Entertainment news
ശരിക്കും അതെനിക്കൊരു ഷോക്കായിരുന്നു; മോളെ പേര് മാറിപ്പോയതായിരിക്കുമെന്നാണ് അമ്മ പറഞ്ഞത്: രജിഷ വിജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 19, 12:43 pm
Sunday, 19th March 2023, 6:13 pm

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍വെള്ളം എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്നുവന്ന താരമാണ് രജിഷ വിജയന്‍. അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും താരത്തിന് ലഭിച്ചിരുന്നു. ആ പുരസ്‌കാരം തനിക്കൊരു ഉത്തരവാദിത്തമാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് രജിഷ.

ഒട്ടും പ്രതീക്ഷിക്കാതെയാണ് അത്തരമൊരു പുരസ്‌കാരം തനിക്ക് ലഭിക്കുന്നതെന്നും അത് വലിയൊരു ഷോക്കായിരുന്നെന്നും താരം പറഞ്ഞു. തനിക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ തന്റെ അമ്മപോലും വിശ്വസിച്ചില്ലെന്നും രജിഷ പറഞ്ഞു. അന്ന് ലഭിച്ച പുരസ്‌കാരം തനിക്കൊരു സിഗ്നലായിരുന്നുവെന്നും അതിനെയൊരു ഉത്തരവാദിത്തമായി കാണുന്നില്ലെന്നും 24ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ രജിഷ കൂട്ടിച്ചേര്‍ത്തു.

‘അന്ന് അവാര്‍ഡ് കിട്ടിയപ്പോള്‍ തന്നെ എനിക്ക് ഷോക്കായിരുന്നു. എന്റെ അമ്മ തന്നെ എന്നോട് ചോദിച്ചു മോളെ പേര് മാറിപോയതാണോ എന്ന് നോക്കാന്‍. കാരണം ഞാനത് പ്രതീക്ഷിച്ചിരുന്ന് പോലുമില്ല. ഒരു രീതിയിലുമുള്ള പുരസ്‌കാരങ്ങള്‍ പ്രതീക്ഷിച്ചല്ലല്ലോ നമ്മള്‍ ആദ്യത്തെ സിനിമ ചെയ്യുന്നത്. പിന്നെ അനുരാഗ കരിക്കിന്‍വെള്ളം ഒരു കൊമേര്‍ഷ്യല്‍ സിനിമയാണ്.

ഞാന്‍ ചെയ്തത് ഒരു ആര്‍ട്ട് സിനിമയാണെങ്കില്‍ പിന്നെയും കുഴപ്പമില്ല. ജൂറിക്ക് നമ്മള്‍ ഈ സിനിമ അയച്ചാല്‍ മാത്രമെ പരിഗണിക്കപ്പെടുകയുള്ളു. അവര്‍ അവാര്‍ഡിന് അയച്ചത് പോലും ഞാന്‍ അറിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ എനിക്കത് വലിയ ഷോക്കായിരുന്നു. പിന്നെ എനിക്കതൊരു സിഗ്നലായിരുന്നു. അതായത് ഞാന്‍ തെരഞ്ഞെടുത്ത മേഖല എനിക്ക് സ്യൂട്ട് ചെയ്യുന്നതാണെന്ന് അപ്പോള്‍ മനസിലായി.

അതിനെയൊരു സിഗ്നലായി മാത്രമെ ഞാന്‍ കണ്ടിട്ടുള്ളു. അല്ലാതെ വലിയൊരു ഉത്തരാവാദിത്തമായിട്ടൊക്കെ കാണാന്‍ നിന്നാല്‍, ആ ഭാരത്തില്‍ നമ്മള്‍ ഉറപ്പായും മുങ്ങിപ്പോകും. അവാര്‍ഡുകളെ വെറും അഭിന്ദനമായി മാത്രം കണ്ടാല്‍ മതി. എന്തിനെയും നമ്മള്‍ ഓവര്‍ റെസ്‌പോണ്‍സിബിലിറ്റിയായി ഏറ്റെടുക്കുമ്പോളാണ് പ്രശ്‌നം. അതുകൊണ്ട് തന്നെ അവാര്‍ഡിനെ ഉത്തരവാദിത്തമായിട്ടൊന്നും ഞാന്‍ കണ്ടിട്ടില്ല,’ രജിഷ വിജയന്‍ പറഞ്ഞു.

ആസിഫ്, അലി, ബിജു മേനോന്‍, ആശ ശരത്ത്, മണിയന്‍പിള്ള രാജു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എലിസബത്ത് എന്ന നായിക കഥാപാത്രമായാണ് രജിഷ സിനിമയില്‍ വേഷമിട്ടത്.

content highlight: actress rajisha vijayan about her first movie