കൊച്ചി: മലയാളചലച്ചിത്ര പ്രവര്‍ത്തക സംഘടനയായ അമ്മയില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയില്ലെന്ന് നടി രേവതി. സംഘടന നേതൃത്വത്തിന് സ്ത്രീകളുടെ പ്രശ്നങ്ങളോട് പുച്ഛമാണെന്നും അവര്‍ പറയുന്നതിനോട് വഴങ്ങുന്നവര്‍ക്ക് മാത്രമേ അവിടെ നിലനില്‍പ്പുള്ളുവെന്നും രേവതി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു രേവതിയുടെ പ്രതികരണം.
‘ആദ്യം എക്സ്‌ക്യുട്ടീവ് കമ്മറ്റി മീറ്റിംഗിന് പോയപ്പോള്‍ ഒരു മാറ്റമുണ്ടാവും എന്ന പ്രതീക്ഷയുണ്ടായിരുന്നു. അതില്‍ ആവശ്യപ്പെട്ട പല കാര്യങ്ങള്‍ക്കും പിന്നീടുള്ള ഏഴ് മാസത്തോളം ഒരു മറുപടിയുമുണ്ടായില്ല. അമ്മയുടെ പ്രസിഡന്റിന് നിരവധി ഇ-മെയിലുകള്‍ അയച്ചു. പക്ഷേ, ഞങ്ങളോട് ഒരു മറുപടിയും നല്‍കിയില്ല. മാധ്യമങ്ങളോടാണ് മറുപടി നല്‍കിയത്. അതോടെ ഞങ്ങള്‍ക്ക് മനസിലായി ഒരു മാറ്റം ഉണ്ടാക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലെന്ന്’- രേവതി പറഞ്ഞു.
അതേസമയം സംഘടനയില്‍ മാറ്റം വരുത്താന്‍ കഴിയുമെന്ന ഒരു പ്രതീക്ഷയുമില്ലെന്നും കാരണം സ്ത്രീകളുടെ പ്രശ്നങ്ങളോട് അവര്‍ക്ക് പുച്ഛമാണെന്നും രേവതി പറഞ്ഞു.
‘അവര്‍ പറയുന്നതെല്ലാം കേട്ട് വഴങ്ങിയാല്‍ അവര്‍ക്ക് ഒരു പ്രശ്നവുമില്ല. പക്ഷേ, ഒരു ചോദ്യം ചോദിക്കാന്‍ തുടങ്ങിയാല്‍ അപ്പോള്‍ പ്രശ്നം തുടങ്ങും’- രേവതി പറഞ്ഞു.
അതേസമയം നടി ഭാവനയെ കുറിച്ച് ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശം തിരുത്തി അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നല്‍കിയ മറുപടിയില്‍ യോജിക്കുന്നില്ലെന്നും രേവതി പറഞ്ഞു.
‘അദ്ദേഹം പറഞ്ഞകാര്യം അദ്ദേഹത്തിന്റെ മനസിലുള്ള കാര്യമാണ്. ഇവരെല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുന്ന കാര്യം. സ്വകാര്യ ഇടങ്ങളില്‍ സംസാരിച്ചുകൊണ്ടിരുന്ന കാര്യം ഇടവേള ബാബുവിന്റെ വായില്‍നിന്നും പുറത്തേക്ക് വന്നിരിക്കുന്നു. അത് തന്നെയാണ് അവരുടെ മനോഭാവവും- രേവതി പറഞ്ഞു.
അതേസമയം നടന്‍ സിദ്ദിഖിനെതിരായ പരാതി രേഖമൂലം നല്‍കിയിട്ടില്ലെന്ന കാര്യം പറയണമെന്ന് പറഞ്ഞുപഠിപ്പിച്ചിരിക്കുകയാണ്. അതാണ് ഇടവേള ബാബു പറഞ്ഞതെന്നും രേവതി പറഞ്ഞു. രേഖാമൂലം പരാതി തരണമെന്ന് പറയാമായിരുന്നിട്ടും അംഗങ്ങളോട് അതുപോലും പറയാത്ത ഒന്നിനെ എങ്ങനെയാണ് സംഘടനയെന്ന് വിളിക്കുകയെന്നും രേവതി ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് അമ്മയില്‍ നിന്നും രാജിവെയ്ക്കുന്നുവെന്ന് പറഞ്ഞ് നടി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയത്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന് സംഘടനയില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പാര്‍വതി ഫേസ്ബുക്കില്‍ എഴുതിയിരുന്നു.
നേരത്തെ അമ്മയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന പുതിയ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന അംഗമാവില്ലെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. നിലവില്‍ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചു പോയ ആളുകള്‍ തിരിച്ച് വരില്ലല്ലോ. അതുപോലെ ആണ് ഇതെന്നും ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിലെ പരിപാടിയില്‍ പറഞ്ഞിരുന്നു.
ഈ പരാമര്‍ശത്തെത്തുടര്‍ന്നായിരുന്നു പാര്‍വതിയുടെ രാജി. നേരത്തെ സംഘടനയില്‍ റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവര്‍ രാജിവെച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക