| Friday, 10th January 2025, 1:39 pm

ആ മലയാളനടന്‍ ഒരു നിഷ്‌കളങ്കന്‍; സിമ്പിളായിട്ടുള്ള അഭിനയരീതിയാണ്: രേഖ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1986ല്‍ പുറത്തിറങ്ങിയ പുന്നഗൈ മന്നന്‍ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് അരങ്ങേറിയ നടിയാണ് രേഖ. സിദ്ദിഖ് -ലാല്‍ കൂട്ടുകെട്ടിന്റെ റാംജി റാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര മേഖലയിലും രേഖ തന്റെ സ്ഥാനം ഉറപ്പിച്ചു. വലിയൊരു ഇടവേളക്ക് ശേഷം രേഖ അഭിനയിച്ച മലയാള സിനിമയായിരുന്നു കഴിഞ്ഞ വര്‍ഷമിറങ്ങിയ ഗുരുവായൂരമ്പലനടയില്‍.

ഗുരുവായൂരമ്പലനടയില്‍ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് രേഖ. ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് നിമിത്തമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് രേഖ പറയുന്നു. സിനിമയില്‍ ജഗദീഷിന്റെ പെയര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്നും കുറെ കാലത്തിന് ശേഷം പൃഥ്വിരാജിന്റെ കൂടെ അഭിനയിച്ചപ്പോള്‍ അദ്ദേഹത്തിന് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും രേഖ പറഞ്ഞു.

ബേസില്‍ ജോസഫ്, അനശ്വര രാജന്‍, നിഖില വിമല്‍ എന്നിവരുടെ അഭിനയരീതി വളരെ സിമ്പിള്‍ ആണെന്നും എല്ലാവര്‍ക്കും എല്ലാത്തിനെ കുറിച്ചും അറിവുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. ബേസില്‍ ഒരു നിഷ്‌കളങ്കനാണെന്നും രേഖ പറഞ്ഞു.

‘ഗുരുവായൂരമ്പലനടയില്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് നിമിത്തമെന്ന് വിശ്വസിക്കുന്നു. പ്രൊഡക്ഷന്‍ ഹൗസില്‍നിന്നുമാണ് വിളിവന്നത്. സംവിധായകന്‍ വിപിന്‍ ദാസിന്റെ പേര് കേട്ടപ്പോള്‍ത്തന്നെ നെഞ്ചില്‍ ലഡു പൊട്ടി.

‘ജയ ജയ ജയ ജയ ഹേ’ എന്ന സിനിമ ഞാനും കണ്ടിട്ടുണ്ട്, അസല്‍ മൂവി. ആ സംവിധായകന്റെ സിനിമയെന്ന് കേട്ടപ്പോള്‍ത്തന്നെ ഞാന്‍ ഓക്കെയായിരുന്നു.

ജഗദീഷ് സാറിന്റെ പെയറാണെന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നി. ഗൃഹപ്രവേശത്തില്‍ ഒന്നിച്ചഭിനയിച്ചതുകൊണ്ടുതന്നെ നൊസ്റ്റാള്‍ജിക് ഫീല്‍ വരാനാണ് അവര്‍ ആ കോമ്പോ ഉണ്ടാക്കിയത്. പൃഥ്വിരാജിന്റെ കൂടെ വീരാളിപ്പട്ട്, അവന്‍ ചാണ്ടിയുടെ മകന്‍ എന്നീ ചിത്രങ്ങളിലഭിനയിച്ചിരുന്നു, ഏഴെട്ടു വര്‍ഷം മുമ്പ്. അതിനിടയില്‍ പൃഥ്വി എത്ര വളര്‍ന്നു, പക്വത വന്നു, മികച്ച നടനും സംവിധായകനുമായി.

ബേസില്‍ ജോസഫ്, അനശ്വര രാജന്‍, നിഖില വിമല്‍ എന്നിവരുടെ ശ്രദ്ധയും തീവ്രപ്രയത്‌നങ്ങളും എടുത്തുപറയേണ്ടതാണ്. വളരെ ലൈറ്റായിട്ടുള്ള, സിമ്പിളായിട്ടുള്ള ആക്ടിങ് രീതിയാണ്. കടുംപിടിത്തമില്ല.

എല്ലാവരും വിദ്യാഭ്യാസമുള്ളവരാണ്. എല്ലാറ്റിനെക്കുറിച്ചും നല്ല അറിവുമുണ്ട്. ചെയ്യാന്‍പോകുന്ന ഷോട്ട് എങ്ങനെയാണെന്നൊക്കെ മനസിലാക്കിയാണ് അഭിനയിക്കാന്‍ വരുന്നത്.

പണ്ടൊക്കെ നമുക്ക് പറഞ്ഞുതരുന്നതുപോലെ ചെയ്തിട്ടുപോവുകയായിരുന്നു. അവര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ നമുക്കും പല കാര്യങ്ങളും പഠിക്കാം. പൃഥ്വിക്ക് എല്ലാറ്റിനെക്കുറിച്ചുമറിയാം. ബേസില്‍ ഒരു നിഷ്‌കളങ്കനാണ്. നിഖിലാവിമല്‍, അനശ്വര ഇവരൊക്കെ മിടുക്കികളും സുന്ദരികളുമാണ്. അവരുടെ സ്‌പേസ് മനസിലാക്കി നല്ല കഥാപാത്രങ്ങള്‍ ചെയ്യുന്നു,’ രേഖ പറയുന്നു.

Content Highlight: Actress Rekha Talks About Co Actors Of Guruvayoor Ambalanadayil Movie

We use cookies to give you the best possible experience. Learn more