Entertainment news
ശരിക്കും എനിക്ക് ചാക്കോച്ചനോട് ക്രഷ് ആയിരുന്നു; പക്ഷെ എന്റെ ബോയ് ഫ്രണ്ട് അവനാണ്: രജിഷ വിജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 03, 06:04 am
Friday, 3rd March 2023, 11:34 am

കുഞ്ചാക്കോ ബോബനും രജിഷ വിജയനും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന സിനിമയാണ് പകലും പാതിരാവും. രജിഷ ആദ്യമായി കുഞ്ചാക്കോ ബോബന്റെ കൂടെ അഭിനയിക്കുന്ന സിനിമയാണത്. താരത്തിനൊപ്പം അഭിനയിച്ചപ്പോഴുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് രജിഷയിപ്പോള്‍.

ചെറുപ്പത്തില്‍ കുഞ്ചാക്കോ ബോബനോട് തനിക്ക് ഭയങ്കര ക്രഷായിരുന്നുവെന്നും നിറമാണ് താന്‍ ആദ്യമായി കണ്ട സിനിമയെന്നും രജിഷ പറഞ്ഞു. അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞതിലും കൂടെ അഭിനയിക്കാന്‍ സാധിച്ചതിലും സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. ചാക്കോച്ചന്റെ മകന്‍ സെറ്റില്‍ വരുമ്പോള്‍ തന്റെ ബോയ് ഫ്രണ്ടാണെന്നാണ് പറയുന്നതെന്നും റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ രജിഷ പറഞ്ഞു.

‘ചെറുപ്പത്തില്‍ എനിക്ക് ചാക്കോച്ചനോട് ഭയങ്കര ക്രഷായിരുന്നു. അന്ന് ഞാന്‍ വളരെ ചെറിയ കുട്ടിയായിരുന്നു. സ്‌കൂളിലൊക്കെ പഠിക്കുമ്പോഴായിരുന്നു ചാക്കോച്ചനോട് ക്രഷ് തോന്നിയത്. അനിയത്തിപ്രാവായിരുന്നില്ല നിറമായിരുന്നു ഞാന്‍ ആദ്യം കണ്ട ചാക്കോച്ചന്റെ സിനിമ.

ഞാന്‍ മൂന്നാം ക്ലാസിലാണെന്ന് തോന്നുന്നു പഠിക്കുന്നത്. നിറത്തിലെ മിഴിയറിയാതെ എന്നുള്ള പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ആ പാട്ടിലൊക്കെ പുള്ളിയെ കാണാന്‍ എന്ത് ഭംഗിയാണ്. ശരിക്കും എനിക്ക് ഭയങ്കര ഒരു ആരാധന തോന്നിയ അഭിനേതാവാണ് അദ്ദേഹം.

ആദ്യമായിട്ട് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞതിലും കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതിലുമൊക്കെ ഒരുപാട് സന്തോഷമുണ്ട്. സെറ്റില്‍ പ്രിയ ചേച്ചിയും മോനും വരുമായിരുന്നു. അവന്‍ എന്റെ ബോയ് ഫ്രണ്ടാണെന്നാണ് ഞാന്‍ പറയുന്നത്. ഒരു മനുഷ്യനെന്ന നിലയില്‍ ഭയങ്കര പാവമായിട്ടുള്ള ഒരാളാണ് ചാക്കോച്ചന്‍,’ രജിഷ വിജയന്‍ പറഞ്ഞു.

content highlight: actress rajisha vijayan share her experience with kunchacko boban