| Friday, 17th February 2023, 5:46 pm

കാസ്റ്റിങ് കൗച്ച്; നോ പറഞ്ഞാല്‍ പ്രശ്‌നം തീരുമോ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാസ്റ്റിങ് കൗച്ചിനെ കുറിച്ചും മീ ടുവിനെ കുറിച്ചും നിരവധി നടിമാര്‍ വളരെ ധൈര്യത്തോടെ ഇപ്പോള്‍ സംസാരിക്കാറുണ്ട്. ചിലര്‍ തുറന്നുപറച്ചിലുകള്‍ക്കൊപ്പം കാസ്റ്റിങ് കൗച്ചിനെതിരെ ധീരമായ നിലപാട് എടുക്കുമ്പോള്‍ ചിലരുടെ പരാമര്‍ശങ്ങള്‍ വിവാദമാകാറുണ്ട്. കാസ്റ്റിങ് കൗച്ചിനെ പറ്റി ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത് നടി യമുന റാണിയാണ്.

‘നേരിട്ടും അല്ലാതെയും ആളുകള്‍ ചോദിക്കും. എങ്ങനെ നില്‍ക്കണം എന്നുള്ളത് നമ്മളുടെ തീരുമാനമാണ്. നമ്മള്‍ ഏത് വഴി തിരഞ്ഞെടുത്ത് സിനിമയില്‍ വരണമെന്നത് നമ്മളുടെ തീരുമാനമാണെന്നാണ് യമുന റാണി പറയുന്നത്.

നമ്മളെ ഒരാള്‍ ചായ കുടിക്കാനോ കോഫി കുടിക്കാനോ ഡിന്നറിനോ വിളിച്ചാല്‍ പോകണമോ വേണ്ടയോ എന്നത് നമ്മളുടെ തീരുമാനമാണ്. ചായ കുടിക്കാന്‍ പോകുന്നുണ്ടെങ്കില്‍ അത് നമ്മളുടെ തീരുമാനമാണ്. ആരും നിര്‍ബന്ധിച്ച് കോഫി കുടിക്കാനും കൊണ്ടുപോകുന്നില്ല, ഡിന്നറിനും കൊണ്ടുപോകുന്നില്ല,’ എന്നും യമുന റാണി പറയുന്നു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന ചാനലിലാണ് യമുനയുടെ പരാമര്‍ശങ്ങള്‍.

കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട് ചില നടിമാര്‍ കൂടി സംസാരിച്ചത് ഒന്ന് പരിശോധിക്കാം. ഇതിന് മുമ്പ് കാസ്റ്റിങ് കൗച്ചിനെ പറ്റി പറഞ്ഞ് വലിയ വിവാദം സൃഷ്ടിച്ചത് സ്വാസികയാണ്.

‘നോ പറയേണ്ടിടത്ത് നോ പറഞ്ഞാല്‍ ഒരാളും നമ്മുടെ അടുത്ത് വന്ന് നിര്‍ബന്ധിച്ച് ഒന്നും ചെയ്യില്ല. നമ്മള്‍ ലോക്ക് ചെയ്ത മുറി നമ്മള്‍ തന്നെ തുറന്ന് കൊടുക്കാതെ മറ്റൊരാളും അതിനുള്ളിലേക്ക് കടന്നുവരില്ല. നമ്മളെ ബലം പ്രയോഗിച്ച് റൂമിലേക്ക് വലിച്ച് കയറ്റി ഒരാള്‍ റേപ്പ് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മളോട് അവര്‍ ചോദിക്കുകയാണ് ചെയ്യുക. അതിനെ എതിര്‍ക്കാനുള്ള കഴിവ് എല്ലാ പെണ്ണുങ്ങള്‍ക്കുമുണ്ട്. വേറെ ഏത് സ്ഥലത്ത് ജോലി ചെയ്യുന്നതിനേക്കാളും ഏറ്റവും സുരക്ഷിതമായി നമുക്ക് ജോലി ചെയ്യാന്‍ സാധിക്കുന്ന സ്ഥലം സിനിമയാണ്,’ എന്നാണ് സ്വാസിക പറഞ്ഞത്.

അറിയപ്പെടുന്ന ഒരു നടി ആകുന്നതുവരെ പല പുതുമുഖങ്ങള്‍ക്കും പല തരത്തിലുളള ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വരുന്നുണ്ടെന്നും മോശമായ രീതിയിലുളള സംസാരവും സമീപനവും തുടക്കകാലത്ത് സിനിമാ രംഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്നും ഹണി റോസും പറഞ്ഞിട്ടുണ്ട്. അതേസമയം, നമ്മുടെ വ്യക്തിത്വത്തില്‍ തന്നെ ഉറച്ചുനിന്നാല്‍ കാസ്റ്റിങ് കൗച്ച് ഒന്നും ഒരു വിഷയമാകില്ലെന്നും ഹണി പറഞ്ഞിരുന്നു.

