| Tuesday, 8th March 2022, 4:07 pm

ആ ദളിത് കഥാപാത്രം എന്നെ തേടി വന്നതിന് കാരണം എന്റെ നിറമായിരിക്കാം; ഗ്ലാമറസ് വേഷം ചെയ്യുന്നവരൊന്നും വേലക്കാരിയുടെ വേഷം ചെയ്യില്ല: രോഹിണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു സിനിമ തെരഞ്ഞെടുക്കുമ്പോള്‍ അതില്‍ തന്റെ കഥാപാത്രം എത്രമാത്രം സ്വാധീനമുണ്ടാക്കുന്നു എന്ന് മാത്രമാണ് നോക്കാറുള്ളതെന്ന് നടി രോഹിണി.

ഇക്കാര്യത്തില്‍ തനിക്ക് പ്രചോദനമായിട്ടുള്ളത് നെടുമുടി വേണുച്ചേട്ടനും ഗോപി ചേട്ടനും രഘുവരനുമാണെന്നും കഥാപാത്രം വലുതായാലും ചെറുതായാലും അവരെല്ലാം അതില്‍ തിളങ്ങുമെന്നും രോഹിണി പറയുന്നു.

ജിയോ ബേബി സംവിധാനം ചെയ്ത ആന്തോളജിയായ ഫ്രീഡം ഫൈറ്റിലെ ഓള്‍ഡ് ഏജ് ഹോം എന്ന ചിത്രത്തിലെ ധനു എന്ന കഥാപാത്രത്തെ കുറിച്ച് സംസാരിക്കവേയായിരുന്നു രോഹിണി ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ എന്റെ ഹൃദയം പറയുന്നത് കേട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. ഗ്ലാമറസ് വേഷം ചെയ്യുന്നവരൊന്നും വേലക്കാരിയുടെ വേഷം ചെയ്യില്ല. ഏത് വേഷം ചെയ്യുന്നതിനും എനിക്ക് പ്രശ്‌നമില്ല. ചില സിനിമയില്‍ ഞാന്‍ ദളിത് സ്ത്രീയായി അഭിനയിച്ചു. ആ കഥാപാത്രം എന്നില്‍ വന്നതിന് എന്റെ നിറം കൂടെ കാരണമാകാം.

കഥാപാത്രത്തിലൂടെ ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുന്നത് എനിക്ക് വലിയ അഭിമാനമുള്ള കാര്യമാണ്. ഏതുതരം വേഷങ്ങള്‍ക്കായും എന്നെ സമീപിക്കാനുള്ള സ്വാതന്ത്ര്യം സംവിധായകര്‍ക്ക് നല്‍കിയിട്ടുണ്ട്. അത്തരം കഥാപാത്രങ്ങള്‍ ചെയ്യാനുള്ള അവസരം ഞാന്‍ ഒരിക്കലും നഷ്ടപ്പെടുത്തില്ല, രോഹിണി പറയുന്നു.

സമൂഹത്തിലെ ഏത് വിഭാഗത്തെ നോക്കിയാലും അവഗണന കാണാം. ഓള്‍ഡ് ഏജ് ഹോമില്‍ മകന്‍ ഉപേക്ഷിക്കുന്ന അമ്മയുടെ കഥാപാത്രമായിരുന്നു എന്റേത്. കുടുംബം അവഗണിക്കുന്ന അച്ഛന്റെ കഥാപാത്രമാണ് ജോജുവിന്റേത്. ഇവര്‍ തമ്മിലുണ്ടാകുന്ന മനോഹരമായ സൗഹൃദം. ധനു എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഞാന്‍ അധികം ബുദ്ധിമുട്ടിയില്ല.

പ്രേക്ഷകര്‍ സിനിമ കാണുമ്പോള്‍ പരിചിതം തോന്നി എന്നതാണ് കഥാപാത്രത്തിന്റെ വിജയം. ഈ ചിത്രത്തിന്റെ താളത്തിനൊത്ത ശ്രുതിയിലാണ് എല്ലാവരും അഭിനയിച്ചത്. അഭിനേതാക്കളുടേത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് സംവിധായകന്‍ ജിയോ ബേബിയുടെ പങ്ക്. ജിയോ ഈ കഥ ആവിഷ്‌ക്കരിച്ചതിന്റേയും ദൃശ്യവത്ക്കരിച്ചതിന്റേയും രീതിയാണ് ഏറ്റവും വലിയ പ്രത്യേകത,’ രോഹിണി പറയുന്നു.

Content Highlight: Actress Rohini About her roles and characters

We use cookies to give you the best possible experience. Learn more