കൊച്ചി: ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കല്‍. ഈ തലമുറ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വൈറസ് ആക്രമണത്തിനെതിരെ ഒരു ജനത മുഴുവന്‍ പോരാടുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്ക് ഒരു രാജ്യവും ഗവര്‍മെന്റും മുന്‍ഗണന നല്‍കുന്നു എന്നത് വിശ്വസിക്കാന്‍ തന്നെ പ്രയാസമാണെന്ന് റിമ ഫേസ്ബുക്കില്‍ എഴുതി.
ലക്ഷദ്വീപ് ജനതയോടും അവരുടെ വിശ്വാസങ്ങളോടും ഉപജീവനത്തോടും ഉള്ള തികഞ്ഞ അവഗണന ഭയാനകമാണെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു.
രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസംമുട്ടിക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം രാജ്യസഭാ നേതാവ് എളമരം കരീം രാഷ്ട്രപതിക്ക് അയച്ച കത്ത് പങ്കുവെച്ചുകൊണ്ടായിരുന്നു ലക്ഷദ്വീപ് ജനതയെ പിന്തുണച്ചുകൊണ്ട് റിമ രംഗത്തെത്തിയത്.
ഭൂരിപക്ഷവും മുസ്ലിങ്ങള്‍ ജീവിക്കുന്ന ദ്വീപില്‍ തദ്ദേശീയരായ ജനങ്ങളുടെ പരമ്പരാഗത ജീവിതത്തെയും വിശ്വാസങ്ങളെയും അട്ടിമറിക്കുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളുമാണ് പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് എളമരം കരീം കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കിയ മുഴുവന്‍ തീരുമാനങ്ങളും പുനഃപരിശോധിച്ച് ജനവിരുദ്ധമായവ റദ്ദാക്കണമെന്നും എളമരം കരീം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ലക്ഷദ്വീപിലെ പുതിയ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കമുള്ള, അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരെയാണ് ദ്വീപ് നിവാസികളുടെ പ്രതിഷേധം.
രാജ്യം മുഴുവന്‍ കൊവിഡില്‍ മുങ്ങിയപ്പോഴും ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്യാത്ത ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 68 ശതമാനമാണ്. കൊച്ചിയില്‍ ക്വാറന്റീനില്‍ ഇരുന്നവര്‍ക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നല്‍കി പാലിച്ച് പോന്ന നിയന്ത്രണങ്ങള്‍ക്കാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇളവുകളനുവദിച്ചത്. ഇതാണ് രൂക്ഷവ്യാപനത്തിന് കാരണമായതെന്നാണ് ആരോപണം.
മറ്റുപല പരിഷ്‌കാരങ്ങള്‍ക്കുമൊപ്പം ദ്വീപുകാര്‍ വര്‍ഷങ്ങളായി ചരക്കുഗതാഗതത്തിനും മറ്റും ആശ്രയിക്കുന്ന ബേപ്പൂരിനെ ഒഴിവാക്കി മംഗലാപുരത്തെ മാത്രം ഇനി മുതല്‍ ആശ്രയിക്കണമെന്ന അഡ്മിനിസ്ട്രേറ്ററുടെ നിര്‍ദേശത്തിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്.
ദ്വീപുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ബേപ്പൂരിനെയും ഈ തീരുമാനം ബാധിക്കുമെന്ന് എളമരം കരീം രാഷ്ട്രപതിക്കയച്ച കത്തില്‍ പറഞ്ഞിട്ടുണ്ട്. ദ്വീപ് നിവാസികള്‍ക്കെല്ലാം ദോഷകരമായി, ഏകാധിപതിയെപ്പോലെ പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്ട്രേറ്ററെ ഉടന്‍ തിരിച്ചുവിളിക്കണമെന്നാണ് കരീം കത്തില്‍ ആവശ്യപ്പെട്ടത്.
അതേസമയം ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി നടന്‍ പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ ഭരണകൂടം ഇടപെടേണ്ടതുണ്ടെന്നും പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ ‘പരിഷ്‌കാരങ്ങള്‍’ തികച്ചും വിചിത്രമെന്ന് തോന്നുന്നതരത്തിലാണെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
ഏതെങ്കിലും നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ ഒരിക്കലും ഈ ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ആ ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും
നൂറ്റാണ്ടുകളായി സമാധാനപരമായി ജീവിച്ചുപോന്ന ഒരു ജനതയുടെ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെയാണ് പുരോഗതിയുടെ ഭാഗമാകുന്നതെന്നും പൃഥ്വിരാജ് ചോദിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Actress Rima Kallingal Support Lakshadweep peoples