കന്നഡ സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നും വിലക്കപ്പെട്ടുവെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടി രശ്മിക മന്ദാന. കന്നഡ സിനിമയില്‍ തനിക്ക് വിലക്കില്ലെന്നും നല്ല ഓഫറുകള്‍ വരികയാണെങ്കില്‍ ഇനിയും കന്നഡ സിനിമയില്‍ അഭിനയിക്കുമെന്നും രശ്മിക മാധ്യമങ്ങളോട് പ്രതികരിച്ചു. കന്നഡ സിനിമയോട് എപ്പോഴും നന്ദിയും ബഹുമാനവുമുണ്ടെന്നും രശ്മിക കൂട്ടിച്ചേര്‍ത്തു.
‘എന്റെ വ്യക്തിജീവിതത്തില്‍ സംഭവിച്ചത് എന്നേയും എന്നോട് അടുപ്പമുള്ളവരേയും സംബന്ധിക്കുന്നതാണ്. കാന്താരയുടെ റിലീസ് സമയത്ത് ചിലര്‍ അനാവശ്യമായി എനിക്കെതിരെ പ്രതികരിച്ചു. പക്ഷേ അതൊന്നും ഞാന്‍ സീരിയസായി എടുത്തിട്ടില്ല. സിനിമ നേടിയ വിജയത്തില്‍ കാന്താരയുടെ അണിയറപ്രവര്‍ത്തകരെ അഭിനന്ദിച്ച് ഞാന്‍ മെസേജ് ചെയ്തിരുന്നു. എന്റെ പോയിന്റ് തെളിയിക്കാനായി ആ മെസേജുകള്‍ പബ്ലിക്കിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനാവില്ല.
കന്നഡ സിനിമയോട് ഒരുപാട് ബഹുമാനവും നന്ദിയുമുണ്ട്. കന്നഡയില്‍ നിന്നും എനിക്ക് ബാന്‍ ലഭിക്കുവാന്‍ തക്കതായി ഒരു കാരണവുമില്ല. നല്ല ഓഫറുകള്‍ വരികയാണെങ്കില്‍ ഇനിയും കന്നഡയില്‍ അഭിനയിക്കാന്‍ റെഡിയാണ്,’ രശ്മിക പറഞ്ഞു.
കാന്താര വലിയ വിജയം നേടിയ സമയത്ത് സിനിമ കണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് രശ്മിക പറഞ്ഞത്. ഇതിന് പിന്നാലെ വലിയ സൈബര്‍ ആക്രമണമാണ് നടി നേരിട്ടത്. തന്റെ ആദ്യ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയെ പറ്റിയുള്ള രശ്മികയുടെ പരാമര്‍ശങ്ങളും വിവാദമായി.
റിഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ പുറത്ത് വന്ന കിറിക്ക് പാര്‍ട്ടി എന്ന ചിത്രത്തിലൂടെയാണ് രശ്മിക സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. റിഷഭിന്റെ തന്നെ ഉടമസ്ഥതയിലുള്ള പരംവാഹന്‍ പ്രൊഡക്ഷന്‍ ഹൗസാണ് കിറിക്ക് പാര്‍ട്ടി നിര്‍മിച്ചത്. അഭിമുഖത്തില്‍ വെച്ച് ഈ ചിത്രത്തെ പറ്റി രശ്മിക സംസാരിച്ചിരുന്നു.
കൈ കൊണ്ടുള്ള ഇന്‍വേര്‍ട്ടഡ് കോമയുടെ ആക്ഷന്‍ കാണിച്ച് പേര് പറയാതെ ഈ പ്രൊഡക്ഷന്‍ ഹൗസില്‍ നിന്നും തനിക്ക് ഒരു കോള്‍ വന്നുവെന്നും അതൊരു പ്രാങ്കാണെന്നാണ് വിചാരിച്ചതെന്നുമാണ് രശ്മിക പറഞ്ഞത്. ആദ്യസിനിമയിലെ അണിയറപ്രവര്‍ത്തകരടെയും നിര്‍മാതാക്കളുടെയോ പേരുകളൊന്നും പരാമര്‍ശിക്കാത്തതിനെതിരെ രശ്മികക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
പിന്നാലെ അടുത്തിടെ നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ രശ്മികയെ റിഷഭ് ഷെട്ടിയും പരിഹസിച്ചിരുന്നു. പേര് പറയാതെ രശ്മിക കൈ കൊണ്ട് കാണിച്ച അതേ ആക്ഷന്‍ ചെയ്തുകൊണ്ട് ഈ ടൈപ്പ് നടിയെ ഇഷ്ടമല്ല എന്നാണ് റിഷഭ് പറഞ്ഞത്. ഈ സംഭവങ്ങള്‍ക്കൊപ്പം തന്നെയാണ് രശ്മികക്ക് കന്നഡ സിനിമ ഇന്‍ഡസ്ട്രിയില്‍ അനൗദ്യോഗികമായി വിലക്ക് ലഭിച്ചു എന്ന അഭ്യൂഹങ്ങള്‍ പരന്നത്.
Content Highlight: Actress Rashmika Mandhana has responded to the rumors that she has been banned from the Kannada film industry