| Tuesday, 21st February 2017, 9:54 am

ചില സംശയങ്ങളുണ്ട്; സൂപ്പര്‍സ്റ്റാറിന് പങ്കുണ്ടോ എന്നത് പൊലീസ് അന്വേഷിക്കട്ടെ; കേസ് പിന്‍വലിക്കില്ലെന്നും നടിയുടെ കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ചില സംശയങ്ങളുണ്ടെന്ന് നടിയുടെ ബന്ധുക്കള്‍. ഇക്കാര്യങ്ങള്‍ ആവശ്യമെങ്കില്‍ അന്വേഷണ സംഘത്തോട് പറയുമെന്നും നടിയുടെ അമ്മയും അമ്മാവനും പ്രതികരിച്ചു.

ഇക്കാര്യത്തില്‍ സോഷ്യല്‍മീഡിയ അവാസ്തവം പ്രചരിപ്പിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് ചില സംശയങ്ങളുണ്ട്. അത് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. കേസില്‍ നിന്ന് പിന്‍മാറാന്‍ പോകുന്നു എന്ന പ്രചരണവും ശരിയല്ല.

കേസുമായി മുന്നോട്ട് പോകും. ഞങ്ങള്‍ അവള്‍ക്കൊപ്പമുണ്ട്. ഇത്തരമൊരു സംഭവം ഇനി ഇവിടെ ആവര്‍ത്തിക്കരുതെന്നും നടിയുടെ അമ്മ പറഞ്ഞു.

മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാറിന് സംഭവത്തില്‍ പങ്കുണ്ടെന്ന് വാര്‍ത്ത വരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളൊക്കെ പൊലീസ് അന്വേഷിക്കേണ്ടതാണെന്നും അതിനെ കുറിച്ച് കൂടുതല്‍കാര്യങ്ങള്‍ അറിയില്ലെന്നും നടിയുടെ ബന്ധുക്കള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.


Also Read

നടിക്കെതിരായ ആക്രമണം; അന്വേഷണം സുനിയുടെ കാമുകിമാരിലേക്ക്


നടിയുടെ വിവാഹം മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും പ്രതിശ്രുത വരനും കുടുംബവും പൂര്‍ണപിന്തുണയുമായി നടിക്കൊപ്പമുണ്ടെന്നുമാണ് അറിയുന്നത്.

അതേസമയം സംഭവത്തില്‍ മുഖ്യപ്രതികളിലൊരാളായ തമ്മനം സ്വദേശി മണികണ്ഠനെ പാലക്കാട്ടെ ഒളിയിടത്തില്‍ നിന്ന് ഇന്നലെ രാത്രി പിടികൂടി.ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി. നടി ആക്രമിക്കപ്പെടുമ്പോള്‍ മൂന്നു പേരാണ് കാറിലുണ്ടായിരുന്നതെന്ന് കണ്ടെത്തിയിരുന്നു.

ഇതില്‍ ഒരാളെയാണ് ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്. പിടിയിലായ ആളെ ചോദ്യം ചെയ്യുന്നതിലൂടെ മറ്റുപ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്റെ (പള്‍സര്‍ സുനി) ഒരു മാസത്തെ ടെലിഫോണ്‍ സംഭാഷണ രേഖകള്‍ നിര്‍ണായകമാവും. അതിക്രമത്തിനു ശേഷം കേസിലെ പ്രതികളിലൊരാള്‍ ഫോണില്‍ ആരെയോ വിളിച്ചു നടന്ന കാര്യങ്ങള്‍ പറഞ്ഞു പൊട്ടിച്ചിരിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. പള്‍സര്‍ സുനി മുന്‍കൂര്‍ജാമ്യത്തിനു ശ്രമിക്കുന്നതിനാല്‍ കേസ് കോടതി പരിഗണിക്കുന്നതിന് മുന്‍പ് പ്രതിയെ പിടികൂടാനാണ് പൊലീസ് ശ്രമം. ഇയാളെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

We use cookies to give you the best possible experience. Learn more