെ റോള്‍ വേണ്ടെന്നുവെച്ചതിന്റെയും പാവ കഥൈകള്‍ ചെയ്യാന്‍ തീരുമാനിച്ചതിന്റെയും കാരണം പറയുകയാണ് നടി.
‘അസുരനിലെ ഒരു റോളിന് വേണ്ടി വെട്രിമാരന്‍ സാര്‍ സമീപിച്ചിരുന്നു. പക്ഷെ അത് ഞാന്‍ വേണ്ടെന്നു വെക്കുകയായിരുന്നു. ഇതേക്കുറിച്ച് സാര്‍ തന്നെ കുറച്ച് അഭിമുഖങ്ങളില്‍ സംസാരിച്ചിട്ടുണ്ട്. അപൂര്‍വ്വം ചില സംവിധായകരുണ്ട്, അവരോടൊപ്പം കുറച്ചുകൂടെ മികച്ച റോള്‍ ചെയ്യണം, കുറച്ചു കൂടെ നല്ല വര്‍ക്കുകള്‍ അവര്‍ നിങ്ങള്‍ക്ക് തരണം എന്നുതോന്നും. ഒരു തരം അത്യാഗ്രഹമായിരിക്കാം അത്, കുറച്ചു കൂടെ നല്ലത് ചെയ്യാനുള്ള കൊതി. വെട്രി സാറിനൊപ്പം അങ്ങനെ വര്‍ക്ക് ചെയ്യണമെന്നായിരുന്നു.’ സായ് പല്ലവി പറഞ്ഞു. ഫിലിം കംപാനിയനു വേണ്ടി ഭരദ്വാജ് രംഗന്‍ നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
പാവ കഥൈകള്‍ക്ക് വേണ്ടി വെട്രി സാര്‍ പിന്നെ വന്നു. നെറ്റ്ഫ്‌ളിക്‌സിനുവേണ്ടി ചെയ്യുന്നതാണ്. 30 മിനിറ്റുള്ള ചിത്രമായിരിക്കും. താല്‍പര്യമുണ്ടോയെന്ന് ചോദിച്ചു. ഞാന്‍ ആ സ്‌ക്രിപ്റ്റ് വായിച്ചു. അത് ചെയ്യണമെന്ന് തോന്നി. ആ റോള്‍ ഞാനെങ്ങനെ ചെയ്യും സാര്‍ എങ്ങനെയാണ് അത് ചെയ്യാന്‍ പോകുന്നത് എന്നൊന്നും കാര്യമായി അറിയില്ലായിരുന്നു. അതേ കുറിച്ച് അങ്ങനെ ചിന്തിച്ചുമില്ല. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ ചെയ്യണമെന്ന് തോന്നുകയായിരുന്നുവെന്നും സായ് പല്ലവി പറഞ്ഞു.
‘വളരെ വിശദമായി എഴുതിയ സ്‌ക്രിപ്റ്റ് അല്ലായിരുന്നു അത്. ഞാനുണ്ടാകും അച്ഛനുണ്ടാകും. ഞാന്‍ നാട്ടിലേക്ക് തിരിച്ചെത്തും മരിക്കും. ഇത്രയൊക്കെയേ അറിയുമായിരുന്നുള്ളു. അതിന്റെ മറ്റു തലങ്ങളെക്കുറിച്ച് അപ്പോള്‍ അത്രയും വ്യക്തമല്ലായിരുന്നു. സെറ്റില്‍ വെച്ചാണ് എത്ര വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണെന്ന് മനസ്സിലായത്.’ സായ് പല്ലവി പറഞ്ഞു.
നെറ്റ്ഫ്ളിക്സിന് വേണ്ടി സുധ കൊങ്കാര, വിഗ്നേഷ് ശിവന്‍, ഗൗതം മേനോന്‍, വെട്രി മാരന്‍ എന്നിവര്‍ സംവിധാനം ചെയ്ത പാവ കഥൈകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നാല് സംവിധായകര്‍ തയ്യാറാക്കിയ നാല് സിനിമകളാണ് പാവൈകഥകളില്‍ ഉള്ളത്. ഡിസംബര്‍ പതിനെട്ടിനാണ് ചിത്രം റിലീസായത്.
പ്രണയം, അഭിമാനം, ബഹുമാനം തുടങ്ങി ബന്ധങ്ങളുടെ സങ്കീര്‍ണതയാണ് നാല് സിനിമകളിലൂടെ പറയുന്നത്. ലെസ്ബിയന്‍ പ്രണയം, ദുരഭിമാനം കൊണ്ട് ഉണ്ടാവുന്ന പ്രണയ തകര്‍ച്ച, ബന്ധങ്ങളുടെ സങ്കീര്‍ണത എന്നിവയെല്ലാം ചിത്രത്തില്‍ വിഷയമാകുന്നുണ്ട്.
ആദിത്യ ഭാസ്‌കര്‍, ഭവാനി, ഹരി, പ്രകാശ് രാജ്, സായ് പല്ലവി, ശാന്തനു ഭാഗ്യരാജ്, കാളിദാസ് ജയറാം തുടങ്ങി നിരവധി പേരാണ് ഈ ആന്തോളജി ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ആര്‍.എസ്.വി.പി മൂവിസും ഫ്ലൈയിംഗ് യൂണികോണ്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക