| Saturday, 4th March 2023, 11:02 am

ടിക്കറ്റെടുക്കാന്‍ 20 രൂപ പോലുമില്ലാതെ മെട്രോയില്‍ നിന്ന് ഇറങ്ങാന്‍ നിന്നിട്ടുണ്ട്, അന്ന് സഹായിച്ചത് അപരിചിതനായ മനുഷ്യനാണ്: രജിഷ വിജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്റെ ജീവിതത്തിലുണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് നടി രജിഷ വിജയന്‍. ദല്‍ഹിയില്‍ നിന്നും എമര്‍ജന്‍സി ഫ്‌ലൈറ്റില്‍ നാട്ടിലേക്ക് വരാന്‍ നിന്നപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചാണ് താരം പറഞ്ഞത്.

തന്റെ കയ്യില്‍ പൈസയുണ്ടായിരുന്നില്ലെന്നും കാര്‍ഡ് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും രജിഷ പറഞ്ഞു. അന്ന് ടിക്കറ്റെടുക്കാന്‍ തന്നെ സഹായിച്ചത് അപരിചിതനായ ഒരു മനുഷ്യനാണെന്നും ഇരുപത് രൂപയുടെ വില താന്‍ തിരിച്ചറിഞ്ഞത് അന്നാണെന്നും അവര്‍ പറഞ്ഞു. പരിചയമില്ലാത്ത മനുഷ്യര്‍ പോലും നമ്മുടെ ജീവിതത്തില്‍ രക്ഷകരായെത്തുമെന്നും റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ രജിഷ കൂട്ടിച്ചേര്‍ത്തു.

‘ഒരു ദിവസം ഞാന്‍ ദല്‍ഹി എയര്‍പോട്ടിലേക്ക് പോകാന്‍ വേണ്ടി മെട്രോയില്‍ കയറി. ഞാന്‍ ആങ്കറിങ് ചെയ്യുന്ന സമയമായിരുന്നു അത്. നാട്ടിലേക്ക് പോകാന്‍ വേണ്ടിനില്‍ക്കുകയായിരുന്നു. എമര്‍ജന്‍സി ഫ്‌ലൈറ്റായിരുന്നു. മെട്രോയിലാണെങ്കില്‍ നമ്മള്‍ വേഗം അവിടെയെത്തും. എന്റെ കഷ്ടകാലത്തിനാണെങ്കില്‍ കയ്യില്‍ കാര്‍ഡ് മാത്രമേ ഉണ്ടായിരുന്നുള്ളു പൈസയൊന്നും ഇല്ലായിരുന്നു.

അതാണെങ്കില്‍ അവരുടെ മെഷീന്‍ എന്തോ പ്രശ്‌നം പറ്റി കാര്‍ഡ് വര്‍ക്കായില്ല. പക്ഷെ അതില്‍ കയറിയില്ലെങ്കില്‍ ദല്‍ഹിയിലെ ട്രാഫിക്കില്‍ എനിക്കൊരിക്കലും എയര്‍പോട്ടില്‍ എത്താന്‍ കഴിയില്ല. അപ്പോഴാണ് എന്റെ തൊട്ട് പുറകില്‍ നിന്ന ആള്‍ പറയുന്നത് ഞാന്‍ ടിക്കറ്റിന്റെ പൈസ കൊടുക്കാമെന്ന്. ഇരുപതോ മുപ്പതോ അങ്ങനെ ചെറിയ തുകയാണ്. പക്ഷെ അപ്പോഴാണ് ഇരുപത് രൂപക്കൊക്കെ അത്രയും വിലയുണ്ടെന്ന് മനസിലാക്കുന്നത്.

അവിടെയാണെങ്കില്‍ ഒരു എ.ടി.എം പോലും ഉണ്ടായിരുന്നില്ല. പിന്നെ പുള്ളി പെട്ടെന്ന് പൈസയൊക്കെ എടുത്ത് കൊടുത്തു. അതാണ് ഞാന്‍ പറയുന്നത് നമുക്ക് ഒരു പരിചയവുമില്ലാത്ത മനുഷ്യര്‍ രക്ഷകന്മാരെ പോലെ വരുന്ന നിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകും,’ രജിഷ പറഞ്ഞു.

content highlight: actress rajisha vijayan share her experience

We use cookies to give you the best possible experience. Learn more