|

അവിടെ എനിക്ക് കിട്ടിയ സ്വീകരണം കണ്ട് ഞാന്‍ അത്ഭുതപ്പെട്ട് പോയി, മികച്ച നടിയാകാന്‍ എന്നെയത് സഹായിച്ചു: റിതിക സിങ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യന്‍ സിനിമയിലൂടെ ജനശ്രദ്ധ നേടിയ നടിയാണ് റിതിക സിങ്. മുംബൈയില്‍ ജനിച്ച് വളര്‍ന്ന റിതിക ആദ്യം അഭിനയിച്ചത് ബോളിവുഡ് സിനിമയിലാണെങ്കിലും താരം എന്ന രീതിയിലേക്ക് വളരാന്‍ സാധിച്ചത് തമിഴ് സിനിമകളിലൂടെയാണ്. അതിനെ കുറിച്ച് സംസാരിക്കുകയാണ് റിതിക.

തമിഴ് സിനിമയില്‍ തനിക്ക് ലഭിച്ച സ്വീകരണം കണ്ട് അത്ഭുതപ്പെട്ട് പോയെന്നും എന്നും ആ പ്രേക്ഷകരോട് തനിക്ക് നന്ദിയുണ്ടെന്നും താരം പറഞ്ഞു. തനിക്ക് ഒട്ടും പരിചയമില്ലാത്ത ഭാഷയാണ് തമിഴെന്നും സിനിമ തെരഞ്ഞെടുക്കുമ്പോള്‍ ഭാഷയ്ക്കപ്പുറം തിരക്കഥയാണ് താന്‍ പരിഗണിക്കുന്നതെന്നും പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ റിതിക പറഞ്ഞു.

‘തമിഴ് സിനിമയില്‍ എനിക്ക് ലഭിച്ച സ്വീകരണം കണ്ട് ഞാന്‍ തന്നെ അത്ഭുതപ്പെട്ടു. അവര്‍ എന്നെ ഇപ്പോഴും സ്വീകരിക്കുന്നു. എപ്പോഴും എനിക്ക് അവരോട് നന്ദിയുണ്ടായിരിക്കും. കാരണം ഞാന്‍ സംസാരിക്കാത്ത ഒരു ഭാഷയിലാണ് അഭിനയിച്ചത്. ഒരു മികച്ച നടിയാകാന്‍ എന്നെ അത് സഹായിച്ചു.

ഭാഷ ഒരു തടസമല്ല മറിച്ച് തിരക്കഥയും നല്ല ടീമുമാണ് പ്രധാനം. നല്ല തിരക്കഥയും നല്ല ടീമും ലഭിക്കുന്നിടത്തോളം കാലം എല്ലാ ഭാഷകളിലും അഭിനയിക്കാന്‍ ഞാന്‍ തയാറാണ്. ഹിന്ദിയില്‍ അത് സംഭവിക്കുന്നതിനായി കാത്തിരിക്കുകയാണ്. എല്ലാം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ റിതിക സിങ് പറഞ്ഞു.

മാധവന്‍ നായകനായ ഇരുതി സുട്ര് എന്ന സിനിമയിലൂടെയാണ് താരം തമിഴിലേക്ക് വരുന്നത്. തുടര്‍ന്ന് ആണ്ടവന്‍ കട്ടളൈ, ഓ മൈ കടവുളൈ, നീവേവാരോ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിലെ റിതികയുടെ രണ്ടാമത്തെ ചിത്രമായ ‘ഇന്‍ കാര്‍’ ആണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ഇന്‍കാര്‍ റിലീസ് ചെയ്യുന്നത്. നവാഗതനായ ഹര്‍ഷ് വര്‍ദ്ധന്റെ ആദ്യ ചിത്രമാണിത്. ഹരിയാനയിലെ ഒരു ദേശീയ പാതയില്‍ ഓടുന്ന കാറില്‍ സംഭവിക്കുന്ന കഥയാണ് പറയുന്നത്. കോളേജ് വിദ്യാര്‍ഥിനിയായ സാക്ഷി ഗുലാത്തിയെ മൂന്ന് പേര്‍ തട്ടിക്കൊണ്ട് പോവുകയും തുടര്‍ന്ന് സാക്ഷി നടത്തുന്ന അതിജീവന യാത്രയാണ് ഇന്‍ കാറിന്റെ പ്രമേയം.

content highlight: actress rithika singh about tamil movie