| Wednesday, 27th June 2018, 11:32 am

അമ്മയില്‍ കൂട്ടരാജി; കുറ്റാരോപിതനെ സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാകുന്നതില്‍ അര്‍ത്ഥമില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍ കൂട്ടരാജി. നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ സംരക്ഷിക്കുന്ന അമ്മയില്‍ ഇനിയും തുടരുന്നതില്‍ അര്‍ത്ഥമില്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ് അമ്മയില്‍ നിന്നും നാല് നടിമാര്‍ രാജിവെയ്ക്കുന്നത്. വുമണ്‍ ഇന്‍ സിനിമ കളക്റ്റീവിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സംഘടനയും രാജിവെയ്ക്കുന്ന നടികളും നിലപാട് വ്യക്തമാക്കിയത്.

സിനിമാ താരങ്ങളായ ഗീതു മോഹന്‍ ദാസ്, രമ്യാ നമ്പീശന്‍, റീമ കല്ലിങ്കല്‍ എന്നിവരാണ ആക്രമണത്തെ അതിജീവിച്ച നടിയോടൊപ്പം അമ്മയില്‍ നിന്നും രാജി വെയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

കുറ്റാരോപിതനായ നടനെ “അമ്മ”യിലേക്ക് തിരിച്ചെടുത്തത് കൊണ്ടല്ല ഈ തീരുമാനം. ഇതിനും മുമ്പും ഈ നടന്‍ എന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോള്‍ വ്യക്തിയെ സംരക്ഷിക്കുന്ന നിലപാടാണ് സംഘടന സ്വീകരിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായി തുറ്റരുന്നതില്‍ അര്‍ത്ഥമില്ല. ഫേസ്ബുക്ക് കുറിപ്പില്‍ ആക്രമണത്തെ അതിജീവിച്ച നടി വ്യക്തമാക്കി.

ഞാന്‍ അടിസ്ഥനപരമായി മനുഷ്യനായിരിക്കുന്നതില്‍ വിശ്വസിക്കുന്നു എന്നായിരുന്നു രമ്യാ നമ്പീശന്റെ പ്രതികരണം.

ഇത് വലരെ നേരത്തെ എടുക്കേണ്ട തീരുമാനം ആയിരുന്നുവെന്ന് ഗീതു മോഹന്‍ദാസ് പറഞ്ഞു. ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അംഗങ്ങളേയാണ് സംഘടനയ്ക്ക് വേണ്ടത്. എന്റെ കൂട്ടുകാരിക്കൊപ്പം നിന്നുകൊണ്ട് അമ്മ എന്ന സംഘടനയുടെ നിരുത്തരവാദപരമായ സമീപനങ്ങള്‍ക്കെതിരെ പുറത്ത് നിന്ന് പോരാടുമെന്നും ഗീതു മോഹന്‍ദാസ് പറഞ്ഞു.

ഇപ്പൊള്‍ സംഭവിച്ചത് ഒരാളിലോ ഒരു സംഘടനയിലോ ഒതുങ്ങുന്ന ഒരു പ്രശ്‌നമാനെന്ന് ഞാന്‍ കരുതുന്നില്ല. ഈ ഒരൊറ്റ പ്രശ്‌നത്തിന്റെ പേരിലല്ല അമ്മ വിടുന്നതെന്ന് രാജിവച്ച മറ്റൊരു നടിയായ റിമാ കല്ലിങ്കലും പ്രതികരിച്ചു.

വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് നടത്തിയ പ്രവര്‍ത്തനങ്ങളേയും ശ്രമങ്ങലേയും ഫാന്‍സ് അസോസിയേഷനുകളിലൂടേയും മസില്‍ പവറിലൂടെയും തരം താണ ആക്ഷേപഹാസ്യത്തിലൂടേയും പരിഹസിക്കുകയാണ് സംഘടനയും പ്രവര്‍ത്തകരും ചെയ്തിട്ടുള്ളത്. ഞങ്ങളുടെ ഈ നറ്റപടി അമ്മയുടെ തീരുമാനം തിരുത്തുന്നതിന് കാരണമാകട്ടെ എന്നും പോസ്റ്റില്‍ വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് എഴുതുന്നുണ്ട്.

We use cookies to give you the best possible experience. Learn more