| Thursday, 6th April 2023, 8:09 am

വിവാഹത്തെ സീരിയസായിട്ട് എടുക്കുന്ന വ്യക്തികളായിരുന്നില്ല, പക്ഷെ സംഭവിച്ചത് ഞങ്ങള്‍ ഉദ്ദേശിക്കാത്തത്: റിമ കല്ലിങ്കല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിവാഹത്തിന് ശേഷം തന്റെ ലൈഫിനെക്കുറിച്ച് പറയുകയാണ് നടി റിമ കല്ലിങ്കല്‍. വിവാഹത്തിന് ശേഷം തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടായെന്നും തങ്ങള്‍ ഉദ്ദേശിച്ചതല്ല സംഭവിച്ചതെന്നും റിമ പറഞ്ഞു.

താനും ആഷിഖും വിവാഹം സീരിയസായിട്ട് എടുക്കുന്ന വ്യക്തികളായിരുന്നില്ലെന്നും വ്യക്തിപരമായ പ്രതിസന്ധികള്‍ തനിക്ക് മാത്രം നേരിടേണ്ടി വന്നുവെന്നും റിമ പറഞ്ഞു. വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് റിമ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”പേഴ്‌സണല്‍ ലൈഫും പ്രൊഫഷണല്‍ ലൈഫും കൊണ്ടു പോകുന്നതില്‍ എല്ലാ രീതിയിലും മാറ്റമായിരുന്നു. ഞങ്ങള്‍ ഉദ്ദേശിച്ചതല്ല സംഭവിച്ചത്. മാരേജ് ഒന്നും സീരിയസായിട്ട് എടുക്കുന്ന വ്യക്തികളായിരുന്നില്ല ഞങ്ങള്‍. വെറും ഒരു ലീഗല്‍ പേപ്പര്‍ എന്ന സ്‌പേസിലാണ് അതിനെ കണ്ടത്.

പക്ഷെ അത് പൂര്‍ണമായും ഞങ്ങളുടെ ജീവിതം മാറ്റി. 22 എഫ്.കെയില്‍ ഒക്കെ സംഭവിച്ച ഞങ്ങളുടെ പാര്‍ട്ണര്‍ഷിപ്പിലുള്ള ഒരു മാജിക്കുണ്ടായിരുന്നു. അത് പുനര്‍നിര്‍മിച്ചുകൊണ്ടിരിക്കണമെന്നായിരുന്നു ആഗ്രഹം.

പക്ഷെ ഞങ്ങള്‍ മാറിയില്ലേലും ഞങ്ങളുടെ ചുറ്റുപാടും മാറി. സമൂഹം എപ്പോഴും നമ്മളെ ഒരു പെട്ടിക്കകത്ത് ആക്കാനാണ് നോക്കുക. പിന്നീട് ഞങ്ങള്‍ക്ക് വലിയ പ്രഷര്‍ ഒക്കെ വരാന്‍ തുടങ്ങി.

ആര്‍ട്ടിസ്റ്റ് എന്ന നിലയിലും മനുഷ്യര്‍ എന്ന നിലയിലും നമ്മള്‍ രണ്ട് മനുഷ്യരാണല്ലോ. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് കുറേ ഐഡന്റിക്കല്‍ ക്രൈസസായിരുന്നു.

മാരേജിന് ശേഷം ഞാന്‍ ഡാന്‍സ് ചെയ്ത പരിപാടിയില്‍ വെച്ച് എനിക്ക് പൊന്നാട ഇട്ട് തരുമ്പോള്‍ അവര്‍ പറഞ്ഞത് ഇത് റിമക്കും ആഷിഖിനും കൂടിയാണെന്ന്. അതെന്താ അങ്ങനെ, അതിന് ആഷിഖ് ഡാന്‍സ് കളിച്ചിട്ടില്ലല്ലോ എന്നാണ് അപ്പോള്‍ ഞാന്‍ ചിന്തിച്ചത്.

വിവാഹത്തിന് ശേഷം ഞാന്‍ ഇവിടെ പുതിയതായി വരുന്നത് പോലെയായിരുന്നു. ആളുകളാണ് വിചാരിക്കുന്നത് വിവാഹത്തിന് ശേഷം ഞാന്‍ വര്‍ക്ക് ചെയ്യില്ലെന്ന് ഒക്കെ. പുറത്ത് സിനിമ ചെയ്യില്ലേയെന്ന് വരെ ചോദിച്ചു. പുറത്ത് സിനിമ ചെയ്യാതെ ഞാന്‍ എന്താണ് വേറെ ചെയ്യുക,” റിമ കല്ലിങ്കല്‍ പറഞ്ഞു.

content highlight: actress rima kallingal about carrier after marriage

We use cookies to give you the best possible experience. Learn more