| Wednesday, 10th October 2018, 11:04 am

നിങ്ങള്‍ ശീലിച്ചതൊക്കെ മാറ്റാനുള്ള സമയമായി; മുകേഷ് വിഷയത്തില്‍ പ്രതികരണവുമായി രേവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മീ ടൂ കാമ്പയിന്റെ ഭാഗമായി നടന്‍ മുകേഷിനെതിരെ ടെലിവിഷന്‍ സംവിധായിക ടെസ് ജോസഫ് നടത്തിയ വെളിപ്പെടുത്തലുകളോട് പ്രതികരിച്ച് നടിയും സംവിധായികയുമായ രേവതി.

ഇന്‍ഡസ്ട്രിയിലെ ആണുങ്ങള്‍ ഇത്രകാലം ശീലിച്ചതൊക്കെ മാറ്റാനുള്ള സമയമായെന്ന്, സ്ത്രീകള്‍ വിളിച്ചു പറയുന്ന കാലമെത്തിയെന്ന് രേവതി പറഞ്ഞു. മനോരമ ഓണ്‍ലൈനിനോട് സംസാരിക്കുകയായിരുന്നു അവര്‍.

“പെണ്ണുങ്ങള്‍ “നോ” എന്നു പറയുമ്പോള്‍, അതിന്റെ അര്‍ത്ഥം “നോ” എന്നു തന്നെയാണെന്ന് ശക്തമായി ഉറപ്പിക്കുന്നതാണ് ഈ സംഭവവികാസങ്ങള്‍. അതു മനസ്സിലാക്കാനുള്ള സമയമായി. “നോ” എന്നു വച്ചാല്‍ “നോ” എന്നു തന്നെ. അല്ലാതെ അതിന് വേറെ അര്‍ത്ഥം ഇല്ല,”- രേവതി പറയുന്നു.

ഡബ്ല്യു.സി.സി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ അമ്മ തള്ളിയ സംഭവത്തില്‍ രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ നിലപാട് അറിയിക്കുമെന്നും അതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും രേവതി കൂട്ടിച്ചേര്‍ത്തു.

മീ ടൂ ക്യാംപെയ്‌നിന്റെ ഭാഗമായി ദേശീയ തലത്തില്‍ ഒട്ടേറെ പ്രമുഖര്‍ക്കെതിരെ തുറന്നു പറച്ചിലുകള്‍ തുടരുന്നതിനിടെയാണ് മുകേഷിനെതിരെ വെളിപ്പെടുത്തലുമായി ടെസ് രംഗത്തെത്തിയത്. മലയാളത്തില്‍ ഇത്തരമൊരു തുറന്നു പറച്ചില്‍ ആദ്യമായാണ്.

19 വര്‍ഷംമുമ്പ് ചെന്നൈയില്‍വച്ച് ചാനല്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ മുകേഷില്‍ നിന്നും മോശം പെരുമാറ്റമുണ്ടായെന്നായിരുന്നു ടെസ് ജോസഫ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. പരിപാടിയുടെ അവതാരകനായ മുകേഷ് നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയും ഹോട്ടലില്‍ അദ്ദേഹം തങ്ങിയ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചുവെന്നും ടെസ് ജോസഫ് പറയുന്നു.

ഫോണിലൂടെ നിരന്തരം വിളിവന്നതിനെ തുടര്‍ന്ന് പരിപാടിയില്‍ നിന്ന് പിന്മാറി. തന്റെ മേധാവിയും ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ ഡെറിക്ക് ഒബ്രെയിനോട് വിവരം പറഞ്ഞു.

അദ്ദേഹം അടുത്ത വിമാനത്തില്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങാന്‍ ടിക്കറ്റ് അയച്ചുതന്ന് സഹായിച്ചെന്നും ടെസ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇങ്ങനെയൊരു കാര്യം തന്റെ ഓര്‍മയിലില്ലെന്നായിരുന്നു മുകേഷിന്റെ പ്രതികരണം.

ആരോപണം ചിരിച്ചു തള്ളുന്നുവെന്നായിരുന്നു മുകേഷ് പ്രതികരിച്ചത്. തനിക്ക് ടെസിനെ അറിയില്ലെന്ന നിലപാടാണ് മുകേഷ് സ്വീകരിച്ചത്.

We use cookies to give you the best possible experience. Learn more