ഒരു ചിത്രശലഭത്തെ കണ്ടാല്‍ അദ്ദേഹം അതിന്റെ പിന്നാലെ പോകും, കുട്ടികളുടെ സ്വഭാവമാണ്: സായ് പല്ലവി
Entertainment news
ഒരു ചിത്രശലഭത്തെ കണ്ടാല്‍ അദ്ദേഹം അതിന്റെ പിന്നാലെ പോകും, കുട്ടികളുടെ സ്വഭാവമാണ്: സായ് പല്ലവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th February 2023, 3:35 pm

സായ് പല്ലവി ആദ്യമായി അഭിനയിച്ച സിനിമയായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം. സിനിമയില്‍ അഭിനയിക്കുമ്പോള്‍ അല്‍ഫോണ്‍സ് തനിക്കൊരു ഉപദേശം തന്നിരുന്നു എന്ന് പറയുകയാണ് താരമിപ്പോള്‍. എന്നാല്‍ അല്‍ഫോണ്‍സിന്റെ ഉപദേശം തനിക്ക് സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്നും താരം പറഞ്ഞു.

സിനിമയില്‍ ഒരിക്കലും കരയാന്‍ പാടില്ലെന്നാണ് അല്‍ഫോണ്‍സ് തന്നെ ഉപദേശിച്ചതെന്നാണ് സായ് പറഞ്ഞത്. ഓഡീഷന് ചെന്നപ്പോഴുണ്ടായ ചില സംഭവങ്ങളും അല്‍ഫോണ്‍സിന്റെ സംവിധാന രീതിയെ കുറിച്ചും ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ സായ് പല്ലവി പറഞ്ഞു.

‘അല്‍ഫോണ്‍സ് എന്താണ് ഷൂട്ട് ചെയ്യുന്നതെന്ന് നമുക്ക് മനസിലാവില്ല. ഒരു ബുക്കില്‍ എഴുതി വെച്ചിരിക്കുന്നത് നോക്കി ചെയ്യുന്ന രീതിയല്ല അദ്ദേഹത്തിന്റേത്. ആ സമയത്ത് അദ്ദേഹത്തിന് പ്രചോദനം നല്‍കുന്നത് എന്താണോ അതിന് പിന്നാലെ പോകും. ഷൂട്ടിനിടെ ഒരു ചിത്രശലഭത്തെ കണ്ടു, അതിന്റെ പിറകെ പോയി. ഒരു കുട്ടിയെ പോലെയാണ് അല്‍ഫോണ്‍സ്.

പ്രകൃതിയുമായി ആശയവിനിമയം നടത്തുന്ന ഒരാളാണ് അദ്ദേഹം. തന്റെ ചുറ്റുപാടും നടക്കുന്നതിനെ സ്വീകരിക്കുകയും അതിനെ വരച്ചുകാട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്നയാളാണ് അല്‍ഫോണ്‍സ്. ഞങ്ങള്‍ ആദ്യം പരിചയപ്പെട്ടപ്പോള്‍ എന്താണ് എന്റെ കഴിവ് എന്താണെന്നാണ് അദ്ദേഹം ചോദിച്ചത്. ഞാന്‍ ഒരു ഡാന്‍സറാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

എന്നോട് പാടാനും കരയാനുമൊക്കെ ആവശ്യപ്പെട്ടു. ആ സമയത്ത് വളരെയധികം സമ്മര്‍ദ്ദത്തിലായിരുന്നു ഞാന്‍. ഇതിന് മുമ്പ് അഭിനയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ എന്തൊക്കെയോ കാട്ടിക്കൂട്ടി, ഒരു തുള്ളി കണ്ണുനീര്‍ വരുത്തി.

അപ്പോള്‍ അദ്ദേഹം പറഞ്ഞു, നോക്കു പല്ലവി ഒരു സ്വകാര്യ ഉപദേശം തരാമെന്ന്. സിനിമയില്‍ ഒരിക്കലും കരയാന്‍ പാടില്ല എന്നായിരുന്നു എന്നോട് അല്‍ഫോണ്‍സ് പറഞ്ഞത്. പക്ഷെ എന്റെ അടുത്ത സിനിമയായ കലിയില്‍ നേരെ തിരിച്ചാണ് സംഭവിച്ചത്. ഒരുപാട് കരയേണ്ടി വന്നു. അദ്ദേഹം വിചാരിച്ചിട്ടുണ്ടാവും അദ്ദേഹത്തിന്റെ ഉപദേശം ഞാന്‍ സ്വീകരിച്ചിട്ടില്ലെന്ന്,’ സായ് പല്ലവി പറഞ്ഞു.

content highlight: actress sai pallavi about alphonse puthran