| Sunday, 13th June 2021, 11:39 pm

വേടന്‍ ഒരു സോഷ്യല്‍ ക്രിമിനലാണ്, അര്‍ഹിക്കുന്ന എല്ലാ ശിക്ഷയും ലഭിക്കണം; സ്വന്തമായി തിരിച്ചറിഞ്ഞു എന്നൊക്കെ പറയുന്നത് സെക്ഷ്വല്‍ അബ്യൂസിന് പരിഹാരമല്ലെന്നും രേവതി സമ്പത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: തനിക്കെതിരെ ഉയര്‍ന്ന മീടൂ ആരോപണത്തില്‍ മാപ്പു പറഞ്ഞ് രംഗത്തെത്തിയ മലയാളം റാപ്പ് ഗായകന്‍ ഹിരണ്‍ ദാസ് മുരളിക്കെതിരെ(വേടന്‍) നടി രേവതി സമ്പത്ത്. സ്വന്തമായി തിരിച്ചറഞ്ഞു എന്നൊക്കെ പറയുന്നത് സെക്ഷ്വല്‍ അബ്യൂസിന് പരിഹാരമല്ലെന്നും വേടന്‍ ഒരു സോഷ്യല്‍ ക്രിമിനലാണെന്നും ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയില്‍ രേവതി സമ്പത്ത് പറഞ്ഞു.

ട്രാപ്പിലാകും എന്ന് അറിഞ്ഞത് കൊണ്ടാണ് വേടന്‍ മാപ്പ് പറഞ്ഞതെന്നും അല്ലെങ്കില്‍ ആദ്യം തെറ്റ് ചെയ്തില്ലെന്ന് പറഞ്ഞ് വരില്ലായിരുന്നെന്നും രേവതി പറഞ്ഞു.

സ്വന്തമായി തിരിച്ചറഞ്ഞു എന്നൊക്കെ വേടന്റെ പോസ്റ്റിന് താഴെ കമന്റിടുന്നവര്‍ സെക്ഷ്വല്‍ അബ്യൂസിനെ പ്രോത്സാഹിപ്പിക്കുകയാണ്. സെക്ഷ്വല്‍ അബ്യൂസ് നടത്തി തിരച്ചറിവ് ലഭിച്ചു എന്ന് പറയുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും രേവതി സമ്പത്ത് പറഞ്ഞു.

ഇതൊരു സാമൂഹ്യ പ്രശ്‌നമാണ്. ഒരുപാട് ഹിരണ്‍ ദാസ് മുരളിമാരുള്ള ലോകത്താണ് താനടക്കമുള്ള സ്ത്രീകള്‍ ജീവിച്ചുപോകുന്നതെന്നു രേവതി പറഞ്ഞു. അദ്ദേഹം അര്‍ഹിക്കുന്ന എല്ലാ ശിക്ഷയും ലഭിക്കണമെന്ന് ആഗ്രഹമുണ്ടെന്നും രേവതി കൂട്ടിച്ചേര്‍ത്തു

‘വേടനെ തനിക്ക് വ്യക്തിപരമായി അറിയുന്ന ആളല്ല. പാട്ടുകളിലൂടെ മാത്രമാണ് അദ്ദേഹത്തെ അറിയുന്നത്. അദ്ദേഹം ഒരു ക്രിമിനല്‍ ആണെന്നറിയാതെയായിരുന്നു അദ്ദേഹത്തിന്റെ വീഡിയോകള്‍ ഷെയര്‍ ചെയ്തത്. ഈ വിഷയം ചര്‍ച്ചയായത് മുതല്‍ വീഡിയോ താന്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഒരു തരത്തിലുള്ള വിസിബിലിറ്റിയും ഇങ്ങനെയുള്ള ക്രിമിനല്‍സിന് കൊടുക്കേണ്ട ആവശ്യമില്ല. അയാള്‍ ഒരു സെക്ഷ്വല്‍ ക്രിമിനലാണ്,’ രേവതി സമ്പത്ത് പറഞ്ഞു. സെക്ഷ്വല്‍ അബ്യൂസിനെ അതിജീവിച്ച മുഴുവന്‍ സ്ത്രീകള്‍ക്കും അഭിവാദ്യമര്‍പ്പിക്കുന്നതായും രേവതി പറഞ്ഞു.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് നേരത്തെ വേടന്‍ മാപ്പു പറഞ്ഞ് രംഗത്തെത്തിയത്.

