| Tuesday, 7th February 2023, 4:48 pm

"അന്ന് അവര്‍ ബോഡി ഷേമിങ് നടത്തി, ഇന്നവരൊക്കെ പുരോഗമനവാദികളാണ്"

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്കെതിരെ ഉണ്ടായിട്ടുള്ള ആക്ഷേപങ്ങളെ കുറിച്ചും തൊണ്ണൂറുകളില്‍ മാസികകളില്‍ വന്നിരുന്ന ഗോസിപ്പുകളെ കുറിച്ചും തുറന്ന് പറയുകയാണ് ബോളിവുഡ് നടി രവീണ ടണ്ടന്‍. മാസികകളിലൂടെ തന്നെ പലതരത്തിലുള്ള പേരുകള്‍ വിളിച്ചിരുന്നെന്നും ബോഡി ഷേമിങ് നടത്തിയിരുന്നു എന്നും രവീണ പറഞ്ഞു.

ആ കാലത്തൊക്കെ ഒരു നടിയെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇത്തരത്തിലുള്ള മാസികകളിലൂടെ മോശം കഥകള്‍ എഴുതുകയാണ് ചെയ്തിരുന്നതെന്ന് പറയുകയാണ് നടി. അക്കാലത്തും ഇന്നും താന്‍ അതൊന്നും കാര്യമാക്കിയിരുന്നില്ലെന്നും താരം എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘തൊണ്ണൂറുകളില്‍ എന്നെ പല പേരുകള്‍ വിളിച്ചും ശരീര ഭാഗങ്ങളെ വെച്ചും കളിയാക്കിയിട്ടുണ്ട്. അപ്പോള്‍ അതൊന്നും ഞാന്‍ കാര്യമാക്കി എടുത്തിരുന്നില്ല. ഇപ്പോഴും അങ്ങനെ തന്നെയാണ്. പക്ഷെ വളരെ മോശം പ്രവണതയാണ് അത്. ഗോസിപ്പ് മാഗസിനുകളില്‍ ഏറ്റവും മോശം തൊണ്ണൂറുകളിലേതാണ്.

സ്ത്രീകളില്‍ ചിലര്‍ തന്നെയാണ് അവരുടെ ഏറ്റവും വലിയ ശത്രുക്കള്‍. സ്ത്രീകളെ നാണം കെടുത്തുന്നതും മറ്റൊരു സ്ത്രീയെ താഴെയിറക്കാന്‍ വേണ്ടി എന്തും ചെയ്യുന്നതും അവര്‍ തന്നെയാണ്. ഇന്നവര്‍ വലിയ ഫെമിനിസ്റ്റുകളായി നടക്കുന്നു. എപ്പോഴാണ് ഇതൊക്കെ സംഭവിച്ചതെന്ന് ഓര്‍ത്ത് എനിക്ക് അത്ഭുതം തോന്നുകയാണ്.

സ്ത്രീകളായ ന്യൂസ് എഡിറ്റര്‍മാര്‍ പ്രമുഖ നടന്മാരുമായി പ്രണയത്തിലാകും. അന്നൊക്കെ ആ താരങ്ങള്‍ പറയുന്നതായിരുന്നു അവരുടെ അവസാന വാക്ക്. മുന്‍നിര നടന്മാര്‍ക്ക് ഒരു നടിയെ ഇന്‍ഡസ്ട്രീയില്‍ നിന്ന് മാറ്റണമെങ്കില്‍ ആ സ്ത്രീയെ അപമാനിക്കും, അവരെ കുറിച്ചുള്ള മോശം ലേഖനങ്ങള്‍ മാസികകളില്‍ എഴുതിപ്പിക്കും.

അവരുടെ കരിയര്‍ തന്നെ നശിപ്പിക്കും. ഒടുവില്‍ ഇതേ മാസികയുടെ പുതിയ ലക്കത്തില്‍ ‘നേരത്തെ പ്രസിദ്ധീകരിച്ച കഥ സത്യമല്ലെന്ന് തെളിഞ്ഞു’ എന്നെഴുതും. പിന്നെ ആരാണ് അത് വായിക്കുക. മുമ്പ് പുറത്തിറങ്ങിയ തലക്കെട്ടുകള്‍ അതിനോടകം വലിയ വാര്‍ത്തയായി മാറിയിരിക്കും,’ രവീണ ടണ്ടന്‍ പറഞ്ഞു.

അതേസമയം പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ് 2വാണ് രവീണയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. യഷ് നായകനായെത്തിയ സിനിമ വലിയ വിജയമായിരുന്നു. സിനിമയില്‍ ഒരു സുപ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

content highlight: actress raveena tandon about gossip magazine

We use cookies to give you the best possible experience. Learn more