| Sunday, 2nd April 2023, 8:09 pm

മലയാള സിനിമയില്‍ നിന്നും അവസരങ്ങള്‍ നഷ്ടപ്പെട്ടു, തളര്‍ന്നിരിക്കരുതെന്ന് അതിജീവിത എന്നുവിളിക്കുന്ന എന്റെ സുഹൃത്ത് പഠിപ്പിച്ചു: രമ്യ നമ്പീശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ കിട്ടാത്ത അവസ്ഥയുണ്ടായിട്ടുണ്ടെന്ന് നടി രമ്യ നമ്പീശന്‍. ഒരിക്കലും സിനിമ കിട്ടാത്തതിന്റെ പേരില്‍ താന്‍ കരഞ്ഞിട്ടില്ലെന്നും നിലപാടുകളില്‍ നിന്നും പിന്മാറിയിട്ടില്ലെന്നും രമ്യ പറഞ്ഞു.

വൈകാരികമായി സിനിമ കിട്ടാത്ത അവസ്ഥയെ കാണുന്നതിനേക്കാള്‍ അഭിമാനത്തോടെയാണ് കാണുന്നതെന്നും പ്രശ്‌നം വരുമ്പോള്‍ തളര്‍ന്നിരിക്കരുതെന്നാണ് എല്ലാവരും അതിജീവിതയെന്ന് വിളിക്കുന്ന സുഹൃത്ത് പഠിപ്പിച്ചിട്ടുള്ളതെന്നും രമ്യ നമ്പീശന്‍ പറഞ്ഞു.

”പല സാഹചര്യങ്ങള്‍കൊണ്ടും സിനിമയില്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിന് 24 മണിക്കൂറും വീട്ടിലിരുന്ന് കരയുന്നയാളല്ല ഞാന്‍. ചില സാഹചര്യങ്ങളില്‍ ചില നിലപാടുകള്‍ എടുക്കുമ്പോള്‍ നമ്മുടെ ഇന്‍ഡസ്ട്രിക്ക് ഒരു പ്രത്യേക സ്വഭാവമുള്ളതുകൊണ്ടും പല കാര്യങ്ങളും നഷ്ടപ്പെടാം.

അതിനെ വൈകാരികമായി കാണുന്നതിനേക്കാള്‍ കൂടുതല്‍ വളരെ അഭിമാനത്തോടെയാണ് ഞാന്‍ കാണുന്നത്. പ്രശ്നം വരുമ്പോള്‍ തളര്‍ന്നിരിക്കരുതെന്ന് നമ്മള്‍ അതിജീവിത എന്നുവിളിക്കുന്ന എന്റെ സുഹൃത്ത് പഠിപ്പിച്ച കാര്യമാണ്.

പ്രശ്‌നങ്ങളെ ധൈര്യത്തോടെ നേരിടുക. ഇവിടെ പിടിച്ചു നില്‍ക്കുക. ജോലി ചെയ്യുക എന്ന് തന്നെയാണ്. നമ്മുടെ നിലപാടുകള്‍ വച്ച് കാര്യങ്ങള്‍ ചെയ്യുക. ചില കാര്യങ്ങള്‍ കൂട്ടായി നിന്ന് ഉച്ചത്തില്‍ സംസാരിക്കുമ്പോഴാണ് കേള്‍ക്കുന്നത്.

പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണ് കളക്റ്റീവ് പോലുള്ള സംരംഭം തുടങ്ങിയതും സംസാരിക്കുന്നതും. എല്ലാവര്‍ക്കും തുല്യ പരിഗണ ലഭിക്കുന്ന ഇന്‍സ്ട്രിയായി മലയാളം മാറട്ടെ. അതാണ് ഞങ്ങളുടെ ആഗ്രഹവും.

എന്നെ സംബന്ധിച്ചടത്തോളം വേറൊരു ഇന്‍ഡസ്ട്രിയില്‍ കൂടി ജോലി ചെയ്തതുകൊണ്ട് അവിടെ അവസരം കിട്ടി. വെറുതെയിരുന്നില്ല, സിനിമ ചെയ്യാന്‍ സാധിച്ചു. പല കാരണങ്ങള്‍കൊണ്ടും മലയാള സിനിമയില്‍ നിന്ന് അവഗണിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ട്.

കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പും കെ.എസ്.എഫ്.ഡി.സിയും ചേര്‍ന്ന് നിര്‍മിക്കുന്ന ബി 32 മുതല്‍ 44 വരെ എന്ന ചിത്രമാണ് രമ്യയുടെ പുതിയ സിനിമ. സംവിധായിക ശ്രുതി ശരണ്യയാണ് ശ്രുതി ശരണ്യചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

രമ്യ നമ്പീശനൊപ്പം അനാര്‍ക്കലി മരയ്ക്കാര്‍, സെറിന്‍ ഷിഹാബ്, അശ്വതി. ബി, നവഗതയായ റെയ്‌ന രാധാകൃഷ്ണന്‍ എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

CONTENT HIGHLIGHT: ACTRESS RAMYA NABEESAN ABOUT MALAYALAM CINEMA INDUSTRY

We use cookies to give you the best possible experience. Learn more