Malayalam Cinema
നായികാപ്രധാന്യമുള്ള സിനിമ ചെയ്യണം എന്ന ഒരു പിടിവാശിയും ഇല്ല: രജിഷ വിജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Apr 12, 09:27 am
Monday, 12th April 2021, 2:57 pm

കര്‍ണന്‍ എന്ന ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് നടി രജിഷ വിജയന്‍. ജൂണ്‍ കണ്ടിട്ടാണ് തന്നെ കര്‍ണനിലേക്ക് മാരി ശെല്‍വരാജ് വിളിക്കുന്നതെന്നും അദ്ദേഹത്തെ കണ്ട് കഥ കേട്ടപ്പോള്‍ അധികം ചിന്തിക്കാനുണ്ടായിരുന്നില്ലെന്നും മാതൃഭൂമി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ രജിഷ പറയുന്നു.

മാരി ശെല്‍വരാജ്- ധനുഷ് കോംബോ തന്നെ ആരെയും ആകര്‍ഷിക്കുന്നതാണെന്നും വളരെ മികച്ചൊരു ഷൂട്ടിങ് അനുഭവമായിരുന്നും കര്‍ണന്റേതെന്നും രജിഷ പറയുന്നു. അന്യഭാഷയായത് കൊണ്ട് തന്നെ ആദ്യമായി അഭിനയിക്കുന്നതിന്റെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്നാലും നന്നായി ചെയ്യാന്‍ പറ്റി എന്നാണ് വിശ്വാസം.

കര്‍ണന് പിന്നാലെ വേറെയും തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്. അതിനാല്‍ ഇപ്പോള്‍ തമിഴ് ഭാഷ പഠിക്കുന്നുണ്ട്. ഭാഷയെ അറിഞ്ഞ് അഭിനയിച്ചാല്‍ അതുഗുണം ചെയ്യുമെന്നാണ് കരുതുന്നതെന്നും താരം പറയുന്നു.

പല കഥകളുമായി ഒരുപാട് പേര്‍ സമീപിക്കുമ്പോള്‍ അതില്‍ ഏറ്റവും നല്ലതെന്ന് തോന്നുന്നവയാണ് താന്‍ തെരഞ്ഞെടുക്കുന്നതെന്നും നായികപ്രധാന്യമുള്ള സിനിമ ചെയ്യണം എന്നൊരു പിടിവാശിയൊന്നും തനിക്കില്ലെന്നും അഭിമുഖത്തില്‍ രജിഷ പറയുന്നുണ്ട്.

നല്ല തിരക്കഥകളുമായി ഒരുപാട് പേര്‍ വരാറുണ്ട്,  പക്ഷേ പലതിലും ഞാന്‍ ചെയ്തതിന് സമാന കഥാപാത്രങ്ങളുണ്ടാകും. ഉദാഹരണത്തിന് ജൂണ്‍ ചെയ്തതിന് പിന്നാലെ അതിന് സമാനമായ ഒരുപാട് കഥകള്‍ വന്നു. നമ്മളെ തന്നെ വീണ്ടും ആവര്‍ത്തിക്കേണ്ട ആവശ്യമില്ലാത്തത് കൊണ്ട് അത്തരം സിനിമകളോട് നോ പറഞ്ഞു.

അങ്ങനെ സിനിമകള്‍ തെരഞ്ഞെടുക്കാന്‍ പറ്റുന്നു എന്നത് ഭാഗ്യമായാണ് കാണുന്നത്. ഓരോ സിനിമയും എന്റെ ശരിയായ തെരഞ്ഞെടുപ്പുകള്‍ തന്നെയാണ്. പിന്നെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി അത്യാവശ്യം ഹോം വര്‍ക്ക് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. ഒരു സിനിമ ചെയ്യാന്‍ വാക്കുകൊടുത്താല്‍ ആ കഥാപാത്രത്തിന് ആവശ്യമായ എന്തും ചെയ്യാന്‍ തയ്യാറാണെന്നും രജിഷ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Rajisha Vijayan About Karnan