Advertisement
Entertainment news
ആരെങ്കിലും മരിക്കുമ്പോള്‍ കരയുന്ന കഥാപാത്രമാണ് എപ്പോഴും കിട്ടുന്നത്; പത്ത് മാസമായി വീട്ടില്‍ വെറുതെയിരിക്കുകയാണ്: രമ്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 20, 04:44 pm
Monday, 20th March 2023, 10:14 pm

സൗബിന്‍ ഷാഹിറും മഞ്ജു വാര്യരും പ്രധാന കഥാപാത്രത്തിലെത്തുന്ന സിനിമയാണ് വെള്ളരി പട്ടണം. മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന സിനിമ മാര്‍ച്ച് 24ന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ കൃഷ്ണ ശങ്കര്‍, രമ്യ സുരേഷ്, ശബരീഷ് വര്‍മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ റിലീസിന് മുന്നോടിയായി നടത്തിയ പ്രസ് മീറ്റില്‍ സംസാരിക്കുകയാണ് രമ്യയിപ്പോള്‍.

രമ്യയുടെ കഥാപാത്രങ്ങള്‍ ടൈപ് കാസ്റ്റിങ്ങാണ് എന്ന തരത്തിലുള്ള വിവാദങ്ങള്‍ അടുത്തിടെ ഉയര്‍ന്നുവന്നിരുന്നു. ആ വിഷയത്തില്‍ പ്രതികരിക്കുകയാണ് താരം. വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് താല്‍പര്യമെന്നും എന്നാല്‍ തന്നെ തേടി അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ വരാറില്ലെന്നും രമ്യ പറഞ്ഞു. സെലക്ടീവായി സിനിമ ചെയ്യാന്‍ തീരുമാനിച്ചത് കൊണ്ട് കഴിഞ്ഞ പത്ത് മാസമായി വെറുതെയിരിക്കുകയാണെന്നും രമ്യ പറഞ്ഞു.

‘എനിക്കത് മോശമാണെന്ന് തോന്നുന്നില്ല. അയാള്‍ അയാളുടെ അഭിപ്രായം പറഞ്ഞു. നിഴല്‍ സിനിമ കണ്ടിട്ടാണ് എന്നെ വെള്ളരി പട്ടണത്തിലേക്ക് വിളിക്കുന്നത്. കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഞാന്‍ പ്രകാശന്‍, നിഴല്‍ എന്നിങ്ങനെയുള്ള മൂന്ന് സിനിമകള്‍ കണ്ടിട്ടാണ് എല്ലാവരും എന്നെ സമീപിക്കുന്നത്. കൊറോണ സമയത്താണ് കൂടുതല്‍ സിനിമകളും ചെയ്തത്.

കൊറോണ സമയത്ത് ആറ് മാസം വെറുതെ വീട്ടിലിരുന്നു. അതുകഴിഞ്ഞിട്ടാണ് സിനിമകള്‍ വന്നത്. അപ്പോള്‍ പിന്നെ കിട്ടുന്ന സിനിമകളെല്ലാം ചെയ്യുക എന്ന ഉദ്ദേശം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

എല്ലാ സിനിമയിലും ആരെങ്കിലും മരിക്കുമ്പോള്‍ കരയുന്ന കഥാപാത്രമാണ് ചെയ്യുന്നത്. ഈ സിനിമകളെല്ലാം ഒരുമിച്ചാണ് റിലീസ് ചെയ്തത്. ഇപ്പോള്‍ എനിക്ക് കരയാന്‍ പറ്റുന്നില്ല. പത്ത് മാസമായി ഒരു സിനിമ ചെയ്തിട്ട്. ഞാനിപ്പോള്‍ സെലക്ടീവാകാന്‍ തുടങ്ങി. അങ്ങനെ വന്നപ്പോള്‍ വീട്ടിലിരിക്കുകയാണ്.

പൊലീസ് കഥാപാത്രം ചെയ്യാനും കോമഡി ചെയ്യാനുമൊക്കെ എനിക്ക് ഇഷ്ടമാണ്. പക്ഷെ ഇതൊന്നും എന്നെ തേടി വരുന്നില്ല. ടൈപ്പ് കാസ്റ്റാകാന്‍ എനിക്കും താല്‍പര്യമില്ല. ഞാന്‍ ഇത്തരം അഭിപ്രായങ്ങളൊന്നും ശ്രദ്ധിക്കാറില്ല. ആ യൂട്യൂബര്‍ നടത്തിയ പരാമര്‍ശം കേട്ടപ്പോള്‍ എനിക്ക് വിഷമമൊന്നും തോന്നിയില്ല,’ രമ്യ പറഞ്ഞു.

content highlight: actress ramya suresh about type casting