പിരിയഡ് പെയിന്‍ സിമുലേറ്റര്‍ വാങ്ങി ഞാന്‍ കൂട്ടുകാര്‍ക്കെല്ലാം കൊടുക്കും, അതിന് ശേഷമുള്ള അവരുടെ റിയാക്ഷന്‍ എനിക്ക് കാണണം: രശ്മിക മന്ദാന
Entertainment news
പിരിയഡ് പെയിന്‍ സിമുലേറ്റര്‍ വാങ്ങി ഞാന്‍ കൂട്ടുകാര്‍ക്കെല്ലാം കൊടുക്കും, അതിന് ശേഷമുള്ള അവരുടെ റിയാക്ഷന്‍ എനിക്ക് കാണണം: രശ്മിക മന്ദാന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th February 2023, 4:51 pm

ആര്‍ത്തവ സമയത്ത് താന്‍ അുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുകയാണ് നടി രശ്മിക മന്ദാന. ആര്‍ത്തവ ദിവസങ്ങളില്‍ തനിക്ക് ഭയങ്കര ബുദ്ധിമുട്ടാണെന്നും ഒന്ന് നില്‍ക്കാനോ കിടക്കാനോ തനിക്ക് പറ്റാറില്ലെന്നും താരം പറഞ്ഞു.

തനിക്ക് പിരിയഡ് പെയിന്‍ സിമുലേറ്റര്‍ ലഭിച്ചാല്‍ അത് വാങ്ങി തന്റെ സുഹൃത്തുക്കള്‍ക്ക് കൊടുക്കുമെന്നും ഇതാണ് സ്ത്രീകള്‍ ഉള്ളില്‍ കൊണ്ട് നടക്കുന്ന വേദനയെന്ന് അവരോട് പറയുമെന്നും രശ്മിക പറഞ്ഞു. പ്രേമ ദി ജേര്‍ണലിസ്റ്റ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രശ്മിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഈ ഇടയ്ക്ക് ഞാന്‍ ഒരു വീഡിയോ കണ്ടിരുന്നു. അതില്‍ പറയുന്നത് സ്ത്രീകള്‍ ഉള്ളില്‍ വേദന കൊണ്ട് നടക്കുന്നവരാണെന്നാണ്. ഞാന്‍ ഇങ്ങനെ വിചാരിക്കാറുണ്ട് പിരിയഡ് പെയിന്‍ സിമുലേറ്റര്‍ പുരുഷന്‍മാര്‍ക്ക് കൊടുക്കണമെന്ന്. അവര്‍ എങ്ങനെയാണ് പീരിയഡ് പെയിന്‍ കൈകാര്യം ചെയ്യുന്നതെന്ന് കാണാമല്ലോ.

എനിക്ക് അത് കിട്ടിയിരുന്നെങ്കില്‍ ഞാന്‍ അത് വാങ്ങിയിട്ട് എന്റെ കൂട്ടുകാര്‍ക്ക് എല്ലാം കൊടുക്കും. ഇതാണ് ഞങ്ങള്‍ അനുഭവിക്കുന്ന വേദനയെന്ന് ഞാന്‍ അവരോട് പറയും. അതിന് ശേഷമുള്ള അവരുടെ റിയാക്ഷന്‍ എനിക്ക് ഒന്ന് കാണണം. കാരണം വല്ലാത്ത വിഷമമാണ് ആ സമയത്ത് നമ്മള്‍ അനുഭവിക്കുന്നത്.

എല്ലാ സ്ത്രീകള്‍ക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല. ചില ആളുകള്‍ക്ക് തീരെ വേദനയുണ്ടാവില്ല. കുറച്ച് ദിവസം മുന്നെ എനിക്ക് ഒന്ന് നില്‍ക്കാന്‍ പോലും പറ്റിയിരുന്നില്ല. നില്‍ക്കാനോ കിടക്കാനോ എനിക്ക് പറ്റുന്നില്ലായിരുന്നു.

എന്റെ അമ്മക്ക് ഈ സമയങ്ങളില്‍ ഒരു വേദനയും ഉണ്ടാവില്ല. അതുകൊണ്ട് തന്നെ എന്റെ വേദന അമ്മക്ക് മനസിലാവില്ല. ഇതെല്ലാ സ്ത്രീകള്‍ക്കും ഉള്ളതല്ലെ, നീ എന്തിനാണ് ഇതില്‍ പരാതിപെടുന്നതെന്നാണ് ചോദിക്കുക. അമ്മ ലക്കിയാണ് കാരണം ഈ വേദന സഹിക്കേണ്ടി വരുന്നില്ല. പക്ഷെ എനിക്ക് അങ്ങനെയല്ല. ആര്‍ക്കും ഈ വേദന തുറന്ന് കാണിച്ച് കൊടുക്കാന്‍ പറ്റില്ലല്ലോ,” രശ്മിക മന്ദാന പറഞ്ഞു.

content highlight: actress rashmika mandana about period  pain