ഇവര്‍ മൂന്ന് പേരും സംസാരിക്കുന്നതിലുള്ള ഒരു പൊതുകാര്യം എന്താണെന്നാല്‍ സ്വയം കരുതലെടുത്താല്‍ നമുക്കൊന്നും പറ്റില്ല എന്നതാണ്. അവരുടെ വാക്കുകളില്‍ നിന്നും മനസിലാകുന്നത് പറഞ്ഞാല്‍ സിനിമാ മേഖലയില്‍ കാസ്റ്റിങ് കൗച്ച് ഒരു സാധാരണ കാര്യമാണ്. അതായത് ഒരു റോളിന് പകരം സെക്ഷ്വല്‍ ഫേവര്‍ ചോദിക്കുന്നതില്‍ വലിയ പ്രശ്‌നമില്ല. അതിന് യെസോ നോയോ പറയേണ്ടത് സ്ത്രീകളാണ്.

സ്ത്രീകള്‍ നോ പറഞ്ഞാല്‍ പ്രശ്‌നം തീരുമോ? സെക്ഷ്വല്‍ ഫേവര്‍ ചോദിക്കുന്നതിന് അവസാനമുണ്ടാകേണ്ടേ? സെക്ഷ്വല്‍ ഫേവര്‍ ചോദിക്കുന്നത് ഒരു തെറ്റാണെന്നോ അങ്ങനെ ചോദിക്കുന്നവര്‍ ശിക്ഷിക്കപ്പെടണമെന്നോ അവരെ പൊതുസമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കണമെന്നോ ഇവരുടെ ആരുടെയും സംസാരത്തിലില്ല. നോ പറയുമ്പോള്‍ നഷ്ടമാവുന്ന റോളുകളെ പറ്റിയോ തകര്‍ന്നു പോയേക്കാവുന്ന കരിയറിനെ പറ്റിയോ ഒന്നും പറയുന്നില്ല. പകരം പറയുന്നതോ, സ്ത്രീയെ സ്ത്രീ തന്നെ സൂക്ഷിക്കുക.

സെക്ഷ്വല്‍ ഫേവര്‍ ആവശ്യപ്പെടുന്നത് ഒരു പ്രമുഖ സംവിധായകനോ നിര്‍മാതാവോ നടനോ ആണെങ്കിലോ ചോദിക്കുന്നത് ഒരു പുതുമുഖ നടിയോടോ ആണെങ്കിലോ അവര്‍ക്ക് എത്രത്തോളം എതിര്‍ത്ത് നില്‍ക്കാനാവുമെന്നതും അവര്‍ക്ക് അത് തുറന്ന് പറയാനുള്ള ധൈര്യം വരുമോ എന്നുള്ളതും ആലോചിക്കേണ്ടതാണ്. യമുന റാണിയും നയന്‍താരയും വരെയുള്ള നടിമാര്‍ ഇപ്പോഴാണ് കാസ്റ്റിങ് കൗച്ചിനെ പറ്റി തുറന്ന് പറഞ്ഞത്. ഇത്രയും നാള്‍ പറയാതിരുന്നതിന് ന്യായമായ കാരണങ്ങളുമുണ്ടാവും. അവസരങ്ങളും കരിയറും നശിച്ചുപോകുമെന്ന ഭയത്തില്‍ ഒന്നും തുറന്ന് പറയാന്‍ സാധിക്കാത്ത എത്രയോ സ്ത്രീകള്‍ സിനിമക്കകത്തും പുറത്തും കാണും. സെക്ഷ്വല്‍ ഫേവര്‍ ചോദിച്ചവരൊക്കെ ഇപ്പോഴും സ്വതന്ത്രരായി വിഹരിക്കുന്നുമുണ്ടാവും.

ഇനിയും സ്ത്രീകള്‍ സ്വയം എടുക്കേണ്ട സൂക്ഷ്മതയില്‍ വ്യാകുലപ്പെടാതെ സെക്ഷ്വല്‍ ഫേവര്‍ ആവശ്യപ്പെടുന്നവരുടെ മുഖങ്ങള്‍ പുറത്ത് വരണം എന്ന് പറയാനുള്ള ധൈര്യം നടിമാരും നടന്മാരും അടങ്ങുന്ന സിനിമാക്കാര്‍ക്ക് ഉണ്ടാകട്ടെ.

Content Highlight: actress’s opinion on casting cough

We use cookies to give you the best possible experience. Learn more