പാവ കഥൈകള്‍ എന്ന നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രത്തില്‍ ദുരഭിമാനം വിഷയമാക്കുന്ന വെട്രിമാരന്‍ സിനിമയായ ഊര്‍ ഇരവ് ചര്‍ച്ചയാവുകയാണ്. ദളിത് വിഭാഗത്തില്‍ പെട്ടയാളെ വിവാഹം കഴിച്ചതിന്റെ പേരില്‍ സ്വന്തം കുടുംബത്തില്‍ കടുത്ത വിവേചനം നേരിടേണ്ടി വരുന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സായ് പല്ലവിയെത്തുന്നത്. ചിത്രത്തില്‍ പ്രതിപാദിക്കുന്ന ബഡാഗ എന്ന വിഭാഗത്തില്‍പ്പെട്ട സായ് പല്ലവി കുട്ടിക്കാലത്തെ അനുഭവങ്ങളില്‍ നിന്നും താന്‍ മനസ്സിലാക്കിയ ജാതീയ വിവേചനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.
‘എന്റെ കമ്മ്യൂണിറ്റിയില്‍ നടന്നിരുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു എന്ന് പറയാനാവില്ല. ചെറിയ കുട്ടിയായിരുന്ന സമയം മുതല്‍ തന്നെ വലുതാകുമ്പോള്‍ ബഡാഗ സമുദായത്തില്‍ പെട്ടയാളെ വിവാഹം കഴിക്കണമെന്ന് എന്നോട് പറയുമായിരുന്നു. കുറെ പേര്‍ സമുദായത്തിന് പുറത്തുനിന്നും വിവാഹം കഴിച്ചിട്ടുണ്ട്. അവരാരും തന്നെ കോട്ടഗിരിയില്‍ ഹാട്ടിയില്‍ താമസിക്കുന്നില്ല.’ സായ് പല്ലവി ദ ന്യൂസ് മിനുറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ബഡാഗ സമുദായത്തിന് പുറത്തുള്ളയാളെ വിവാഹം കഴിച്ചാല്‍ ഗ്രാമത്തിലുള്ളവര്‍ നിങ്ങളെ വേറൊരു രീതിയിലാണ് കാണുക. അവര്‍ നിങ്ങളോട് സംസാരിക്കില്ല. ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും ക്ഷണിക്കില്ല. ശവസംസ്‌ക്കാരച്ചടങ്ങിന് പോലും വരാന്‍ അവര്‍ക്ക് അനുവാദമില്ല. ഇത് അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കാം. ആ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നവര്‍ക്ക് അവരെ ഇങ്ങനെ ഒഴിവാക്കുന്നത് സഹിക്കാനാവില്ലെന്നും സായ് പല്ലവി പറഞ്ഞു.
‘പാവ കഥൈകള്‍ ചെയ്ത ശേഷം ഞാന്‍ എന്റെ അച്ഛനോട് പറഞ്ഞു, എനിക്ക് എപ്പോഴെങ്കിലും ഇതേക്കുറിച്ച് സംസാരിക്കേണ്ടി വരും. മറ്റ് സമുദായങ്ങളെപ്പറ്റി എനിക്ക് അറിയില്ലായിരിക്കാം പക്ഷെ എന്റെ സമുദായത്തെക്കുറിച്ച് എനിക്ക് അറിയാം. സ്വന്തം സമുദായത്തില്‍ നിന്നും വിവാഹം കഴിക്കുന്നത് എല്ലായിടത്തും നടക്കുന്ന കാര്യമല്ലേയെന്നും അത് സംസ്‌ക്കാരത്തിന്റെ ഭാഗമല്ലേയെന്നുമായിരുന്നു അച്ഛന്റെ മറുപടി.
സംസ്‌കാരത്തിന്റെ പേര് പറഞ്ഞ് ഒരു കുട്ടിയെ നിങ്ങള്‍ ആഗ്രഹിക്കുന്നത് തന്നെ തെരഞ്ഞെടുക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താനാവില്ലെന്ന് ഞാന്‍ പറഞ്ഞു. ഇത് വല്ലാതെ അസ്വസ്ഥത പെടുത്തുന്ന കാര്യമാണെന്നും ഞാന്‍ പറഞ്ഞു.’ സായ് പല്ലവി വ്യക്തമാക്കി.
അച്ഛന്‍ തന്റെയും സഹോദരിയുടെയും കാര്യത്തില്‍ സ്വതന്ത്രമായി ചിന്തിക്കുമെങ്കിലും മറ്റു പെണ്‍കുട്ടികളെ കുറിച്ചും അല്ലെങ്കില്‍ സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ചും സംസാരിക്കുമ്പോള്‍ അതൊന്നും മാറ്റാന്‍ സാധിക്കില്ലെന്നാണ് പറയുകയെന്നും സായ് പല്ലവി കൂട്ടിച്ചേര്‍ത്തു.
നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി സുധ കൊങ്കാര, വിഗ്‌നേഷ് ശിവന്‍, ഗൗതം മേനോന്‍, വെട്രി മാരന്‍ എന്നിവര്‍ സംവിധാനം ചെയ്ത പാവ കഥൈകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നാല് സംവിധായകര്‍ തയ്യാറാക്കിയ നാല് സിനിമകളാണ് പാവൈകഥകളില്‍ ഉള്ളത്. ഡിസംബര്‍ പതിനെട്ടിനാണ് ചിത്രം റിലീസായത്.
പ്രണയം, അഭിമാനം, ബഹുമാനം തുടങ്ങി ബന്ധങ്ങളുടെ സങ്കീര്‍ണതയാണ് നാല് സിനിമകളിലൂടെ പറയുന്നത്. ലെസ്ബിയന്‍ പ്രണയം, ദുരഭിമാനം കൊണ്ട് ഉണ്ടാവുന്ന പ്രണയ തകര്‍ച്ച, ബന്ധങ്ങളുടെ സങ്കീര്‍ണത എന്നിവയെല്ലാം ചിത്രത്തില്‍ വിഷയമാകുന്നുണ്ട്.
ആദിത്യ ഭാസ്‌കര്‍, ഭവാനി, ഹരി, പ്രകാശ് രാജ്, സായ് പല്ലവി, ശാന്തനു ഭാഗ്യരാജ്, കാളിദാസ് ജയറാം തുടങ്ങി നിരവധി പേരാണ് ഈ ആന്തോളജി ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ആര്‍.എസ്.വി.പി മൂവിസും ഫ്‌ലൈയിംഗ് യൂണികോണ്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actress Sai Pallavi about casteism , Netflix movie Paava Kadhaigal Interview