കൊച്ചി: വടകര നിയോജകമണ്ഡലത്തില്‍ നിന്നും യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച ആര്‍.എം.പി.ഐ നേതാവ് കെ.കെ രമയുടെ ചിത്രം പങ്കുവെച്ച് റിമ കല്ലിങ്കല്‍. ഫേസ്ബുക്കിലാണ് റിമ രമയുടെ ചിത്രം പങ്കുവെച്ചത്.
ടി. പി. ചന്ദ്രശേഖരന്റെ പ്രതിമയ്ക്ക് മുന്നില്‍ നില്‍ക്കുന്ന രമയുടെ ചിത്രമാണ് റിമ പോസ്റ്റ് ചെയ്തത്. ചിത്രത്തോടൊപ്പം ക്യാപ്ഷനോ മറ്റു എഴുത്തുകളോ നല്‍കിയിട്ടില്ല.
7,491 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കെ.കെ. രമ വടകരയില്‍ വിജയിച്ചിരിക്കുന്നത്. കാലങ്ങളായുള്ള വടകരയിലെ എല്‍.ഡി.എഫ് വിജയത്തിന് വിരാമമിടുന്നത് കൂടിയാണ് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കെ.കെ. രമയുടെ വിജയം.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കെ.കെ. രമ ആര്‍.എം.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. അന്ന് 20504 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തുകയാണുണ്ടായത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സി.കെ. നാണുവാണ് 49,211 വോട്ടുകള്‍ നേടി അന്ന് വടകരയില്‍ വിജയിച്ചത്.
മെയ് രണ്ടിലെ ഈ തെരഞ്ഞെടുപ്പ് വിജയം വടകരയിലെ ഒഞ്ചിയം, ഓര്‍ക്കാട്ടേരി ഗ്രാമങ്ങളില്‍ ആവേശകരമായി അലയടിക്കാന്‍ പോകുന്നത് മെയ് നാലിനായിരിക്കും. 9 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2012 മെയ് നാലിനായിരുന്നു ആര്‍.എം.പി.ഐ സ്ഥാപക നേതാവും മുന്‍ സി.പി.ഐ.എം പ്രവര്‍ത്തകനുമായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ 51 വെട്ടുകളേറ്റ് കൊല്ലപ്പെട്ടത്. സി.പി.ഐ.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകളായിരുന്നു ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടര്‍ന്ന് അരങ്ങേറിയത്.
‘തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ടി.പി. ചന്ദ്രശേഖരന്‍ നിയമസഭയിലുണ്ടാകും’ എന്നായിരുന്ന. കെ.കെ രമ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ആ വാക്കുകള്‍ ഇന്ന് അന്വര്‍ത്ഥമായിരിക്കുകയാണെന്നാണ് രമയുടെ വിജയത്തിന് പിന്നാലെ ഉയരുന്ന അഭിപ്രായങ്ങളിലേറെയും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക