സിദ്ദിഖിന്റെ അത്ര തരംതാഴാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല; അതിജീവിതക്കെതിരായ പരാമര്‍ശത്തില്‍ റിമ കല്ലിങ്കല്‍
Kerala
സിദ്ദിഖിന്റെ അത്ര തരംതാഴാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല; അതിജീവിതക്കെതിരായ പരാമര്‍ശത്തില്‍ റിമ കല്ലിങ്കല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st May 2022, 3:42 pm

കൊച്ചി: അതിജീവിതയ്‌ക്കെതിരായ നടന്‍ സിദ്ദിഖിന്റെ പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍. സിദ്ദിഖിനെപ്പോലെ തരം താഴാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു റിമ കല്ലിങ്കലിന്റെ മറുപടി.

‘ഉപതെരഞ്ഞെടുപ്പില്‍ അതിജീവിതയുടെ വിഷയം ചര്‍ച്ചയായല്ലോ’ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു അത്തരത്തില്‍ ചര്‍ച്ചയാകാന്‍ അതിജീവിത ഇവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്ന സിദ്ദിഖിന്റെ മറുപടി. ഈ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു റിമ.

‘ഞാന്‍ അത്രയ്‌ക്കൊന്നും തരംതാഴാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ സര്‍വൈവറിന്റെ കൂടെയാണ്. അവര്‍ക്ക് വ്യാകുലതകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് കണ്‍സേണ്‍സ് ഉണ്ടെങ്കില്‍ അത് ഉന്നയിക്കാനുള്ള എല്ലാ രീതിയിലുമുള്ള അവകാശവും അവര്‍ക്കുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്, റിമ പറഞ്ഞു.

അതിജീവിത മുഖ്യമന്ത്രിയെ കാണാനിടയായ സാഹചര്യത്തെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് അനാവശ്യമായ ചര്‍ച്ചയിലേക്കും പൊളിറ്റിക്കല്‍ കണ്‍സേണ്‍സ്‌ലേക്കും ഈ വിഷയം പോയപ്പോള്‍ അതില്‍ വ്യക്തത വരുത്തേണ്ട ആവശ്യം കൂടി അവര്‍ക്കുണ്ടല്ലോ എന്നും റിമ പറഞ്ഞു.

ഇത്രയും കാലമായിട്ട് സര്‍വൈവറുടെ കൂടെ നിന്ന സര്‍ക്കാരാണ്. വേറെ ഏത് സര്‍ക്കാരായാലും ഈ രീതിയിലുള്ള ഇടപെടല്‍ ഉണ്ടാകുമെന്ന് എനിക്ക് തോന്നുമില്ല. മുഖ്യമന്ത്രിയും മറ്റുള്ളവരും അവര്‍ക്കൊപ്പം നില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു ആശയക്കുഴപ്പം ഉണ്ടായപ്പോള്‍ അത് മുഖ്യമന്ത്രിയെ കണ്ട് തീര്‍ക്കേണ്ട ആവശ്യം കൂടി ഉണ്ടെന്ന് മനസിലാക്കി ആ ഉത്തരവാദിത്തം കൂടി അവര്‍ ഏറ്റെടുത്തു എന്നത് വലിയ കാര്യമായിട്ടാണ് കാണുന്നത്.

പൊളിറ്റിക്കലായി ഇതിനെ കൊണ്ടുപോകരുത്. അവര്‍ അത് ഉദ്ദേശിച്ചിട്ടില്ല. ഞാന്‍ അവരുമായി സംസാരിച്ചിരുന്നു. ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് അവര്‍ തന്നെ മുന്‍കൈ എടുത്ത് സര്‍ക്കാരിനെ കണ്ടത്. ഈ വിഷയത്തിന് രാഷ്ട്രീയമുഖം നല്‍കരുത്. സര്‍ക്കാര്‍ അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്, റിമ പറഞ്ഞു.

കേസിന്റെ പോക്കില്‍ ആശങ്കയുണ്ടോ എന്ന ചോദ്യത്തിന് അഞ്ച് വര്‍ഷമായിട്ട് കേസ് അവസാനിച്ചിട്ടില്ലല്ലോ എന്നായിരുന്നു റിമയുടെ മറുപടി.

