കോഴിക്കോട്: സമൂഹ മാധ്യമങ്ങളില്‍ വൈറലായ കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്റെയും കൂറ്റന്‍ കട്ടൗട്ടുകള്‍ നീക്കംചെയ്യാനുള്ള പഞ്ചായത്ത് നിര്‍ദേശത്തില്‍ പ്രതികരണവുമായി നടി രഞ്ജിനി. ലോക ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തിയ കട്ടൗട്ടുകള്‍ നീക്കം ചെയ്യെരുതെന്നാണ് രഞ്ജിനിയുടെ ആവശ്യം.
കട്ടൗട്ടുകളുടെ വാര്‍ത്ത ഒളിമ്പിക്സ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അത് കേരളത്തിന് അഭിമാനമല്ലേയെന്നും രഞ്ജിനി ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
‘ഈ സന്തോഷം ഇല്ലാതാക്കരുത്. പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച ഫുട്‌ബോള്‍ സൂപ്പര്‍താരങ്ങളായ മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ എടുത്തു മാറ്റരുതെന്ന് കോഴിക്കോട് ജില്ലാ കളക്ടറിനോടും മേയറോടും അഭ്യര്‍ത്ഥിക്കുകയാണ്.
എല്ലാ നാല് വര്‍ഷവും അരങ്ങേറുന്ന ഈ ലോകോത്തര ഇവന്റ് ഞങ്ങള്‍ ആഘോഷിക്കട്ടെ. കട്ടൗട്ടുകള്‍ എടുത്തുമാറ്റി ആ സന്തോഷം ഇല്ലാതാക്കരുതെന്ന് പുള്ളാവൂര്‍ പഞ്ചായത്തിലെ ഉദ്യോഗസ്ഥരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.
ലോകം മുഴുവന്‍ വരാനിരിക്കുന്ന ലോകകപ്പിന്റെ ആഹ്ലാദത്തിലാണ്. ഈ കട്ടൗട്ടുകള്‍ കേരളത്തെ ലോക വാര്‍ത്ത ഭൂപടത്തില്‍ ഉള്‍പ്പെടുത്തി. അത് സ്ഥാപിച്ച ആരാധകര്‍ക്ക് നന്ദി,’ രഞ്ജിനി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.