പൊരിച്ച മീന്‍ വീതം വെക്കുന്നതില്‍ പോലും വിവേചനമുണ്ടെന്ന് നടി റിമ കല്ലിങ്കല്‍ പറഞ്ഞൊരു പ്രസ്താവനയെ നിരവധിയാളുകള്‍ ട്രോള്‍ ചെയ്തിരുന്നു. അന്നത്തെ തന്റെ പ്രസ്താവനയില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് റിമ.
താന്‍ പറഞ്ഞത് മനസിലാക്കാതെ വീട്ടുകാരെ പോലും ആളുകള്‍ ട്രോള്‍ ചെയ്തുവെന്നും അതെല്ലാം തനിക്ക് വലിയ വിഷമം ഉണ്ടാക്കിയെന്നും റിമ പറഞ്ഞു. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തിലാണ് റിമ ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.
”എല്ലാവരും ഫിഷ് ഫ്രൈയുടെ പേരും പറഞ്ഞിട്ടാണ് എന്നെ ട്രോള്‍ ചെയ്യുന്നത്. അതിന്റെ പേരില്‍ അവര്‍ എന്റെ ഫാമിലിയേയും ട്രോള്‍ ചെയ്തു. അതില്‍ എനിക്ക് വലിയ വിഷമം തോന്നി.
ഞാന്‍ എപ്പോഴും പറയണമെന്ന് വിചാരിച്ചിട്ടുണ്ട്. നാല് പേര് ഇരിക്കുന്ന ഒരു ടേബിളില്‍ മൂന്ന് ഫിഷ് ഫ്രൈ മാത്രമാണ് ഉള്ളതെങ്കില്‍ അത് പകുത്ത് നാല് പേരും കഴിക്കണമെന്ന ചിന്ത എന്നിലുണ്ടാക്കിയത് എന്റെ മാതാപിതാക്കളാണ്. തുടര്‍ച്ചയായിട്ട് ഫിഷ് ഫ്രൈ കിട്ടാത്ത അവസ്ഥ എനിക്ക് ഉണ്ടായാല്‍ ഞാന്‍ അതിനോട് പൊരുത്തപ്പെട്ട് പോകും.
അതല്ലായിരുന്നു ഞാന്‍ വളര്‍ന്ന സ്‌പേസ്. അങ്ങനെ അല്ലായിരുന്നു എന്റെ വീട്. അത് ചെയ്യുന്നത് തെറ്റാണ് എന്നുള്ളത് പറയാനുള്ള സ്‌പേസ് വീട്ടിലുണ്ടായിരുന്നു. ഈ സമൂഹത്തില്‍ തന്നെ വളര്‍ന്നവരാണ് എന്റെ അച്ഛനും അമ്മയും. പക്ഷെ അതിന്റെ ഉള്ളില്‍ നിന്നുകൊണ്ട് അവര്‍ക്ക് മാറ്റാന്‍ പറ്റുന്നതെല്ലാം മാറ്റിയിട്ടാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. അവരെയാണ് എല്ലാവരും ട്രോളിയത്.
വേദിയില്‍ വെച്ച് ഞാന്‍ കൃത്യമായി പറഞ്ഞിട്ടുണ്ടായിരുന്നു, ഞാന്‍ ഇവിടെ എന്റെ അമ്മയെ കുറ്റപ്പെടുത്താനായിട്ടല്ല ഫിഷ് ഫ്രൈന്റെ കാര്യം പറയുന്നതെന്ന്. തങ്ങളെക്കുറിച്ച് ചിന്തിക്കാത്ത സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഇക്കാര്യം പറയുന്നതെന്നാണ് ഞാന്‍ പറഞ്ഞത്.
ആ ഫിഷ് ഫ്രൈയുടെ പ്ലേറ്റില്‍ നാലെണ്ണം ഉണ്ടെങ്കില്‍ പോലും അതും കൂടി എനിക്ക് തന്നിട്ട് എന്റെ അമ്മയാണ് കഴിക്കാതിരിക്കുക. അതാണല്ലോ ഇവിടത്തെ എല്ലാ വീടുകളിലും നടക്കുന്നത്. അവര്‍ക്കും കൂടി വേണ്ടിയാണ് അവിടെ ഞാന്‍ സംസാരിക്കുന്നതെന്ന് ടെക് ടോക്കില്‍ ഞാന്‍ പറഞ്ഞിരുന്നു. ആളുകള്‍ക്ക് അതൊന്നും കേള്‍ക്കേണ്ടല്ലോ, ട്രോള്‍ ചെയ്യാന്‍ എന്തെങ്കിലും കിട്ടിയാല്‍ മതിയല്ലോ,” റിമ കല്ലിങ്കല്‍ പറഞ്ഞു.
content highlight: actress rima kallingal about her fish fry statement