തൃക്കാക്കരയില്‍ വോട്ട് ചെയ്ത് മടങ്ങവേ മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു അതിജീവിതയ്‌ക്കെതിരെ സിദ്ദിഖ് രംഗത്തെത്തിയത്. ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ നിലപാടിനെതിരെയും സിദ്ദിഖ് രംഗത്തെത്തിയിരുന്നു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ അതിജീവിതയുടെ പരാതി ചര്‍ച്ചാ വിഷയമായല്ലോ എന്ന മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന് തെരഞ്ഞെടുപ്പില്‍ അതിജീവിത സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നുണ്ടോ, എന്നായിരുന്നു സിദ്ദിഖ് ചോദിച്ചത്. അതിജീവിതയുടെ പരാതി ഇവിടെ വിഷയമാക്കിയത് എന്തിനാണെന്ന് പോലും തനിക്കറിയില്ലെന്നും സിദ്ദിഖ് പ്രതികരിച്ചു.

”അതിജീവിത ഇലക്ഷന് നില്‍ക്കുന്നുണ്ടോ. അത് നമുക്ക് പിന്നെ പറയാം.

അത് ഇവിടെ വിഷയമാക്കിയത് എന്തുകൊണ്ടാണെന്ന് പോലും എനിക്കറിയില്ല,” സിദ്ദിഖ് പറഞ്ഞു.

നീതി കിട്ടില്ല എന്ന സംശയം അതിജീവിത പ്രകടിപ്പിച്ചല്ലോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന്, കോടതിയില്‍ നില്‍ക്കുന്ന സംഭവത്തില്‍ സംശംയം പ്രകടിപ്പിക്കുന്നത് ശരിയല്ലെന്നായിരുന്നു സിദ്ദിഖ് അഭിപ്രായപ്പെട്ടത്. അങ്ങനെയൊരു സംശയമുണ്ടെങ്കില്‍ വിധി വരട്ടെ, ആ വിധിയില്‍ തൃപ്തരല്ലെങ്കില്‍ മേല്‍ക്കൊടതിയെ സമീപിക്കണമെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.

” അത് കോടതിയില്‍ നില്‍ക്കുന്ന സംഭവമല്ലേ, നമ്മളെന്തിനാണ് അതില്‍ സംശയം പ്രകടിപ്പിക്കുന്നത്. അങ്ങനെയൊരു സംശയമുണ്ടെങ്കില്‍ വിധി വരട്ടെ.

ആ വിധിയില്‍ തൃപ്തരല്ലെങ്കില്‍ നമ്മള്‍ മേല്‍ക്കോടതിയെ സമീപിക്കും. ആ വിധിയിലും തൃപ്തരല്ലെങ്കില്‍ അതിന്റെ മേല്‍ക്കോടതിയെ സമീപിക്കും. അതാണ് സാധാരണ ഇത്രയും കാലം കണ്ടിട്ടുള്ളത്.

ഇപ്പൊള്‍ എനിക്കെതിരെ ഒരു കേസ് കോടതിയിലുണ്ടെങ്കില്‍ ഞാനൊരിക്കലും ഈ ജഡ്ജി ശരിയല്ല, എനിക്ക് ഈ ജഡ്ജിന്റെ അടുത്ത് നിന്ന് നീതി കിട്ടില്ല, ഈ ജഡ്ജിയെ മാറ്റി വേറെ നല്ല ജഡ്ജിനെ കൊണ്ടുവരണം എന്ന് ഞാന്‍ പറയില്ല.

ആ ജഡ്ജിന്റെ വിധി എനിക്ക് അനുകൂലമല്ലെങ്കില്‍ അനുകൂലമായ വിധി കിട്ടുമെന്ന് പ്രതീക്ഷിച്ച് ഞാന്‍ മേല്‍ക്കോടതിയെ സമീപിക്കും. അതാണ് ജനാധിപത്യ ഭരണ സംവിധാനത്തിന്റെ രീതിയില്‍ നമ്മള്‍ പാലിച്ചുപോരുന്ന മര്യാദ. അങ്ങനെയാണ് ചെയ്യേണ്ടതെന്നാണ് എന്റെ അഭിപ്രായം,” സിദ്ദിഖ് പറഞ്ഞു.

Content Highlight: Actress Rima Kallingal agianst actor siddique on actress attack issue