| Wednesday, 22nd May 2019, 11:50 am

'ആ മുഖംമൂടി വലിച്ചുകീറണമെന്ന് തന്നെയാണ് ഉദ്ദേശിച്ചത്': 'സിദ്ദിഖ് ഇക്ക അങ്ങനെ ചെയ്യില്ലെ'ന്ന് പറയുന്നവരോട് നടി രേവതി സമ്പത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നടന്‍ സിദ്ദിഖിനെതിരെ ലൈംഗികാധിക്ഷേപ വെളിപ്പെടുത്തലുമായി എത്തിയ നടി രേവതി സമ്പത്തിനെതിരെ സോഷ്യല്‍മീഡിയയിലൂടെ വലിയ ആക്രമണമാണ് നടക്കുന്നത്.

2016 ല്‍ നടന്ന കാര്യം എന്തുകൊണ്ട് ഇതുവരെ പറഞ്ഞില്ലെന്നും സിദ്ദിഖിനെ മനപൂര്‍വം കരിവാരിത്തേക്കാനുള്ള ശ്രമമാണ് ഇതെന്നും പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും എന്നെല്ലാമായിരുന്നു രേവതിയുടെ പോസ്റ്റിന് വന്ന പ്രതികരണം.

‘ ഞങ്ങളുടെ സിദ്ദിഖ് ഇക്കയ്ക്ക് അങ്ങനെ ചെയ്യില്ലെന്ന’ കമന്റുകള്‍ പോലും പോസ്റ്റിന് താഴെ വന്നു. എന്നാല്‍ ഇത്തരം പ്രതികരണങ്ങളൊന്നും തന്നെ തളര്‍ത്തില്ലെന്നും സിദ്ദിഖിന്റെ മുഖംമൂടി വലിച്ചുകീറണമെന്ന ഉദ്ദേശത്തോടെ തന്നെ പറഞ്ഞാണ് ഇതെന്നും താന്‍ അനുഭവിച്ച കാര്യങ്ങളാണ് പറഞ്ഞതെന്നും രേവതി ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

‘ 2016 ല്‍ നടന്ന കാര്യമാണ് ഇത്. എന്തുകൊണ്ട് പറയാന്‍ വൈകിയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇത്രനാളും പറയാതിരുന്നത് എന്താണെന്ന് ചോദിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ഇത്തരമൊരു അനുഭവമുണ്ടാകുമ്പോള്‍ നമുക്ക് തന്നെ അത് ഡൈല്യൂട്ട് ചെയ്ത് വരാന്‍ സമയം എടുക്കും. അതില്‍ നിന്നും പുറത്തുകടക്കാന്‍ എടുക്കുന്ന സമയം വലുതാണ്.

എന്തറിഞ്ഞിട്ടാണ് ആളുകള്‍ ഈ അനാവശ്യം പറയുന്നതും ചീത്ത വിളിക്കുന്നതും എന്ന് മനസിലാകുന്നില്ല. കാര്യത്തിന്റെ ഗൗരവം മനസിലാക്കാതെ വെറുതെ വന്ന് ചീത്തവിളിക്കുകയാണ്. ഒരു സ്ത്രീ അഭിപ്രായം പറയുന്നവളാണെന്ന് അറിഞ്ഞാല്‍ അവള്‍ അഹങ്കാരികളാണെന്ന് ചിലര്‍ മുദ്രകുത്തും. ഇവര്‍ക്കൊന്നും വേറെ ഒരു പണിയുമില്ലേ എന്നുള്ള രീതിയിലാണ് ആളുകളുടെ പ്രതികരണം.

