കസബയില്‍ മമ്മൂക്ക കുത്തിന് പിടിച്ചതല്ല നമ്മുടെ പ്രശ്‌നം, അത് ചെയ്തത് ഹീറോയാണ് എന്നതാണ് പ്രശ്‌നം: റിമ കല്ലിങ്കല്‍
Entertainment news
കസബയില്‍ മമ്മൂക്ക കുത്തിന് പിടിച്ചതല്ല നമ്മുടെ പ്രശ്‌നം, അത് ചെയ്തത് ഹീറോയാണ് എന്നതാണ് പ്രശ്‌നം: റിമ കല്ലിങ്കല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 24th April 2023, 3:38 pm

പൊളിറ്റിക്കല്‍ കറക്ട്‌നെസ് ഏതെങ്കിലും തരത്തില്‍ സിനിമയുടെ രൂപീകരണത്തെ ബാധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് നടി റിമ കല്ലിങ്കല്‍. ഒരുപാട് ആളുകളെ സ്വാധീനിക്കുന്ന മാധ്യമമാണ് സിനിമയെന്നും അതുകൊണ്ട് തന്നെ പൊളിറ്റിക്കല്‍ കറക്ടനെസ് ആവശ്യമാണെന്നും റിമ പറഞ്ഞു.

മമ്മൂട്ടി നായകനായ കസബ എന്ന സിനിമയിലെ സ്ത്രീവിരുദ്ധമായ സീനിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അതിനെ കുറിച്ചും റിമ സംസാരിച്ചു. മമ്മൂട്ടി അത് ചെയ്തതല്ല യഥാര്‍ത്ഥ പ്രശ്‌നമെന്നും ഹീറോ അങ്ങനെ ചെയ്തതാണ് തിരുത്തപ്പെടേണ്ടതെന്നും വണ്ടര്‍ വേള്‍ഡ് മീഡിയ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

‘നമ്മള്‍ ചെയ്യുന്ന സിനിമ എന്നുപറയുന്ന പരിപാടിക്ക് ഒടുക്കത്തെ പവറാണ്. പലരുടെയും ജീവിതങ്ങളെ മാറ്റാനുള്ള പവര്‍ ആ സിനിമക്കുണ്ട്. നേരിട്ട് ഒരാളുടെ ജീവിതം മാറ്റി മറിക്കുന്നു എന്നല്ല ഞാന്‍ പറയുന്നത്. ഞാന്‍ പഴയ അഭിമുഖങ്ങളിലൊക്കെ ഇത് പറഞ്ഞിട്ടുണ്ട്, നമ്മള്‍ പ്രേമിക്കുന്ന ആളിനോട് നമുക്ക് വേണ്ടി സമയം മാറ്റിവെക്കണം എന്നൊക്കെ പറയുന്നത് തെറ്റാണോ എന്ന്.

എന്റെ ചെറുപ്പത്തില്‍ ഇങ്ങനെയൊക്കെ ഞാനും വിചാരിച്ചിട്ടുണ്ട്. ഇതൊക്കെ ഭയങ്കര കണ്ടീഷനിങ്ങിന്റെ ഭാഗമാണല്ലോ. ഒരു സ്ത്രീയെ ഒരാള്‍ അടിച്ച് കഴിയുമ്പോള്‍ അയാളോട് പ്രേമം തോന്നുന്നത് എത്ര സിനിമില്‍ നമ്മള്‍ കാണിച്ചിട്ടുണ്ട്. സ്‌റ്റോക്കിങ്ങിനെ ഞാന്‍ തന്നെ റൊമാന്റിസൈസ് ചെയ്തിട്ടുണ്ട്. നമ്മള്‍ ഇഷ്ടമല്ല എന്ന് പറഞ്ഞൊരാള്‍ പിന്നാലെ നടന്ന് നമ്മളെക്കൊണ്ട് ഇഷ്ടം പറയിക്കുന്നത് വലിയ എന്തോ കാര്യമാണെന്ന് ഞാനും കരുതിയിട്ടുണ്ട്.

ആ നിലകളിലുള്ള മാറ്റങ്ങള്‍ നമ്മുടെ സിനിമയില്‍ വരണ്ടേ. കാരണം സിനിമ നമ്മളെ അതുപോലെ സ്വാധീനിക്കുന്നുണ്ട്. പൈസ എങ്ങനെ വേണമെങ്കിലും ഉണ്ടാക്കാമല്ലോ. ഇങ്ങനെ തന്നെ വേണമെന്ന് എന്താണ് നിര്‍ബന്ധം. ഞാന്‍ അതിനെ അങ്ങനെയാണ് കാണുന്നത് . എല്ലാവരുടെയും കാര്യം എനിക്കറിയില്ല. വേറെ ഒരാളെ മാനസികവും ശാരീരികവുമായിട്ട് ഉപദ്രവിക്കുന്നത് തെറ്റാണെന്ന് കലയിലൂടെ നമ്മള്‍ പറയണ്ടേ.

അത്തരം സീനുകള്‍ കാണിക്കരുതെന്ന് പറയുന്നില്ല. പക്ഷെ ഒരിക്കലും ഗ്ലോറിഫൈ ചെയ്യരുത്. കസബയില്‍ വില്ലനാണ് കുത്തിന് പിടിക്കുന്നതെങ്കില്‍ ഒരു കുഴപ്പവുമില്ല. അത് ഹീറോ ചെയ്യുമ്പോഴാണ് നമുക്ക് പ്രശ്‌നമുണ്ടാകുന്നത്. അല്ലാതെ മമ്മൂക്ക ചെയ്യുന്നതല്ല നമ്മുടെ പ്രശ്‌നം. അതായത് ഞങ്ങള്‍ പറയുന്നത് ഒരു വ്യക്തിയെ കുറിച്ചല്ല, നമ്മള്‍ കൈകാര്യം ചെയ്യുന്ന സിനിമ പോലെയുള്ള ഒരു മാധ്യമത്തെ കുറിച്ചാണ്,’ റിമ കല്ലിങ്കല്‍ പറഞ്ഞു.

 

content highlight: actress rima kallingal about kasaba movie and mammootty