മലയാള സിനിമയില്‍ നായികമാര്‍ക്ക് അത്രയ്ക്ക് ക്ഷാമമുണ്ടോ ; തിരിച്ചുവരവിനെ കുറിച്ച് നടി രേണുക മേനോന്‍
Malayalam Cinema
മലയാള സിനിമയില്‍ നായികമാര്‍ക്ക് അത്രയ്ക്ക് ക്ഷാമമുണ്ടോ ; തിരിച്ചുവരവിനെ കുറിച്ച് നടി രേണുക മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th October 2021, 3:53 pm

ക്യാമ്പസ് പശ്ചാത്തലത്തില്‍ സംവിധായകന്‍ കമല്‍ ഒരുക്കിയ നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് കടന്നെത്തിയ താരമായിരുന്നു രേണുക മേനോന്‍.

ചിത്രത്തില്‍ അപര്‍ണ എന്ന കഥാപാത്രമായെത്തി മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. പിന്നീട് മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്‌നവും, വര്‍ഗം, പതാക തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച താരം തെലുങ്കിലും തമിഴിലും കന്നഡയിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. 2006 ന് ശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം.

വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് രേണുകയിപ്പോള്‍. നല്ലൊരു റോളിലേക്ക് വിളിക്കുകയാണെങ്കില്‍ മലയാളത്തിലേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു രേണുകയുടെ മറുപടി.

അവിടെ അത്രമാത്രം ആളുകളെ കിട്ടാത്ത ബുദ്ധിമുട്ടുണ്ടോ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള രേണുകയുടെ ചോദ്യം. സിനിമയെ വളരെയധികം സ്‌നേഹിക്കുന്ന അത് തന്നെ കരിയറാക്കണമെന്ന് ആഗ്രഹിച്ചു നില്‍ക്കുന്ന നിരവധി പേര്‍ മലയാളത്തിലുണ്ടെന്നും അതുകൊണ്ട് തന്നെ ഏത് കഥാപാത്രമായാലം അവരെപ്പോലുള്ളവര്‍ ചെയ്യുന്നതാവും നല്ലതെന്നായിരുന്നു രേണുകയുടെ മറുപടി.

നമ്മള്‍ സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ സിദ്ധാര്‍ത്ഥുമായി സ്ഥിരം അടിയായിരുന്നെന്നും എന്തെങ്കിലും പറഞ്ഞ് തന്നെ ദേഷ്യംപിടിപ്പിക്കുക സിദ്ധാര്‍ത്ഥിന്റെ രീതി ആയിരുന്നെന്നും രേണുക പറയുന്നു.

സിദ്ധു ഭയങ്കര രസികനാണ്. സംസാരിക്കുമ്പോള്‍ എപ്പോഴും കളിയാക്കിക്കൊണ്ട് എന്തെങ്കിലുമൊരു കോമഡി പറയും. നമ്മളെ ചൊറിഞ്ഞുകൊണ്ടിരിക്കുക എന്ന് പറയില്ലേ. എന്റെ സഹോദരനും അങ്ങനെയാണ്. അതുകൊണ്ട് എനിക്ക് അത് പരിചയമാണ്. സിദ്ധു പറയുന്നതിലെല്ലാം കോമഡി ഉണ്ടാവും. പക്ഷേ എന്നെ കളിയാക്കുമ്പോള്‍ എനിക്ക് ദേഷ്യം വരും.

നമ്മള്‍ സിനിമയ്ക്ക് ശേഷം ദുബായില്‍ ഞങ്ങള്‍ ഒരു ഷോയ്ക്ക് പോയിരുന്നു. ഷോ കഴിഞ്ഞ് പിരിയാന്‍ നേരം എന്നെ ഹഗ്ഗ് ചെയ്തുകൊണ്ട് ‘ നീയൊരു അഹങ്കാരിയാണെന്നായിരുന്നു ഞങ്ങള്‍ പലരും കരുതിയതെന്നും ഇപ്പോഴാണ് നീയൊരു പാവമാണെന്ന് മനസിലായതെന്നും’ പറഞ്ഞു. അന്ന് ഭായ് പറഞ്ഞ് പിരിഞ്ഞതാണ്.

അതുപോലെ ജിഷ്ണുവിനെ കുറിച്ച് പറയുകയാണെങ്കില്‍ നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം. ജിഷ്ണുവിനൊപ്പം വേറെയും സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. പക്വതയോടെ കാര്യങ്ങളെ സമീപിച്ചിരുന്നു ആളായിരുന്നു ജിഷ്ണു.

ജിഷ്ണുവിന്റെ മരണവാര്‍ത്ത ഭയങ്കര ഷോക്കായിരുന്നു. നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം. ഇപ്പോഴും രാഘവന്‍ അങ്കിളിനെ പറ്റി ആലോചിക്കുമ്പോള്‍ സങ്കടമാണ്, രേണുക പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Renuka Menon about Malayalam Cinema