|

മലയാളത്തിലൂടെ ഒരു തിരിച്ചുവരവ് എന്റെ ആഗ്രഹമാണ്, ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്യണം: രംഭ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിലേക്ക് വീണ്ടും മടങ്ങുയെത്തുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് രംഭ. സിനിമയിലേക്ക് ഇനി ഇല്ല എന്നൊരു തീരുമാനം താന്‍ എടുത്തിട്ടില്ലെന്നും മികച്ച വേഷങ്ങള്‍ വന്നാല്‍ അഭിനയിക്കുമെന്നും രംഭ പറയുന്നു. മലയാളത്തിലൂടെ തിരിച്ച് വരവ് തന്റെ ആഗ്രഹമാണെന്നും മോഹന്‍ലാലിന്റെ കൂടെ ഒരു സിനിമ ചെയ്യണമെന്നും രംഭ പറഞ്ഞു.

ജീവിതത്തിലെ ഭാര്യയുടെയും അമ്മയുടെയും റോള്‍ താനിപ്പോള്‍ നന്നായി ആസ്വദിക്കുന്നുണ്ടെന്നും ഉത്തരവാദിത്തങ്ങള്‍ കൂടുതല്‍ ആണെന്നും രംഭ കൂട്ടിച്ചേര്‍ത്തു. വിവാഹം കഴിഞ്ഞ് കുട്ടികളുമായി ജീവിക്കുന്നവര്‍ മുമ്പ് സെറ്റിലെത്താന്‍ വൈകുന്നത് തന്നെ ചൊടിപ്പിച്ചിരുന്നുവെന്നും എന്നാല്‍ വീട്ടിലെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കി ജോലിക്കിറങ്ങുന്ന സ്ത്രീകളുടെ പ്രയാസം ഇപ്പോള്‍ തനിക്കറിയാമെന്നും രംഭ പറഞ്ഞു.

‘അടുത്ത സുഹൃത്തുകളും പരിചയക്കാരുമെല്ലാം സിനിമയിലേക്കുള്ള രണ്ടാംവരവ് എപ്പോഴാണെന്ന് നിരന്തരം ചോദിക്കുന്നുണ്ട്. സിനിമയിലേക്ക് ഇനിയില്ല എന്നൊരു തീരുമാനമൊന്നും ഞാന്‍ എടുത്തിട്ടില്ല. മികച്ച വേഷങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കും. കുടുംബത്തിന്റെ പരിപൂര്‍ണ പിന്തുണ എനിക്കുണ്ട്. മലയാളത്തിലൂടെ ഒരു തിരിച്ചുവരവ് എന്റെ ആഗ്രഹമാണ്. ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്യണം.

ജീവിതത്തിലെ ഭാര്യയുടെയും അമ്മയുടെയും റോള്‍ ഞാനിപ്പോള്‍ നന്നായി ആസ്വദിക്കുന്നുണ്ട്. ഉത്തരവാദിത്വങ്ങള്‍ കൂടുതലാണ്. വിവാഹം കഴിഞ്ഞ് കുട്ടികളുമായി ജീവിക്കുന്നവര്‍ മുമ്പ് സെറ്റിലെത്താന്‍ വൈകുന്നത് എന്നെ ചൊടിപ്പിച്ചിരുന്നു. ഇവര്‍ക്കൊക്കെ ഒന്ന് സമയത്ത് വന്നാലെന്തായെന്ന് ഞാനന്ന് ചിന്തിച്ചു.

പക്ഷേ, ഇന്നെനിക്കറിയാം വീട്ടിലെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കി ജോലിക്കിറങ്ങുന്ന സ്ത്രീകളുടെ പ്രയാസം. വീട്ടില്‍ എത്ര ജോലിക്കാര്‍ ഉണ്ടായിരുന്നാലും ജോലിക്കായി പോകും മുമ്പ് നമ്മള്‍ തന്നെ ചെയ്ത് തീര്‍ക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഭാര്യയും അമ്മയും ആകുന്നതിന് മുമ്പ് ഉത്തരവാദിത്വങ്ങള്‍ കുറവായിരുന്നു. കളിച്ചുനടക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.

നമ്മുടെ കടമകള്‍ ചെയ്ത് കഴിഞ്ഞ് ജോലിക്കിറങ്ങുന്നതില്‍ ഒരാനന്ദം ഉണ്ട്. വിവാഹം കഴിഞ്ഞ് കുട്ടികളൊക്കെ ആയിട്ടും സിനിമയിലഭിനയിക്കുന്ന ഒരുപാട് നടിമാരുണ്ട് നമുക്കിടയില്‍, ഇപ്പോള്‍ അവരുടെ കഠിനാദ്ധ്വാനം ഞാന്‍ തിരിച്ചറിയുന്നു. എനിക്കവരോട് വലിയ ബഹുമാനമാണ്,’ രംഭ പറയുന്നു.

Content highlight: Actress Rambha says she likes to act a movie with Mohanlal

Video Stories