| Friday, 24th February 2023, 10:14 pm

ഉര്‍വശിയും ശോഭനയുമൊക്കെ ചെറിയ പ്രായത്തിലും അത്തരം റോളുകള്‍ ചെയ്യും, അനിഘക്ക് അതൊന്നും ചെയ്യാന്‍ കഴിയില്ല: രജിഷ വിജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പഴയ തലമുറയിലെ നടിമാരൊക്കെ ചെറിയ പ്രായത്തില്‍ തന്നെ ഭാര്യയായും അമ്മയായുമൊക്കെ അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ ഈ തലമുറയില്‍പ്പെട്ടവര്‍ക്ക് അതിന് കഴിയില്ലെന്നും നടി രജിഷ വിജയന്‍. പ്രായമില്ലെങ്കിലും പഴയ തലമുറയില്‍ പെട്ടവര്‍ക്ക് പക്വത തോന്നിക്കുമായിരുന്നു എന്നും എന്നാല്‍ ഇന്ന് അങ്ങനെയല്ലെന്നും താരം പറഞ്ഞു.

നടി അനിഘ സുരേന്ദ്രന് 27 വയസുള്ള ഒരാളായിട്ടൊക്കെ അഭിനയിക്കാന്‍ താലപര്യമുണ്ടോ എന്ന് അവതാരകന്‍ ചോദിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ രജിഷ പറഞ്ഞത്. 27 വയസുള്ള ഒരാളായി അനിഘ അഭിനയിച്ചാല്‍ അളുകള്‍ വിശ്വസിക്കില്ലെന്നും മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ രജിഷ പറഞ്ഞു.

‘അന്നത്തെ നടിമാരൊക്കെ ചെറിയ പ്രായത്തില്‍ തന്നെ ഭാര്യയായും മറ്റും അഭിനയിച്ചിട്ടുണ്ട്. ഉര്‍വശി മാമാണെങ്കിലും ശോഭന മാമാണെങ്കിലും, ആ കലഘട്ടത്തില്‍ വന്ന മറ്റ് നടിമാരാണെങ്കിലും പതിനഞ്ച് പതിനാറ് വയസില്‍ ഭാര്യയായും അമ്മയായുമൊക്കെ അഭിനയിച്ചിട്ടുണ്ട്.

പക്ഷെ മൊത്തത്തില്‍ നമ്മുടെ ഈ തലമുറയെ നോക്കുകയാണെങ്കില്‍ ഫിസിക്കലി പക്വതയുണ്ടാകുന്നത് വളരെ പതുക്കെയാണ്. എന്നാല്‍ നമ്മുടെ മാതാപിതാക്കളുടെയൊക്കെ തലമുറ അങ്ങനെയല്ല. ഇപ്പോള്‍ മുപ്പത് വയസുള്ളവരെ കണ്ടാല്‍ 20 വയസാണെന്ന് പറയും 20 വയസുള്ളവരെ കണ്ടാല്‍ കൗമാരക്കാരാണെന്ന് പറയും.

പഴയ തലമുറയും ഈ തലമുറയും ലുക്കില്‍ ഒരുപാട് വ്യത്യാസമുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അതുപോലെയുള്ള കഥാപാത്രങ്ങള്‍ അവര്‍ ചെയ്‌തെങ്കില്‍ ലുക്ക് കൊണ്ട് കഥാപാത്രത്തെ പുള്‍ഓഫ് ചെയ്യാന്‍ കഴിയുന്നതുകൊണ്ടാണ്.

എനിക്ക് തോന്നുന്നു അനിഘയെ പോലെയൊരു കുട്ടിക്ക് 27 വയസുള്ള ഒരാളായി അഭിനയിക്കാന്‍ പറ്റില്ലെന്ന്.അങ്ങനെ അഭിനയിച്ചാല്‍ ആളുകള്‍ക്ക് വിശ്വസിക്കുവാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കണ്ടാല്‍ നമുക്ക് കൂടിയത് തോന്നണമല്ലോ. യഥാര്‍ത്ഥ പ്രായത്തേക്കാള്‍ കൂടുതല്‍ പ്രായം തോന്നിക്കുന്ന ഒരാളാണെങ്കില്‍ കുഴപ്പമില്ല. ലുക്ക് വെച്ച് നോക്കുമ്പോള്‍ അത്തരം ഒരു കഥാപാത്രം ചെയ്യാന്‍ അനിഘക്ക് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല,’ രജിഷ വിജയന്‍ പറഞ്ഞു.

content highlight: actress rajisha vijayan about shobhana and urvashi

We use cookies to give you the best possible experience. Learn more