| Monday, 17th January 2022, 9:57 pm

അതെന്താ വിനീത് ശ്രീനിവാസാ സ്ത്രീകള്‍ക്ക് പത്രാസ് വരൂലേ? ഹൃദയത്തിലെ പാട്ടിനെതിരെ രേവതി സമ്പത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിലെ ‘പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ, ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ച് നടി രേവതി സമ്പത്ത്.

സ്ത്രീകളെ സദാ നേരവും മൊഞ്ച്/അഴക്/ചന്തം കണ്‍സെപ്റ്റില്‍ ഒതുക്കുന്ന രീതിയൊക്കെ എടുത്തുകളയേണ്ടതുണ്ടെന്ന് രേവതി വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.

‘പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ. അതെന്താ വിനീത് ശ്രീനിവാസാ, നമ്മള്‍ സ്ത്രീകള്‍ക്ക് പത്രാസ് വരൂലേ??
സ്ത്രീകളെ സദാ നേരവും മൊഞ്ച്/അഴക്/ചന്തം കണ്‍സെപ്റ്റില്‍ ഒതുക്കുന്ന രീതിയൊക്കെ ഒന്നെടുത്തു കളയടേയ്…! നമ്മള്‍ ഒക്കെ പത്രാസില്‍ ഡബിള്‍ പി.എച്ച്.ഡി ഉള്ളവരാടോ,’ രേവതി സമ്പത്ത് ഫേസ്ബുക്കില്‍ എഴുതി.

അതേസമയം, കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുമെന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്തരം പ്രചരണങ്ങള്‍ തെറ്റാണെന്നും ചിത്രം 21ാം തിയതി തന്നെ തിയേറ്ററില്‍ എത്തുമെന്നും സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഹൃദയം ജനുവരി 21 ന് റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും ലോക്ഡൗണ്‍, സണ്‍ഡേ കര്‍ഫ്യൂ, നൈറ്റ് കര്‍ഫ്യൂ എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാല്‍ 21ന് തന്നെ സിനിമ കേരളത്തിലെ തിയേറ്ററുകളില്‍ എത്തുമെന്നും വിനീത് പറഞ്ഞു. റിലീസ് മാറ്റിവെച്ചു എന്ന വാര്‍ത്ത പരക്കുന്നതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റെന്നും വിനീത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഹൃദയം.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെറിലാന്റ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍.’

ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Actress Revathi Sampath criticizes  Vineeth Sreenivasan’s super hit song ‘Penninte Monch Kantokya Kantokya, Chekante Patrasu Kantokya Kantokya’

We use cookies to give you the best possible experience. Learn more