| Friday, 18th February 2022, 10:57 am

ചില കാര്യങ്ങള്‍ ഞാന്‍ പരിഗണിക്കാറുണ്ട്, അതില്‍ വിട്ടുവീഴ്ചയില്ല; ഓള്‍ഡ് ഏജ് ഹോമിലെ തനുവായതിനെ കുറിച്ച് രോഹിണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ 38 വര്‍ഷമായി ഇന്ത്യന്‍ സിനിമയുടെ ഭാഗമാണ് നടി രോഹിണി. ചെറുതും വലതുമായ ഒട്ടനവധി വേഷങ്ങളിലൂടെയെത്തി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഒരു സ്ഥാനം നേടിയെടുക്കാന്‍ രോഹിണിക്കായിട്ടുണ്ട്.

അഭിനേത്രി എന്നതിനപ്പുറം സംവിധായികയായും ഗാനരചതിയാവായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും രേവതി സിനിമയിലെ തന്റെ യാത്ര തുടരുകയാണ്. മലയാള സിനിമയില്‍ നിന്നും വരുന്ന മികച്ച ഓഫറുകളെല്ലാം കഥാപാത്രങ്ങളുടെ വലുപ്പച്ചെറുപ്പം നോക്കാതെ സ്വീകരിക്കുന്ന താരം കൂടിയാണ് രോഹിണി.

അടുത്തിടെ സോണി ലിവില്‍ പുറത്തിറങ്ങിയ ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയില്‍ ജിയോ ബേബി സംവിധാനം ചെയ്ത ഓള്‍ഡ് ഏജ് ഹോം എന്ന ചിത്രത്തിലെ തനു എന്ന വീട്ടുജോലിക്കാരിയുടെ വേഷവും രോഹിണി മനോഹരമാക്കിയിരുന്നു.

തന്നെ സംബന്ധിച്ച് കഥാപാത്രത്തിന്റെ വലിപ്പചെറുപ്പം വിഷയമേ അല്ലെന്നും ഫെര്‍ഫോം ചെയ്യാനുള്ള സാധ്യതയുണ്ടോ എന്നത് മാത്രമാണ് നോക്കുകയെന്നുമാണ് രോഹിണി പറയുന്നത്. മാതൃഭൂമി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഓള്‍ജ് ഏജ് ഹോമില്‍ എത്തിയതിനെ കുറിച്ച് രോഹിണി മനസുതുറക്കുന്നത്.

‘എന്നെ സംബന്ധിച്ച് അവതരിപ്പിക്കുന്ന കഥാപാത്രം എത്ര നേരം സ്‌ക്രീനിലുണ്ട് എന്നതല്ല സിനിമകള്‍ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം.

കഥാപാത്രത്തിന്റെ വലിപ്പചെറുപ്പം വിഷയമേ അല്ല. വെറും രണ്ട് മിനിറ്റാണെങ്കില്‍ കൂടി, ആ കഥാപാത്രം എത്രത്തോളം ഇന്റന്‍സ് ആണ്, ഒരു അഭിനേത്രി എന്ന നിലയില്‍ എനിക്ക് എക്സൈറ്റ്മെന്റ് നല്‍കുന്നതാണോ, പെര്‍ഫോം ചെയ്യാനുള്ള സാധ്യതകളുണ്ടോ എന്ന കാര്യങ്ങള്‍ പരിഗണിച്ചാണ് തെരഞ്ഞെടുക്കാറുള്ളത്. അതിലെനിക്ക് വിട്ടുവീഴ്ചയില്ല. ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രമെല്ലാം അതിനുദാഹരണമാണ്,’ രോഹിണി പറയുന്നു.

‘സംവിധായകന്‍ ജിയോ ബേബി തന്നെയാണ് എന്നെ ചിത്രത്തിലേക്ക് വിളിച്ചത്. തനു എന്ന വീട്ടുജോലിക്കാരിയുടെ കഥാപാത്രമുണ്ടെന്നും കഥ കേള്‍ക്കാമോ എന്നും ചോദിച്ചു. വണ്‍ലൈന്‍ കേട്ടപ്പോള്‍ തന്നെ എനിക്ക് വളരെയേറെ താല്‍പര്യം തോന്നി. അങ്ങനെയാണ് സിനിമയിലേക്കെത്തുന്നത്.

വളരെ പ്രോഗ്രസീവായ സിനിമകളാണ് മലയാള സിനിമയില്‍ വന്നുകൊണ്ടിരിക്കുന്നത്. ആശയപരമായി വളരെ മികച്ചു നില്‍ക്കുന്ന സിനിമകള്‍. പുതിയ സംവിധായകന്‍, പുതിയ ചിന്തകളുമായി വരുന്നു. യാഥാര്‍ഥ്യത്തോട് ഏറെ അടുത്തു നില്‍ക്കുന്നവയാണ് മലയാള സിനിമകള്‍. കൊവിഡ് കാലത്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ ഇറങ്ങിയ മലയാള സിനിമകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എല്ലാം അതിനുദാഹരണമാണ്. അതേ ടീമിനൊപ്പം തന്നെ സിനിമ ചെയ്യാന്‍ സാധിച്ചതില്‍ വളരെയേറെ സന്തോഷം തോന്നുന്നു,’ രോഹിണി പറഞ്ഞു.

Content Highlight: Actress Rohini about her Chracter on Jeo Baby Freedom Fight Movie

We use cookies to give you the best possible experience. Learn more