എത്ര നാള്‍ കഴിഞ്ഞ് പറഞ്ഞാലും സത്യം സത്യമാണ്. 30 വര്‍ഷം കഴിഞ്ഞ് പറഞ്ഞാലും മൂന്ന് വര്‍ഷം കഴിഞ്ഞ് പറഞ്ഞാലും ഈ സമയത്ത് പറഞ്ഞാലും അത് സത്യമല്ലാതാവില്ല. എനിക്കത് തുറന്നുപറയാനുള്ള ധൈര്യം കിട്ടാന്‍ സമയം വേണ്ടി വന്നു എന്നതേയുള്ളു. അതിന് ഒരു മുന്നൊരുക്കവും ഉണ്ടായിരുന്നില്ല. സിദ്ദിഖിന്റെ ആ വീഡിയോ നേരത്തെ കണ്ടതാണ്. ഇന്നലെ വീണ്ടും കാണാന്‍ ഇടയായപ്പോള്‍ സ്വാഭാവികമായി വന്ന കാര്യമാണ് ഞാന്‍ എഴുതി ഫേസ്ബുക്കില്‍ ഇട്ടത്.

അല്ലാതെ അതിന് പിന്നില്‍ ചിലര്‍ പറയുന്ന പോലെ നിഗൂഢമായ ഒന്നും ഇല്ല. എനിക്ക് ഉണ്ടായത് വളരെ മോശം അനുഭവമാണ്. ഒരു സ്ത്രീയുടെ അടുത്ത് ഇത്രയും മോശമായി പെരുമാറുന്ന ആള്‍ക്ക് എന്ത് അവകാശമാണ്‌ ഉള്ളത്. ഞാനും ഒരു എക്‌സിക്യൂട്ടീവ് മെമ്പറാണ്. അവിടെ നടക്കുന്ന കാര്യങ്ങള്‍ അടുത്തറിയുന്ന ആളാണ്. അങ്ങനെയുള്ളൊരു ഓര്‍ഗനൈസേഷനെ വെല്ലുവിളിക്കുമ്പോള്‍  നിങ്ങള്‍ക്കതിന് അവകാശമുണ്ടോ  എന്ന ചോദ്യമാണ് ആ സമയത്ത് എനിക്ക് ചോദിക്കാന്‍ തോന്നിയത്. അതിന് കുറേ ഫാന്‍സ് അസോസിയേഷനുകാര്‍ ഏറ്റെടുത്ത് തെറി വിളിക്കുമെന്നൊന്നും കരുതിയില്ല. ഇന്നലെ രാത്രി മുതല്‍ തെറിവിളികളുടെ പൂരമാണ്. – രേവതി സമ്പത്ത് പറഞ്ഞു.

അഡ്ജസ്റ്റ്‌മെന്റ് എന്ന നല്ലൊരു വാക്കിന് ഇങ്ങനെയാരു അര്‍ത്ഥം കൊടുത്തത് ഇവരെല്ലാമാണെന്നും. ഇത് പോലെ പല മുഖംമൂടികളുമുണ്ടെന്നുംപല അനുഭവങ്ങളുമുണ്ടെന്നും രേവതി പറയുന്നു. നാളെ ചില കാര്യങ്ങള്‍ പറയണമെന്ന് തോന്നിയാല്‍ ഞാന്‍ പറയും. പറയേണ്ടതില്ല എന്ന തോന്നല്‍ ഇനിയില്ല. ഇനി പറ്റില്ല എന്ന് മനസിലായി.- രേവതി പറയുന്നു.

‘അഡ്ജസ്റ്റ്‌മെന്റ് ഇല്ലെങ്കില്‍ ഒന്നും നടക്കാന്‍ പോകുന്നില്ല എന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റങ്ങളെല്ലാം. അങ്ങനത്തെ വാക്കുകളാണ് അയാള്‍ ഉപയോഗിച്ചത്. വളരെ മോശമായ കാര്യങ്ങളാണ് ചെയ്തിട്ടുള്ളത്. സമൂഹത്തില്‍ അങ്ങനെ പെരുമാറുന്ന ഒരാള്‍ അത് പുരുഷനായിക്കോട്ടെ ആരുമായിക്കോട്ടെ അവരുടെ മക്കള്‍ പോലും അവരുടെ അടുത്ത് സുരക്ഷിതരായിരിക്കുമോ? അതാണ് ഞാന്‍ ചോദിച്ചത്. അത് സ്ത്രീവിരുദ്ധതയാണെന്ന് പോലും ചിലര്‍ പറയുന്നുണ്ട്.

