|

മിന്നല്‍ മുരളിയില്‍ കാണിച്ചത് ടോക്‌സിക്ക് ലവ് ആണെന്ന് പതിനൊന്ന് വയസുകാരി പറഞ്ഞിരുന്നു, അപ്പോള്‍ അതിനെ കാര്യമാക്കിയില്ല: റിമ കല്ലിങ്കല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിന്നല്‍ മുരളിയിലെ പ്രണയം ടോക്‌സിക് ആണെന്ന് സിനിമ കാണുമ്പോള്‍ തന്നെ തന്റെ സുഹൃത്തിന്റെ പതിനൊന്ന് വയസുകാരി മകള്‍ പറഞ്ഞിരുന്നുവെന്ന് നടി റിമ കല്ലിങ്കല്‍. സിനിമ കാണുമ്പോള്‍ തങ്ങള്‍ ആ കുട്ടി പറയുന്നതിനെ കാര്യമാക്കിയില്ലായിരുന്നുവെന്നും പിറ്റേദിവസം സോഷ്യല്‍ മീഡിയയില്‍ ആ വിഷയവുമായി ചര്‍ച്ച നടക്കുന്നത് കണ്ടപ്പോള്‍ താന്‍ അതിശയിച്ചുപോയെന്നും റിമ പറഞ്ഞു.

ഇന്നത്തെ കാലത്ത് ജീവിക്കുന്ന പതിനൊന്ന് വയസുകാരിക്ക് പോലും എന്താണ് ടോക്‌സിക് എന്നറിയാമെന്നും അവരോടൊപ്പം നമ്മളിലും മാറ്റം വന്നില്ലെങ്കില്‍ ഇനിയുള്ള തലമുറയുടെ മുന്നില്‍ കാലഹരണപ്പെട്ടു പോകുമെന്നും റിമ പറഞ്ഞു. ധന്യ വര്‍മക്കൊപ്പമുള്ള അഭിമുഖത്തിലാണ് റിമ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”കാലം മുന്നോട്ട് തന്നെ പോയിരിക്കും. അത് ഇനി നമ്മള്‍ എന്ത് ചെയ്തിട്ടും കാര്യമില്ല, തെളിഞ്ഞ് തന്നെയാണ് വരിക. ഞാന്‍ പത്ത് വര്‍ഷം മുന്നേ ജീവിച്ച അവസ്ഥയല്ലാല്ലോ ഇപ്പോള്‍. ഞാന്‍ ജീവിക്കുന്ന ചുറ്റുപാട് മാറിയിട്ടുണ്ട്.

ഇന്ന് സിനിമയിലെത്തുന്ന സ്ത്രീകളില്‍ മാറ്റമുണ്ട്, ചുറ്റുപാടിലുള്ള ആളുകളില്‍ മാറ്റമുണ്ട്. എന്റെ സുഹൃത്തിന്റെ മകളുണ്ട്. പതിനൊന്ന് വയസാണ് ആ മോള്‍ക്ക്. മിന്നല്‍ മുരളി  ഞങ്ങള്‍ ഒരുമിച്ചാണ് കണ്ടത്.

ചിത്രത്തെക്കുറിച്ച് ഭയങ്കരമായ സംവാധം ഉണ്ടായിരുന്നല്ലോ. അതില്‍ കാണിക്കുന്നത് ടോക്‌സിക് ലവ് അല്ലെ, അത് എന്തിനാണ് നമ്മള്‍ സെലിബ്രേറ്റ് ചെയ്യുന്നത് എന്നൊക്കെ ചര്‍ച്ചയായിരുന്നല്ലോ.

ഞങ്ങള്‍  ഒരുമിച്ച് ഇരുന്ന് കാണുമ്പോള്‍ ആ പതിനൊന്ന് വയസുകാരി പറയുന്നുണ്ട് ഇത് ടോക്‌സിക് അല്ലെയെന്ന്. അപ്പോള്‍ എന്റെ സുഹൃത്ത് അവളെ ശകാരിച്ചു. നീ നെറ്റ്ഫ്‌ളിക്‌സ് ഒക്കെ കണ്ടിട്ട് മലയാള സിനിമയെ പുച്ഛിക്കുകയൊന്നും വേണ്ടെന്ന്.

ഞാന്‍ നോക്കുനോമ്പോള്‍ ഇവര്‍ രണ്ടുപേരും ഇരുന്ന് തല്ല് കൂടികൊണ്ടിരിക്കുകയാണ്. ഞാന്‍ എന്താ കാര്യം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു. പക്ഷെ പിന്നെ ഞങ്ങള്‍ ആ കാര്യം വിട്ടിരുന്നു. അടുത്ത ദിവസം സോഷ്യല്‍ മീഡിയയില്‍ ഇതിനെക്കുറിച്ച് വന്‍ ചര്‍ച്ച നടക്കുകയാണല്ലോ.

പതിനൊന്ന് വയസുള്ള കുട്ടിക്ക് ഇന്ന് വ്യക്തമായിട്ട് അറിയാം എന്താണ് ടോക്‌സിക് ലവ് എന്നത്. നമ്മള്‍ ഒക്കെ ഇപ്പോഴും പലതും അണ്‍ലേണ്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. നമ്മള്‍ മാറിയില്ലെങ്കില്‍ ഇനി വരുന്ന തലമുറയുടെ മുന്നില്‍ നമ്മള്‍ കാഹരണപ്പെട്ട് പോകും,” റിമ കല്ലിങ്കല്‍ പറഞ്ഞു.

content highlight: actress rima kallingal about minnal murali