സിനിമ, മോഡലിങ് കരിയറിനെ കുറിച്ചും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ചോദ്യങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി സാധിക വേണുഗോപാല്‍. കള്‍ച്ചറും പ്രൊഫഷനും തമ്മില്‍ കൂട്ടിക്കുഴക്കുന്നതിനോട് യോജിപ്പില്ലെന്നും പ്രൊഫഷനെ ആ രീതിയില്‍ തന്നെ സമീപിക്കണമെന്നുമാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സാധിക പറയുന്നത്.
‘സിനിമയും മോഡലിങ്ങും രണ്ടും രണ്ട് തന്നെയാണ്. ഞാന്‍ ആദ്യം മോഡലിങ് ആണ് തുടങ്ങിയത്. മോഡലിങ്ങില്‍ ക്ലൈന്റിന്റെ ആവശ്യം എന്താണോ അത് മാത്രമേ പരിഗണിക്കപ്പെടൂ. സിനിമയാണെങ്കില്‍ നമുക്ക് പറയാം, ഇത് ഇങ്ങനെയേ ചെയ്യൂ, എനിക്ക് ഇത്ര ലിമിറ്റേഷന്‍ ഉണ്ട് എന്നൊക്കെ. എന്നാല്‍ മോഡലിങ്ങില്‍ നമുക്ക് അത് പറയാന്‍ പറ്റില്ല. ഒരു മോഡലിനെ സംബന്ധിച്ച് ക്യാമറയ്ക്ക് മുമ്പില്‍ എന്തും ചെയ്യാന്‍ നമ്മള്‍ തയ്യാറാകണമെന്നതാണ്.
മോഡലിങ്ങിന്റെ കാര്യത്തില്‍ എനിക്ക് വലിയൊരു കംഫര്‍ട്ട് സോണ്‍ ഇല്ല. ഞാനൊരു ബിക്കിനി ഷൂട്ട് ഇതുവരെ ചെയ്തിട്ടില്ല. എനിക്ക് എന്നെ കാണുമ്പോള്‍, ഓക്കെ ഫൈന്‍ കംഫര്‍ട്ടാണ് എന്ന് തോന്നുന്ന എന്ത് ഡ്രസും ഞാന്‍ ഇടും. ബിക്കിനി ഇതുവരെ എനിക്ക് കംഫര്‍ട്ടാണെന്ന് തോന്നിയിട്ടില്ല.
അതുകൊണ്ട് തന്നെ ഒരു ടു പീസ് കൈന്‍ഡ് ഓഫ് സംഭവം ഞാന്‍ ചെയ്തിട്ടില്ല. അല്ലാത്ത രീതിയില്‍ എക്‌സ്‌പോസ്ഡ് ആയിട്ടുള്ള മോഡലിങ് ചെയ്തിട്ടുണ്ട്. പിന്നെ നമുക്ക് കേരളത്തിലാവുമ്പോഴുള്ള പരിമിതികള്‍ ഉണ്ട്. ഞാന്‍ മലയാളി ആയതുകൊണ്ടും കേരളത്തില്‍ താമസിക്കുന്നു എന്നതുകൊണ്ടും ആ പ്രശ്‌നമുണ്ട്. ഒരുപക്ഷേ കേരളം വിട്ട് ബെംഗളൂരുവിലോ ബോംബെയിലോ ആയിരുന്നു ഞാന്‍ ജീവിച്ചു പോന്നിരുന്നതെങ്കില്‍ തീര്‍ച്ചയായും ഞാന്‍ വേറൊരു ആളായിരിക്കും. കാരണം എന്റെ തോട്ട് പ്രോസസ് തന്നെ മാറും,’ സാധിക പറഞ്ഞു.
കേരളത്തിന്റെ സംസ്‌ക്കാരം അതിന് അനുവദിക്കുന്നില്ലെന്നാണോ എന്ന ചോദ്യത്തിന് സംസ്‌ക്കാരത്തിന്റെ വിഷയമൊന്നുമല്ല അതെന്നായിരുന്നു സാധികയുടെ മറുപടി
‘സംസ്‌ക്കാരത്തിന്റേതല്ല. ഇതൊരു പ്രൊഫഷനാണ്. സംസ്‌ക്കാരവും പ്രൊഫഷനും കൂട്ടിക്കുഴക്കരുത്. അങ്ങനെ നോക്കുകയാണെങ്കില്‍ സ്ത്രീകള്‍ ഇന്ന് ജോലിക്ക് പോകുന്നുണ്ട്. പക്ഷേ നൈറ്റ് ഷിഫ്റ്റ് വരുമ്പോള്‍ അത് ചെയ്യാന്‍ പറ്റില്ലെന്ന് പറയാനൊക്കുമോ?
ഇത് രണ്ടും രണ്ട് തലമാണ്. മോഡലിങ് എന്റെ പ്രൊഫഷനാണ്. മോഡലിങ് ഷൂട്ട് ചെയ്യുമ്പോള്‍ അവിടെ കോസ്റ്റിയൂം ആണ് വിഷയമാകുന്നതെങ്കില്‍ ഐ.ടി ഫീല്‍ഡൊക്കെ എടുക്കുമ്പോള്‍ ഡേ നൈറ്റ് ഷിഫ്റ്റ് ആയിരിക്കാം പ്രശ്‌നം. ഒരു കമ്പനി സെക്രട്ടറി വര്‍ക്ക് ആണെങ്കില്‍ ഒരു സ്ത്രീ അവരുടെ ബോസിന്റെ കൂടെ ട്രാവല്‍ ചെയ്യേണ്ടി വരും. ഒരു പെണ്‍കുട്ടി ആവുമ്പോള്‍ അത് ചോദ്യം ചെയ്യപ്പെടുന്ന കാര്യമായി വരും.
മാറ് മറക്കാന്‍ വേണ്ടി സമരം ചെയ്ത സ്ഥലത്താണ് ഇന്ന് നിങ്ങള്‍ മാറ് തുറന്ന് കാണിക്കുന്നതെന്ന് ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അതൊക്കെ ഓരോരുത്തരുടേയും താതപര്യമാണ്. അന്നത്തെ സാഹചര്യത്തില്‍ അത് ആവശ്യമായിരുന്നു.
എന്റെ പോളിസി എന്ന് പറയുന്നത് ഒരാളേയും ദ്രോഹിക്കാതിരിക്കുക, ഉപദ്രവിക്കാതിരിക്കുക. നമുക്ക് ഇഷ്ടമുള്ളത് നമ്മള്‍ ചെയ്യുക. നമ്മള്‍ കാരണം മറ്റുള്ളവര്‍ക്ക് ഉപദ്രവമില്ലാത്തിടത്തോളം കാലം മറ്റുള്ളവര്‍ അതിനെ ജഡ്ജ് ചെയ്യേണ്ട കാര്യമില്ല,’ സാധിക പറഞ്ഞു.
Content Highlight: Actress Sadhika Venugopal about Modeling Career and cinema