ഇത് ഞാന്‍ മുന്‍പേ പറഞ്ഞിരുന്നെങ്കില്‍ എന്നാണ് പലരും ചോദിക്കുന്നത്. ഇത് ഞാന്‍ അന്ന് തന്നെ പറഞ്ഞിരുന്നെങ്കിലും ഇത് തന്നെയാകുമായിരുന്നു അവസ്ഥ. ഇത്ര വര്‍ഷം കഴിഞ്ഞ് ഞാന്‍ പറഞ്ഞുവെന്നതുകൊണ്ട് അദ്ദേഹത്തെ ആരും ഒന്നും ചെയ്യാന്‍ പോകുന്നില്ല.

സിദ്ധിഖ് ഒരിക്കലും അങ്ങനെ ചെയ്യില്ല എന്ന രീതിയിലുള്ള കമന്റുകള്‍ കണ്ട് എനിക്ക് അതിശയമാണ് തോന്നിയത്. ഒരു പെണ്‍കുട്ടി താന്‍ ഇങ്ങനെയാരു അപമാനത്തിന് വിധേയയായി എന്ന് പറയുമ്പോള്‍ അത് വിശ്വസിക്കാതെ സിദ്ധിഖ് ഇക്ക ഒരിക്കലും ഇങ്ങനെ ചെയ്യില്ലെന്നാണ് അവര്‍ പറയുന്നത്. അതില്‍ എന്തെങ്കിലുമൊരു ലോജിക്ക് വേണ്ടേ? – രേവതി ചോദിക്കുന്നു.

ആ മുഖംമൂടി വലിച്ചുകീറണമെന്ന ഉദ്ദേശം തന്നെയാണ് എനിക്ക് ഉണ്ടായത് അത് തന്നെയാണ് ഞാന്‍ ചെയ്തത്. സമൂഹത്തില്‍ ആളുകള്‍ എങ്ങനെ കാണുന്നു എന്നത് എനിക്ക് വിഷയമല്ല. അഹങ്കാരിയാണ് ജാഡയാണ് എന്ന പ്രതികരണങ്ങളൊക്കെ കുറേ നാളുകളായി കേള്‍ക്കുന്നതാണ്.

ഞാന്‍ വന്ന വഴിയിലെ അനുഭവമാണ് ഇത്. ഇതില്‍ പരാതിയുമായി പോകാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. അന്ന് 21 വയസായിരുന്നു ഗോഡ് ഫാദര്‍ ഇല്ല. ഈ മേഖലയെ കുറിച്ച് വലിയ അറിവില്ല. അദ്ദേഹത്തെ പോലെ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത ഒരു അഭിനേതാവ് ഇങ്ങനെ പെരുമാറുമെന്ന് കരുതിയില്ല. നമ്മള്‍ക്ക് സിദ്ദിഖ് എന്ന വ്യക്തിയെ അറിയില്ല. നമ്മളോട് ഇങ്ങനെ പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നുമില്ല. ആദ്യമൊക്കെ എനിക്ക് തോന്നുന്നതാണെന്നാണ് കരുതിയത്. പിന്നീടാണ് സെക്ഷ്വല്‍ ഫേവേര്‍ഡ് ആയിട്ടുള്ള കാര്യങ്ങളാണെന്നും പുള്ളി ഓഫര്‍ ചെയ്യുന്നത് എന്തൊക്കെയാണെന്നും മനസിലായത്.

അവര്‍ക്ക് ഇതെല്ലാം ഒരു പവര്‍ ആണ്. ചെയ്തില്ലെങ്കില്‍ കുഴപ്പമില്ല. നീയല്ലെങ്കില്‍ വേറെ ഒരാള്‍. ഇതാണ് അവരുടെ ലൈന്‍. ഇതൊക്കെ പുറത്തുപറഞ്ഞാലും എനിക്ക് പ്രശ്‌നമില്ല എന്ന രീതിയില്‍ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. നീ എന്താണെന്ന് വെച്ചാല്‍ പറഞ്ഞോ ആരും വിശ്വസിക്കാന്‍ പോകുന്നില്ല എന്നാണ് നമ്മള്‍ റിയാക്ട് ചെയ്യുമ്പോള്‍ അവര്‍ പറയുന്നത്. – രേവതി പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more