‘എന്നെ സ്‌നേഹത്തോടെയും സൗഹാര്‍ദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള എന്റെ പെരുമാറ്റത്തില്‍ സംഭവിച്ച പിഴവുകള്‍ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ട്.ആഴത്തില്‍ കാര്യങ്ങള്‍ മനസിലാക്കാതെ പ്രതികരണ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ സ്ത്രീകള്‍ക്കത് മോശം അനുഭവങ്ങളുടെ തുടര്‍ച്ചയായതിലും ഇന്നു ഞാന്‍ ഒരുപാട് ഖേദിക്കുന്നു.

എന്റെ നേര്‍ക്കുള്ള നിങ്ങളുടെ എല്ലാ വിമര്‍ശനങ്ങളും ഞാന്‍ താഴ്മയോടെ ഉള്‍ക്കൊള്ളുകയും നിലവില്‍ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നിര്‍വ്യാജമായി മാപ്പ് പറയുകയും ചെയ്യുന്നു,’ എന്നായിരുന്നു വേടന്‍ ഇന്‍സ്റ്റഗ്രാമിലെഴുതിയിരുന്നത്.

വരും കാലങ്ങളില്‍ ഇത്തരത്തിലുള്ള വിഷമതകള്‍ അറിഞ്ഞോ അറിയാതെയോ തന്നില്‍ നിന്ന് മറ്റൊരാള്‍ക്കു നേരെയും ഉണ്ടാകാതിരിക്കാന്‍ പൂര്‍ണമായും താന്‍ ബാധ്യസ്ഥനാണെന്നും അത്തരം ഒരു മാറ്റം തന്നില്‍ ഉണ്ടാകണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.

തന്റെ പെരുമാറ്റത്തില്‍ പ്രകടമായ ചില ന്യൂനതകള്‍ ശ്രദ്ധിച്ച് താക്കീത് നല്‍കിയവരെ വേണ്ട വിധം മനസിലാക്കാന്‍ കഴിയാതെ പോയിട്ടുണ്ട്. സ്ത്രീവിരുദ്ധമായ ഒരു ഉള്ളടക്കം വന്ന് ചേര്‍ന്നിട്ടുണ്ടെന്ന് ഈ ദിവസങ്ങളില്‍ തന്നോട് സംസാരിച്ചവര്‍ ചൂണ്ടിക്കാണിച്ചു. തന്നിലെ സ്ത്രീ വിരുദ്ധതയുടെ ആഴവും അതിന്റെ പഴക്കമേറിയ അംശവും കണ്ടെത്തി ഉന്‍മൂലനം ചെയ്യാന്‍ തെറാപ്പി അടക്കമുള്ള ആവശ്യ സഹായങ്ങള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും വേടന്‍ പറയുന്നു.

സംവിധായകന്‍ മുഹ്സിന്‍ പരാരിയുടെ ഫ്രം എ നേറ്റീവ് ഡോട്ടര്‍ ആല്‍ബവുമായി പ്രവര്‍ത്തിച്ചുവരവെയായിരുന്നു വേടനെതിരെ മീടൂ ആരോപണമുയര്‍ന്നത്. ഇതോടെ പ്രോജക്ട് നിര്‍ത്തിവെയ്ക്കുന്നതായി പരാരി അറിയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് മാപ്പപേക്ഷിച്ച് വേടന്‍ രംഗത്തെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Actress Revathi Sampath against malayalam rapper Hiran Das Murali(Vedan)

We use cookies to give you the best possible experience. Learn more