മകളെ വിട്ട് നാട്ടില്‍ വന്ന് അഭിനയിക്കുന്നതിന്റെ പേരില്‍ പലരും തന്നെ ചീത്ത വിളിച്ചിട്ടുണ്ടെന്ന് നടി സബിത ജോര്‍ജ്. പതിനാല് വയസുള്ള പെണ്‍കുട്ടിയെഒറ്റക്ക് വിട്ടാണ് താന്‍ അഭിനയിക്കാന്‍ നാട്ടില്‍ വന്നിരിക്കുന്നത് എന്നൊക്കെ പറഞ്ഞാണ് പലരും തന്നെ ചീത്ത വിളിക്കുന്നതെന്ന് സബിത പറഞ്ഞു.
അതിന്റെ പേരില്‍ കുടുംബക്കാര്‍ പോലും തന്നെ ചീത്ത വിളിക്കുന്നുണ്ടെന്നും അവരുടെയൊക്കെ അഭിപ്രായം കേള്‍ക്കാറുണ്ടെങ്കിലും ഫൈനല്‍ ഡിസിഷന്‍ ഒറ്റക്കാണ് എടുക്കാറുള്ളതെന്ന് സബിത പറഞ്ഞു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സബിത ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”മോള്‍ ഇനി അവളുടെ കാര്യം നോക്കണം, എനിക്ക് എന്റെ പാഷനായിട്ട് മുന്നോട്ട് പോകണമെന്ന് ഞാന്‍ അവളോട് പറഞ്ഞു. അതിന് ശേഷമാണ് ഞാന്‍ ചക്കപ്പഴത്തില്‍ ജോയിന്‍ ചെയ്യുന്നത്. അതൊരു മാതൃകാപരമായ തീരുമാനമാണെന്ന് പലരും പറയില്ല.
ഒരുപാട് ആളുകള്‍ എന്നെ അതിന്റെ പേരില്‍ ചീത്ത വിളിച്ചിട്ടുണ്ട്. എന്റെ കുടുംബക്കാര് പോലും ചീത്ത വിളിച്ചു. പതിനാല് വയസുള്ള ഒരു പെണ്‍കൊച്ചിനെ അവിടെ ഇട്ടിട്ട് വന്നിട്ട് ആക്ടിങ് എന്ന് പറഞ്ഞ് നാട്ടില്‍ വന്നിരിക്കുന്നു എന്നാണ് അവരൊക്കെ പറഞ്ഞുകൊണ്ടിരുന്നത്. അവിടെ ഡോളര്‍ കിട്ടികൊണ്ട് നിന്നതല്ലെ. നിങ്ങള്‍ക്ക് പ്രാന്താണോ ഇവിടെ വന്ന് കഷ്ടപ്പെടാന്‍ എന്നും ചോദിച്ചു.
എല്ലാവരുടെയും അഭിപ്രായം ഞാന്‍ കേള്‍ക്കാറുണ്ട്. പക്ഷെ ഫൈനല്‍ ഡിസിഷന്‍ ഞാനാണ് എടുക്കുക. അതിനുള്ളൊരു സെറ്റപ്പിലാണ് ഞാന്‍ ജീവിക്കുന്നത്. ഒറ്റക്കായത് കൊണ്ട് കുഴപ്പമില്ല. എല്ലാം പെര്‍ഫക്ടാണെന്ന് ഞാന്‍ പറയുന്നില്ല. ചില സമയത്ത് മോളെന്നെ മിസ് ചെയ്യുന്നുണ്ട്. എനിക്ക് അവളെയും മിസ് ചെയ്യുന്നുണ്ട്,” സബിത ജോര്‍ജ് പറഞ്ഞു.
content highlight: actress sabitha jeorge about her daughter