മലയാള സിനിമയില്‍ ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നായികയായി മാറിയ താരമാണ് രജിഷ വിജയന്‍. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ മധുര മനോഹര മോഹം എന്ന ചിത്രത്തിലെ മീര എന്ന കഥാപാത്രമുള്‍പ്പെടെ മികച്ച വേഷങ്ങള്‍ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ സിനിമയിലെ കഥാപാത്രങ്ങളിലും വ്യത്യസ്ത കൊണ്ടുവരാനും താരം ശ്രമിക്കാറുണ്ട്.
രജിഷയുടെ ഏറെ പ്രേക്ഷക പ്രശംസ നേടിയ ഒരു കഥാപാത്രമാണ് മധുര മനോഹര മോഹത്തിലെ മീര. സുഹൃത്ത് കൂടിയായ സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്ത മധുര മനോഹര മോഹത്തിലേക്ക് തന്നെ ആകര്‍ഷിച്ച ചില ഘടകളെ കുറിച്ച് സംസാരിക്കുകയാണ് രജിഷ വിജയന്‍. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിക്കുന്നത്.
‘ഇതുവരെ ഞാന്‍ ചെയ്യാത്ത രീതിയിലുള്ള ഒരു കഥാപാത്രമായിരുന്നു അത്. പത്തനംതിട്ടയിലെ ഒരു സാങ്കല്‍പ്പിക ഗ്രാമത്തില്‍ താമസിക്കുന്ന അമ്മയും മൂന്ന് മക്കളും ചേര്‍ന്ന ഒരു കുടുംബം. നാട്ടുഭംഗിയും കുടുംബവിശേഷങ്ങളും ചേര്‍ന്ന ചിത്രത്തിലേക്ക് എന്നെ ആകര്‍ഷിച്ചത് സസ്‌പെന്‍സ് തന്നെയായിരുന്നു.
പിന്നെ ഹ്യൂമറുള്ള കഥാപാത്രങ്ങളോടും ചിത്രങ്ങളോടും എനിക്കിത്തിരി സോഫ്റ്റ് കോര്‍ണറുണ്ട്. മധുര മനോഹര മോഹത്തിലെ മീര അത്തരത്തിലൊരാളാണ്.
വിജയരാഘവന്‍, ബിന്ദു പണിക്കര്‍, എന്നിവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവുമുണ്ട്. കുട്ടിക്കാലം മുതല്‍ ഞാന്‍ ആരാധിക്കുന്ന സിനിമാ താരമാണ് ബിന്ദു പണിക്കര്‍. ആദ്യമായി അവരെ കണ്ടപ്പോള്‍ ഒരുപാട് കാലത്തെ പരിചയമുണ്ടെന്ന് എനിക്ക് തോന്നി. ബിന്ദുമ്മ എന്നാണ് ഞാന്‍ വിളിക്കുന്നത്. അതുപോലെ വിജയരാഘവനങ്കിളും ഫ്രണ്ട്‌ലിയായിരുന്നു. ഓഫ് സ്‌ക്രീനില്‍ ഞങ്ങള്‍ തീര്‍ത്ത സ്‌നേഹ ബന്ധത്തിന്റെ കെമിസ്ട്രി ഓണ്‍ സ്‌ക്രീനിലും നന്നായി വന്നിട്ടുണ്ട്.
പിന്നെ പുരുഷ സംവിധായകര്‍ അടക്കിവാഴുന്ന മലയാള സിനിമാ ഇന്‍ഡസ്ട്രിയിലേക്ക് നൂറോളം സിനിമകളില്‍ വസ്ത്രാലങ്കാരം നിര്‍വഹിച്ച സ്‌റ്റെഫി സേവര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. എനിക്കും സ്‌റ്റെഫിക്കും ഒരേ വര്‍ഷമാണ് സംസ്ഥാന അവാര്‍ഡ് കിട്ടിയത്. അന്ന് തുടങ്ങിയ സൗഹൃദം ഞങ്ങള്‍ക്കിടയിലുണ്ട്.
മധുര മനോഹര മോഹത്തിന്റെ കഥ തിരക്കഥാകൃത്തുക്കള്‍ വന്ന് പറഞ്ഞപ്പോള്‍ ഈ സിനിമ സ്‌റ്റെഫിയാണ് സംവിധാനം ചെയ്യാന്‍ പോകുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നെ സ്റ്റെഫി കഥ പറയുന്നത് കേള്‍ക്കാന്‍ രസമാണ്. നമുക്ക് അത് വിഷ്വലൈസ് ചെയ്യാന്‍ കഴിയും,’ രജിഷ പറഞ്ഞു.
Content Highlight: Actress Rajisha Vijayan about Madhura Manohara Moham Movie