ഹോളി ആഘോഷങ്ങള്‍ക്കിടയില്‍ ട്രെന്‍ഡിംഗായി രേഖ; നടി പാടുന്ന മുന്‍ വീഡിയോ  ഏറ്റെടുത്ത് ആരാധകര്‍
Entertainment
ഹോളി ആഘോഷങ്ങള്‍ക്കിടയില്‍ ട്രെന്‍ഡിംഗായി രേഖ; നടി പാടുന്ന മുന്‍ വീഡിയോ  ഏറ്റെടുത്ത് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th March 2021, 10:37 pm

സിനിമാതാരങ്ങളുടെ ഹോളി ആഘോഷങ്ങളാണ് രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാവുന്നത്. ഇതിനിടയില്‍ നടി രേഖയുടെ ഒരു പഴയ വീഡിയോ ഈ എല്ലാ ഹോളി ഫോട്ടോകളെയും വീഡിയോകളെയും മറികടന്ന് ആരാധക പ്രീതി പിടിച്ചുപറ്റിയിരിക്കുകയാണ്.

ദ കപില്‍ ശര്‍മ ഷോ എന്ന പരിപാടിയില്‍ അതിഥിയായെത്തിയ സമയത്ത് നടി രേഖ രംഗ് ബര്‍സേ എന്ന ഗാനം ആലപിച്ചിരുന്നു. അമിതാഭ് ബച്ചനും രേഖയും ജയ ബച്ചനും പ്രധാന കഥാപാത്രങ്ങളായെത്തിയ സില്‍സില എന്ന ചിത്രത്തിലേതാണ് ഈ ഗാനം.

ഹോളി ആഘോഷങ്ങളിലെ ഒഴിവാക്കാനാത്ത ഗാനമായാണ് രംഗ് ബര്‍സേയെ ഇന്നും കണക്കാക്കുന്നത്. കപില്‍ ശര്‍മ ഷോയില്‍ രേഖ ഈ പാട്ടിലെ ചില വരികള്‍ ഹാര്‍മോണിയത്തില്‍ വായിച്ചുകൊണ്ട് ആലപിക്കുന്നതിന്റെ വീഡിയോ ആര്‍.ജെ സയേമ പങ്കുവെച്ചതോടെയാണ് രേഖ വീണ്ടും ട്രെന്‍ഡിംഗായത്.


ശിവ്-ഹരി കൂട്ടുക്കെട്ട് സംഗീതം ചെയ്ത രംഗ് ബര്‍സേയിലെ വരികള്‍ എഴുതിയത് അമിതാഭ് ബച്ചന്റെ അച്ഛനും പ്രശസ്ത കവിയുമായ ഹരിവന്‍ശ് റായി ബച്ചനായിരുന്നു. ചിത്രത്തില്‍ ഈ പാട്ട് പാടിയത് നായകന്‍ കൂടിയായ അമിതാഭ് ബച്ചനും.