ട്വിറ്റര്‍ മുഴുവനും സംഘികളും നക്‌സലൈറ്റുകളും, അതുകൊണ്ടാണ് ഞങ്ങള്‍ക്കൊന്നും മിണ്ടാന്‍ സാധിക്കാത്തത്: രവീണ ടണ്ടന്‍
Entertainment news
ട്വിറ്റര്‍ മുഴുവനും സംഘികളും നക്‌സലൈറ്റുകളും, അതുകൊണ്ടാണ് ഞങ്ങള്‍ക്കൊന്നും മിണ്ടാന്‍ സാധിക്കാത്തത്: രവീണ ടണ്ടന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th February 2023, 11:02 am

ട്വിറ്റര്‍ പൂര്‍ണമായും ധ്രുവീകരിക്കപ്പെട്ടിരിക്കുകയാണെന്ന് നടി രവീണ ടണ്ടന്‍. ട്വിറ്ററില്‍ നിഷ്പക്ഷമായ നിലപാടെടുക്കാനാവില്ലെന്നും സംഘികളും നക്‌സലൈറ്റുകളും അവിടം കയ്യടിക്കിയെന്നും രവീണ പറഞ്ഞു. എ.എന്‍.ഐക്ക് നല്‍കിയ പോഡ്കാസ്റ്റിലായിരുന്നു രവീണയുടെ പ്രതികരണം.

”സംസാരിച്ചാലും ഇല്ലെങ്കിലും പ്രശ്‌നമാണ്. ട്വിറ്റര്‍ ഇപ്പോള്‍ ധ്രുവീകരിക്കപ്പെട്ടിരിക്കുകയാണ്. അവിടെ വലതുപക്ഷമാവും ഇടതുപക്ഷവും കയ്യടക്കി കഴിഞ്ഞു. അവിടെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ട്വിറ്റര്‍ മുഴുവന്‍ സംഘികളും നക്‌സലൈറ്റുകളുമാണ്. രണ്ടിനുമിടയില്‍ ഒരു സ്റ്റാന്‍ഡ് എടുക്കാന്‍ സാധിക്കില്ല. ന്യൂട്രലാവാനും പറ്റില്ല. എന്നിരുന്നാലും എന്റെ രാജ്യത്തിന് വേണ്ടി സംസാരിക്കേണ്ട സമയമാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും മുന്നോട്ട് വരും.

എനിക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി കമന്റ്‌സ് ലഭിക്കാറുണ്ട്. നീ അഭിനയിച്ചാല്‍ മതി, ഇതിനെ പറ്റി എന്തറിയാം എന്നൊക്കെ ആളുകള്‍ കമന്റ് ചെയ്യും. എനിക്കെന്താ പറയാന്‍മേലേ? ഞാന്‍ ഇന്ത്യന്‍ പൗരയല്ലേ? ഈ രാജ്യത്തിന്റെ അടുത്ത തലമുറയിലേക്ക് എത്തുന്ന കുട്ടികളുടെ അമ്മയല്ലേ? ഞാന്‍ നികുതി അടക്കുന്നില്ലേ? ഈ രാജ്യത്തെ കുറിച്ച് എനിക്ക് അഭിമാനമില്ലേ.

ഒരു നടിയായതുകൊണ്ട് രാജ്യത്തിന് വേണ്ടി സംസാരിക്കാനുള്ള എന്റെ അവകാശം ഇല്ലാതാവുന്നത് എങ്ങനെയാണ്. എന്നോട് ഇങ്ങനെ പറയാന്‍ ഇവരാരാണ്? ഞാന്‍ അവരുടെ വീട്ടില്‍ പോയി ഇത് പറയരുത്, അത് പറയരുത് എന്ന് പറയുന്നില്ലല്ലോ,’ രവീണ പറഞ്ഞു.

തനിക്കെതിരെ ഉണ്ടായിട്ടുള്ള ആക്ഷേപങ്ങളെ കുറിച്ചും തൊണ്ണൂറുകളില്‍ മാസികകളില്‍ വന്നിരുന്ന ഗോസിപ്പുകളെ കുറിച്ചും രവീണ സംസാരിച്ചിരുന്നു. ‘തൊണ്ണൂറുകളില്‍ എന്നെ പല പേരുകള്‍ വിളിച്ചും ശരീര ഭാഗങ്ങളെ വെച്ചും കളിയാക്കിയിട്ടുണ്ട്. അപ്പോള്‍ അതൊന്നും ഞാന്‍ കാര്യമാക്കി എടുത്തിരുന്നില്ല. ഇപ്പോഴും അങ്ങനെ തന്നെയാണ്. പക്ഷെ വളരെ മോശം പ്രവണതയാണ് അത്. ഗോസിപ്പ് മാഗസിനുകളില്‍ ഏറ്റവും മോശം തൊണ്ണൂറുകളിലേതാണ്.

സ്ത്രീകളില്‍ ചിലര്‍ തന്നെയാണ് അവരുടെ ഏറ്റവും വലിയ ശത്രുക്കള്‍. സ്ത്രീകളെ നാണം കെടുത്തുന്നതും മറ്റൊരു സ്ത്രീയെ താഴെയിറക്കാന്‍ വേണ്ടി എന്തും ചെയ്യുന്നതും അവര്‍ തന്നെയാണ്. ഇന്നവര്‍ വലിയ ഫെമിനിസ്റ്റുകളായി നടക്കുന്നു. എപ്പോഴാണ് ഇതൊക്കെ സംഭവിച്ചതെന്ന് ഓര്‍ത്ത് എനിക്ക് അത്ഭുതം തോന്നുകയാണ്.

സ്ത്രീകളായ ന്യൂസ് എഡിറ്റര്‍മാര്‍ പ്രമുഖ നടന്മാരുമായി പ്രണയത്തിലാകും. അന്നൊക്കെ ആ താരങ്ങള്‍ പറയുന്നതായിരുന്നു അവരുടെ അവസാന വാക്ക്. മുന്‍നിര നടന്മാര്‍ക്ക് ഒരു നടിയെ ഇന്‍ഡസ്ട്രിയില്‍ നിന്ന് മാറ്റണമെങ്കില്‍ ആ സ്ത്രീയെ അപമാനിക്കും, അവരെ കുറിച്ചുള്ള മോശം ലേഖനങ്ങള്‍ മാസികകളില്‍ എഴുതിപ്പിക്കും.

അവരുടെ കരിയര്‍ തന്നെ നശിപ്പിക്കും. ഒടുവില്‍ ഇതേ മാസികയുടെ പുതിയ ലക്കത്തില്‍ ‘നേരത്തെ പ്രസിദ്ധീകരിച്ച കഥ സത്യമല്ലെന്ന് തെളിഞ്ഞു’ എന്നെഴുതും. പിന്നെ ആരാണ് അത് വായിക്കുക. മുമ്പ് പുറത്തിറങ്ങിയ തലക്കെട്ടുകള്‍ അതിനോടകം വലിയ വാര്‍ത്തയായി മാറിയിരിക്കും,’ രവീണ ടണ്ടന്‍ പറഞ്ഞു.

Content Highlight: Actress Raveena Tandon says that Twitter is completely polarized