|

അന്ന് അന്യനിലെ നായിക; ഇന്ന് അന്യായ ഫോട്ടോഗ്രാഫര്‍

ഹണി ജേക്കബ്ബ്

തമിഴിലെ എക്കാലത്തെയും മികച്ച ബ്രഹ്‌മാണ്ഡ ചിത്രങ്ങളില്‍ ഒന്നായ അന്യന്‍ പോലൊരു ചിത്രത്തില്‍ നായികയായെത്തുന്നു. തെന്നിന്ത്യയാകെ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ വളരുന്നു. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍കുമ്പോള്‍ പെട്ടെന്നൊരു ദിവസം അപ്രത്യക്ഷയാകുന്നു. പിന്നെ വരുന്നത് സ്ത്രീകള്‍ അധികം എത്തിപ്പെടാത്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായാണ്. പറഞ്ഞുവരുന്നത് സദയെ കുറിച്ചാണ്.

അന്യനിലെ നന്ദിനിയെ ആരും അത്ര വേഗം മറക്കാന്‍ സാധ്യതയില്ല. മനോഹരമായ അഭിനയവും വശ്യമായ ചിരിയുമുള്ള ആ നായിക ഒരുകാലത്ത് തമിഴ് – തെലുങ്ക് സിനിമകളുടെ ഭാഗ്യ താരമായിരുന്നു. ജയം എന്ന ചിത്രത്തിലൂടെ 2002ലാണ് സദ എന്ന സദാഫ് മുഹമ്മദ് സയദ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് അന്യന്‍, ഉന്നാലെ, പ്രിയസഖി, തിരുപ്പതി എന്ന നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്നു. നോവല്‍ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി മലയാളത്തിലും സദ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

പെട്ടന്നായിരുന്നു സദ സിനിമയുടെ ലൈം ലൈറ്റില്‍ നിന്ന് അകലുന്നത്. സാധാരണ ആ കാലത്തുള്ള നടിമാരെല്ലാം വിവാഹശേഷം സിനിമ വിടുമ്പോള്‍ സദ അവിടെയും വ്യത്യസ്തയാണ്. സിനിമയില്‍ നിന്നും മാറി തന്റെ പാഷനായ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയിലേക്ക് സദ തിരിഞ്ഞു. ഫോട്ടോഗ്രാഹിയിലാണ് സദ ഇപ്പോള്‍ തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മികച്ച ഫോട്ടോകള്‍ താരം തന്റെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുമുണ്ട്.

കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോള്‍ സ്ത്രീകള്‍ അധികം എത്തിപ്പെടാത്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി എന്ന മേഖലയിലേക്ക് സദ തിരിയുകയും ഒരു ഹോബിക്കപ്പുറം മികച്ച വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫേഴ്‌സില്‍ ഒരാളായി മാറാന്‍ കഴിഞ്ഞുവെന്നതും ഇന്‍സ്പയറിങ്ങാണ്.

എന്നാല്‍ സദ വന്യജീവികളുടെ ഫോട്ടോയെടുക്കുന്ന വെറുമൊരു ഫോട്ടോഗ്രാഫര്‍ മാത്രമല്ല. അവരുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നല്ലൊരു മൃഗസ്‌നേഹിയും പ്രകൃതി സ്‌നേഹിയുമാണ്. താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.

ഹൈദരാബാദില്‍ ഇക്കോ പാര്‍ക്ക് തുടങ്ങാനുള്ള അധികൃതരുടെ തീരുമാനത്തിനെതിരെ യൂട്യൂബിലൂടെ സദ നടത്തിയ പ്രതികരണം മൃഗ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള തന്റെ നിലപാടുകള്‍ വ്യക്തവും ശക്തവുമാണെന്ന് തെളിയിക്കുന്നതാണ്.

സദയുടെ ഭക്ഷണരീതി പോലും പ്രകൃതിക്കായി മാറ്റി. ചുറ്റിലുമുള്ള ഒരു ജീവന്‍പോലും യാതൊരുവിധേനെയും നോവിക്കാതെയുള്ള ‘വീഗനിസം’ താരം ഫോളോ ചെയ്യുന്നുണ്ട്. രുചികരമായ വീഗന്‍ രുചിക്കൂട്ടുകള്‍ പരിചയപ്പെടുത്താനായി ‘സദാസ് ഗ്രീന്‍ ലൈഫ് (sadaa’s green life) എന്ന യൂട്യൂബ് ചാനലും സദക്കുണ്ട്.

പാഷന്‍ ഹോബ്ബിയാക്കി മാറ്റാതെ അതിന് വേണ്ടി തന്റെ മുഴുവന്‍ സമയവും മാറ്റിവെച്ച് ഹാപ്പിയായി ജീവിക്കുന്ന സദ നിരവധി പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാണ്.

Content Highlight: Actress Sadaa now famous as wild life photographer

ഹണി ജേക്കബ്ബ്

ഡൂള്‍ന്യൂസില്‍ ട്രെയിനി സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം

Video Stories